ഇഷ്ടമുള്ള കളിപ്പാട്ടങ്ങളെല്ലാം അച്ഛന്‍ കൊണ്ടുവരുമെന്ന് ആ ഒന്നാംക്ലാസുകാരിയും ഒന്നരവയസുകാരിയും അയല്‍ക്കാരോടെല്ലാം പറഞ്ഞിരുന്നു. നാട്ടുകാര്‍ക്ക് കുഞ്ഞുചേച്ചിയുടെ തോളിലിരിക്കുന്ന കുഞ്ഞനുജത്തി ഒരു പതിവുകാഴ്ച്ചയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി ആദിനാട് വടക്ക് വാടക വീട്ടിൽ തീകൊളുത്തി ജീവനൊടുക്കിയ താര ജി. കൃഷ്ണന്റെയും മക്കളായ അനാമികയുടെയും ആത്മികയുടെയും ദുരന്തത്തിൽ നീറലോടെ കഴിയുകയാണ് നാട്. മൂത്ത കുട്ടി ഒന്നാം ക്ലാസുകാരി അനാമിക ഒന്നര വയസ്സുള്ള ഇളയ കുട്ടിയെ തോളിലേറ്റിയാണു കളിപ്പിക്കുന്നത്. മിക്കപ്പോഴും ചേച്ചിയുടെ കൈയിൽ അനുജത്തി കാണും. സ്കൂളിൽ നിന്നെത്തിയാൽ ഇവർ രണ്ടുപേരും മതിൽകെട്ടിനുള്ളിൽ ഒരുമിച്ചു കളിക്കുന്നത് അയൽവാസികൾക്കു പതിവു കാഴ്ചയായിരുന്നു.
ഒന്നര വർഷമായി ആദിനാട് കൊച്ചു മാംമൂട് ജംക്‌ഷന് സമീപമുള്ള വാടക വീട്ടിലാണ് അമ്മയും മക്കളും താമസിക്കുന്നത്. വലിയ ബഹളങ്ങളോ പ്രശ്നങ്ങളോ ഒന്നും ഇതുവരെ കേട്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിലൂടെ പോകുന്ന മിക്ക അയൽക്കാരുമായും കുട്ടികൾ സൗഹൃദത്തിലായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പിതാവ് ഗിരീഷ് ആനന്ദൻ നാട്ടിലെത്തുന്ന വിവരം കുട്ടികൾ അയൽക്കാരോട് പറയുമായിരുന്നു.
വാടക വീട് ഒരു വർഷത്തേക്കു കൂടി വേണമെന്ന് കുടുംബം വീട്ടുടമസ്ഥനോട് ആവശ്യപ്പെട്ടിരുന്നു. ഗിരീഷ് വന്ന ശേഷം വീടിന്റെ വാടക കരാർ പുതുക്കാനിരിക്കുകയായിരുന്നു. ഗിരീഷ് അവധിക്ക് നാട്ടിലെത്തുമ്പോൾ കുടുംബ വീട്ടിലേക്ക് താമസം മാറ്റുകയോ, മറ്റൊരു വീട് നിർമിച്ച് താമസിക്കാനോ ആയിരുന്നു മോഹം. അതിനിടെയാണ് സംഭവം.
കുടുംബ ഓഹരി പ്രശ്നമാണു മരണകാരണമെന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ ആത്മഹത്യക്കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്നെ ഇവരുടെ പ്രശ്നത്തിൽ കരുനാഗപ്പള്ളി പൊലീസ് രണ്ട് തവണ ഇടപെട്ടിരുന്നു. കുവൈത്തിൽ ജോലി നോക്കുന്ന ഗിരീഷ് ഇന്നു നാട്ടിലെത്താനിരിക്കെയാണ് ആത്മഹത്യ.
മക്കളോടൊപ്പം വീട്ടിലുണ്ടായിരുന്ന താര ജി.കൃഷ്ണയുടെ പിതാവ് ഗോപാലകൃഷ്ണൻ സമീപത്തെ കടയിൽ ചായ കുടിക്കാൻ പോയ സമയത്താണു വീടിന്റെ കിടപ്പു മുറിയിൽ മക്കളെയും കൂട്ടി താര മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. വീട്ടിൽ നിന്ന് നിലവിളിയും പുകയും ഉയർന്നതോടെ നാട്ടുകാർ കിടപ്പു മുറിയുടെ കതക് തകർത്ത് അകത്തു കയറി മൂന്നുപേരെയും പുറത്തെത്തിക്കുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തിയാണു മുറിയിലെ തീ പൂർണമായി അണച്ചത്. പൊലീസിനു ലഭിച്ച ആത്മഹത്യക്കുറിപ്പിൽ ഭർത്താവിന്റെ കുടുംബ ഓഹരി പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും സൂചിപ്പിച്ചിട്ടുണ്ട്.