അമേരിക്കയിലെ ടിക് ടോക് ഉപഭോക്താക്കള്‍ക്കിടയില്‍ വൈറലായി മാറുകയാണ് ഒരു ചെളി വിദ്യ. ചെളി കഴിച്ച് ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കാം എന്ന ട്രെന്‍ഡിന് പിന്നാലെയാണ് സോഷ്യല്‍ ലോകം. ഹോര്‍മോണ്‍, പ്രശ്നങ്ങള്‍, പൊണ്ണത്തടി, ചർമ്മപ്രശ്‌നങ്ങൾ, കുടലിന്‍റെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്താം എന്നാണ് ഈ ട്രെന്‍ഡിന് തുടക്കം കുറിച്ച ഇന്‍ഫ്ലുവന്‍സര്‍ കൂടിയായ സ്റ്റെഫാനി അഡ്‌ലറുടെ അവകാശവാദം. ചെളിയുടെ ഗുണങ്ങളെക്കുറിച്ചുളള സ്റ്റെഫാനിയുടെ വിഡിയോ വൈറലായതോടെ ഈ ചെളി വിദ്യ പരീക്ഷിക്കാന്‍ ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. ഇതോടെ വിപണിയിലും 'ശുദ്ധമായ' ചെളിക്ക് വിലയേറി.
2200 രൂപ വരെയാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ചെളിക്ക് വില. എഡിബിള്‍ സോയില്‍ എന്ന പേരില്‍ വ്യത്യസ്ത ഇനം ചെളി വില്‍ക്കപ്പെടുന്നുണ്ട്. 900 രൂപ മുതലാണ് ഇവയുടെ വില തുടങ്ങുന്നത്. ഫെർട്ടിലിറ്റി, ഹോർമോൺ കോച്ച് എന്ന പേരിൽ അറിയപ്പെടുന്ന സ്റ്റെഫാനി അഡ്‌ലർ നിരവധി പേരൊയാണ് ഈ ആശയത്തിലേക്ക് ആകർഷിച്ചിരിക്കുന്നത്. ചെളി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന വാദഗതിക്ക് ഇപ്പോള്‍ കയ്യടിക്കുകയാണ് അമേരിക്കയിലെ സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍. മണ്ണിൽ ധാരാളം സൂക്ഷ്മാണുക്കൾ ഉണ്ടെന്നും അത് കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നുമാണ് സ്റ്റെഫാനി അവകാശപ്പെടുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പ് ടിക്ടോക്കിൽ പങ്കുവെച്ച ഒരു വീഡിയോയിൽ സ്റ്റെഫാനി കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്: 'നിങ്ങളുടെ കുട്ടിയുടെ അല്ലെങ്കില്‍ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തണോ? ഒരു ടീസ്പൂണ്‍ ഓര്‍ഗാനിക് ബയോഡൈനാമിക് സോയില്‍ (ചെളി/ മണ്ണ്) ഉപയോഗിക്കുക'. മുഖക്കുരു അടക്കമുളള ചര്‍മ പ്രശ്നങ്ങള്‍ അകറ്റി ചര്‍മത്തിന്‍റെ പ്രായം കുറയ്ക്കാനും ശുദ്ധമായ ചെളി നല്ലതാണെന്ന് സ്റ്റെഫാനി പറയുന്നു. താരനടക്കമുളള പ്രശ്നങ്ങള്‍ക്കും ചെളി ഉത്തമമാണെന്ന് അവര്‍ അവകാശപ്പെടുന്നുണ്ട്.
അതേസമയം ശുദ്ധമായ ചെളിക്ക് ആരോഗ്യഗുണങ്ങളുണ്ടെന്നാണ് 2019ല്‍ നടന്ന ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ചെളിയില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ക്ക് ശരീരത്തിലെ കൊഴുപ്പിനെ വലിച്ചെടുത്ത് പുറംതളളാനുളള കഴിവുണ്ടെന്നും പറയപ്പെടുന്നു. എന്നിരുന്നാലും വൈദ്യശാസ്ത്രം ഈ ചെളി വിദ്യക്ക് പിന്തുണയറിയിച്ചിട്ടില്ല. സ്റ്റെഫാനിയുടെയും മഡ് തെറാപ്പിക്ക് പിന്നാലെ പോകുന്നവരുടെയും ടിക് ടോക് വിഡിയോകള്‍ ആഗോളതലത്തില്‍ ശ്രദ്ധനേടിയതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.