മഴക്കാലത്ത് സൗന്ദര്യസംരക്ഷണം ഏറെ ബുദ്ധിമുട്ടുളള കാര്യമാണ്. പ്രത്യേകിച്ച് നമ്മുടെ കാൽപാദങ്ങൾ എപ്പോഴും ഭംഗിയോടെയും വൃത്തിയോടെയും കാത്ത് സൂക്ഷിക്കുന്ന എന്നത് വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. മഴക്കാല യാത്രകൾ, പാദങ്ങൾ വേണ്ട വിധം പരിചരിക്കാതിരിക്കുക തുടങ്ങിയവയെല്ലാം കാൽപാദങ്ങളുടെ ഭംഗി നശിപ്പിക്കും. നല്ല വൃത്തിയും ഭംഗിയുമുള്ള പാദങ്ങള്‍ നിങ്ങളുടെ സൗന്ദര്യത്തിന്‍റെ മാത്രമല്ല വ്യക്തിത്വത്തിന്‍റെ കൂടി പ്രതിഫലനമാണ്. അതിനാൽ പാദങ്ങൾ എപ്പോളും വൃത്തിയായി സൂക്ഷിക്കുക. മഴക്കാലത്ത് പാദസംരക്ഷണം എഴുപ്പമാക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ പരിചയപ്പെടാം.
ഒന്ന്
പുറത്ത് പോയി വന്നയുടൻ കാലുകൾ ചെറുചൂടുവെളളത്തിൽ വൃത്തിയായി കഴുകുക. അഴുക്ക് അകറ്റാൻ മാത്രമല്ല കാലിൽ കയറിപ്പറ്റിയ അണുക്കളെ പ്രതിരോധിക്കാനും ഇപ്രകാരം ചെയ്യുന്നത് ഉത്തമമാണ്.
രണ്ട്
ബ്യൂട്ടി പാർലറുകളിൽ ചെയ്യുന്ന പെഡിക്യുർ വീട്ടിലും പരീക്ഷിക്കാം. അതിനായി ഇളം ചൂടുവെള്ളത്തിൽ ഷാംപൂ ചേർത്ത്, അതിലേയ്ക്ക് നാല് തുള്ളി നാരങ്ങാ നീര് ചേര്‍ത്തതിന് ശേഷം പാദങ്ങൾ മുക്കി വയ്‌ക്കാം. 30 മിനിറ്റ് ഇങ്ങനെ വയ്ക്കാം. ഇപ്രകാരം ചെയ്യുന്നത് പാദങ്ങൾ മൃദുവും തിളക്കമുളളതുമാക്കാൻ സഹായിക്കും.
മൂന്ന്
നേരിയ ചൂടുവെളളത്തിൽ അൽപം വിനാഗിരി ചേർക്കുക. ശേഷം ഈ വെളളത്തിൽ 10 മുതൽ 15 മിനിറ്റ് വരെ കാൽപാദങ്ങൾ മുക്കി വയ്ക്കുക. ഇപ്രകാരം ചെയ്യുന്നത് ബാക്ടീരിയ, ഫംഗസ് എന്നിവ മൂലമുണ്ടാകുന്ന ഇൻഫെക്ഷൻ തടയാൻ സഹായിക്കും. മഴക്കാലത്ത് ഇത്തരം രോഗങ്ങൾ പിടിപെടാനുളള സാധ്യത വളരെ കൂടുതലാണ്. വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങൾ കാലിലുണ്ടാകുന്ന ഇൻഫെക്ഷൻ തടയുന്നതിനൊപ്പം ദുർഗന്ധം അകറ്റാനും സഹായിക്കും.
നാല്
ഇളം ചൂടുവെള്ളത്തിൽ നാരങ്ങാനീരും ഉപ്പും കലർത്തി അതിൽ പാദങ്ങൾ മുക്കിവയ്ക്കുക. ശേഷം പാദങ്ങളിൽ നാരങ്ങാത്തൊണ്ട് കൊണ്ടുരസുക. ഇത് പാദങ്ങളിലെ പാടുകള്‍,അഴുക്ക് എന്നിവയെ അകറ്റാനും വരണ്ട ചർമ്മം മാറാനും സഹായിക്കും.
അഞ്ച്
പാദസംരക്ഷണത്തിന് മികച്ച ഒന്നാണ് ടീ ട്രീ ഓയിൽ. കാലിൽ പുരട്ടാൻ ആവശ്യമായ അളവിൽ വെളിച്ചെണ്ണയോ ഒലിവെണ്ണയോ ഒരു ചെറിയ പാത്രത്തിൽ എടുക്കുക. ഇതിലേക്ക് നാലോ അഞ്ചോ തുളളി ടീ ട്രീ ഓയിൽ ചേർത്ത് യോജിപ്പിക്കുക. ശേഷം ഇത് പാദങ്ങളിൽ തേച്ച് പിടിപ്പിക്കുക. ഇപ്രകാരം ചെയ്യുന്നത് മഴക്കാലത്തുണ്ടാകുന്ന പാദസംബന്ധമായ രോഗങ്ങൾ ചെറുക്കാനും പാദങ്ങളുടെ അഴക് വർധിപ്പിക്കാനും സഹായിക്കും.
ആറ്
രണ്ട് സ്‌പൂൺ ചെറുപയർ പൊടി, ഒരു സ്‌പൂൺ കസ്‌തൂരി മഞ്ഞൾ, അരക്കപ്പ് തൈര് എന്നിവ ചേർത്ത് കുഴമ്പാക്കി ഒരു മണിക്കൂർ നേരം കാലിൽ പുരട്ടി വെക്കുക. ശേഷം കഴുകിക്കളയാം. പാദങ്ങളുടെ തിളക്കം കൂട്ടാൻ ഈ മാർഗം പരീക്ഷിക്കാം.
ഏഴ്
വേനൽകാലത്താണെങ്കിലും മഴക്കാലത്താണെങ്കിലും കാലിലും പാദങ്ങളിലും മോയിസ്ചറൈസിങ് ക്രീം പുരട്ടാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് കാലുകൾ വരണ്ടുണങ്ങുന്നതും വിണ്ടുകീറുന്നതും തടയും.