sun-tan-remedy

AI Generated Images

വേനല്‍കാലത്ത് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നമാണ് സണ്‍ ടാന്‍ അഥവാ വെയിലേറ്റുണ്ടാകുന്ന കരുവാളിപ്പ്. മുഖത്തും കൈകാലുകളിലും ഉണ്ടാകുന്ന കറുത്ത പാടുകള്‍ പിന്നീട് നമ്മുടെ ആത്മവിശ്വാസം കെടുത്തുന്ന ഒന്നായി മാറിയേക്കാം. അതിനാല്‍ കരുവാളിപ്പ് വന്നാല്‍ ഉടനടി അത് പരിഹരിക്കാനുളള മാര്‍ഗങ്ങള്‍ തേടണം. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും സണ്‍സ്ക്രീന്‍ ഉപയോഗിക്കണം എന്നതാണ് കരുവാളിപ്പ് അകറ്റാനുളള പ്രധാന വഴി. മുഖത്തെയും ശരീരത്തിലെയും കരുവാളിപ്പകറ്റാന്‍ സഹായിക്കുന്ന ചില പ്രതിവിധികള്‍ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്. അതെന്തൊക്കെയാണെന്ന് നോക്കാം.

പാലും തേനും മഞ്ഞളും

മുഖത്തെ കരുവാളിപ്പ് മാറ്റാൻ പാലും തേനും മഞ്ഞളും കൊണ്ടുള്ള പേസ്റ്റ് സഹായിക്കും. അര ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടിയിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ പാലും അല്‍പം തേനും ചേര്‍ക്കുക. ശേഷം നന്നായി യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കി മുഖത്ത് തേക്കുക. ഏകദേശം 15–20 മിനിറ്റ് കഴിഞ്ഞ് ഇത് ഉണങ്ങിക്കഴിയുമ്പോള്‍ കഴുകി കളയാം. ഈ ഫേസ്പാക്ക് മുഖത്തെ കരുവാളിപ്പ് അകറ്റാനും മുഖം തിളങ്ങാനും സഹായിക്കും. 

ഗ്രീൻ ടീ

ഗ്രീൻടീ ഇട്ട് തിളപ്പിച്ച വെളളം തണുക്കാന്‍ വയ്ക്കുക. ശേഷം ഗ്രീന്‍ ട്രീയിലേക്ക് ഒരു കോട്ടണ്‍ പാഡ് മുക്കിയെടുക്കുക. ഈ കോട്ടന്‍പാഡ് ഉപയോഗിച്ച് മുഖവും കഴുത്തും നന്നായി തുടയ്ക്കുക. ഏകദേശം ഒരു എട്ട് മിനിറ്റ് കഴിയുമ്പോള്‍ മുഖം വെളളം ഉപയോഗിച്ച് കഴുകുക. ഗ്രീൻ ടീ ബാഗ് വെള്ളത്തില്‍ മുക്കിവച്ച ശേഷം മുഖത്ത് വയ്ക്കുകയും ചെയ്യാം. രണ്ടും കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും. 

തേനും പപ്പായയും

ഈ പാക്ക് തയ്യാറാക്കാന്‍ നന്നായി പഴുത്ത പപ്പായ തന്നെ തിരഞ്ഞെടുക്കുക. പപ്പായ നന്നായി ഉടച്ച് ഒരു പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഇതിലേക്ക് അല്‍പം തേൻ ചേര്‍ത്ത് മുഖത്തും കഴുത്തിലും കൈകളിലുമെല്ലാം തേച്ചുപിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം കഴുകിക്കളയാം. കരുവാളിപ്പ് പെട്ടെന്ന് മാറ്റിയെടുക്കാം. 

തക്കാളിയും തൈരും

തക്കാളി നീരിലേയ്ക്ക് ഒരു ടീ സ്പൂൺ പഞ്ചസാര ചേർക്കുക. ഇതിന് ശേഷം ഇത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്യാം. 15 - 20 മിനിട്ട് ഇത് മുഖത്ത് വെച്ചതിന് ശേഷം കഴുകി കളയാം. 

മഞ്ഞളും തൈരും 

കുറച്ച് മഞ്ഞൾപ്പൊടി എടുത്ത് അതിൽ തൈരും വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ തയ്യാറാക്കിയ ശേഷം ചർമ്മത്തിൽ പുരട്ടുക. ഇത് പൂർണമായും ഉണങ്ങാൻ അനുവദിച്ച ശേഷം അല്പം വെള്ളം തൊട്ട് മൃദുവായി മസ്സാജ് ചെയ്ത ശേഷം കഴുകിക്കളയാം.