സ്മാര്‍ട്ട് ഫോണിന്‍റെയും കമ്പ്യൂട്ടര്‍ അധിഷ്ഠിത ജോലികള്‍ ചെയ്യുന്നവരുടെ എണ്ണവും വര്‍ധിച്ചതോടെ കണ്ണുകളുടെ വരള്‍ച്ച സാധാരണമായി മാറിക്കഴിഞ്ഞു. കണ്ണ് ആവശ്യത്തിന് കണ്ണുനീര്‍ ഉല്‍പാദിപ്പിക്കാതെ വരുന്നതോ, കണ്ണുനീര്‍ വളരെ പെട്ടെന്ന് ബാഷ്പീകരിച്ച് പോകുന്നതോ ആണ് കണ്ണുകള്‍ക്ക് ആകെ സ്വസ്ഥതയും ചുവപ്പും ചിലപ്പോള്‍ കാഴ്ച തന്നെ മങ്ങുന്നതിനും കാരണമാകുന്നത്. പതിവായി കണ്ണ് വരളുന്നുണ്ടെങ്കില്‍ ഉടനടി ഡോക്ടറുടെ സേവനം തേടാന്‍ മടിക്കരുത്. കണ്ണുകളുടെ ആരോഗ്യം വര്‍ധിപ്പിക്കാനും കണ്ണുകള്‍ വരളുന്നത് ഒരു പരിധി വരെ തടയാനും ഇതാ ചില പൊടിക്കൈകള്‍.
കണ്ണുനീര്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകാന്‍ ഏറ്റവും ഏളുപ്പം ചെറു ചൂട് വയ്ക്കുന്നതാണ്. വൃത്തിയുള്ള തുണിയോ, പഞ്ഞിയോ ചെറുചൂട് വെള്ളത്തില്‍ മുക്കി, വെള്ളം പിഴിഞ്ഞ് കളഞ്ഞതിന് ശേഷം കണ്ണ് അടച്ച് പിടിച്ച് അഞ്ച് മിനിറ്റ് നേരമെങ്കിലും വയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ദിവസവും രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങനെ ചെയ്യണമെന്നും ഇതോടെ കണ്ണുനീര്‍ ഗ്രന്ഥികളിലെ തടസം മാറി സാധാരണ നിലയിലാകും.
കണ്ണിന്‍റെ ആരോഗ്യത്തില്‍ ഭക്ഷണത്തിനും ചെറുതല്ലാത്ത പങ്കുണ്ട്. ഒമേഗ–3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണം ശരീരത്തിലെത്തേണ്ടത് അത്യാവശ്യമാണ്. മല്‍സ്യം, ഫ്ലാക്സീഡ്സ്, വാല്‍നട്ട് എന്നിവ കണ്ണിന്‍റെ ആരോഗ്യത്തിന് അത്യുത്തമമാണ്. ഡോക്ടറെ കണ്ട ശേഷം ആവശ്യമെങ്കില്‍ വിറ്റാമിന്‍ സപ്ലിമെന്‍റുകളും കഴിക്കാം.
ശരീരത്തിനേറെ തണുപ്പ് പകരുന്നതാണ് കറ്റാര്‍ വാഴ. തലയ്ക്കും ചര്‍മത്തിനുമെന്നത് പോലെ കണ്ണിന് കുളിര്‍മ നല്‍കാനും കറ്റാര്‍വാഴ നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു. കറ്റാര്‍വാഴപ്പോളയില്‍ നിന്നും മൃദുലമായ അകക്കാമ്പ് വേര്‍തിരിച്ചെടുക്കുക. കണ്ണടച്ച് പിടിച്ച ശേഷം ചെറുതായി കണ്‍പോളകള്‍ക്ക് മേല്‍ പുരട്ടുക. കുറച്ച് സമയത്തിന് ശേഷം വെള്ളമൊഴിച്ച് കഴുകണം.
ദീര്‍ഘനേരം കംപ്യൂട്ടറിലോ മൊബൈല്‍ സ്ക്രീനിലോ നോക്കിയിരിക്കുമ്പോള്‍ കണ്ണുചിമ്മലിന്‍റെ അളവും കുറയും. ഇതോടെ കണ്ണ് അതിവേഗം വരളും. കണ്ണ് ചിമ്മുന്നതോടെ കണ്ണിലെ എല്ലാ ഭാഗങ്ങളിലേക്കും നീരെത്തും. ഇത് വരള്‍ച്ചയെ ചെറുക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സ്ഥിരമായി കംപ്യൂട്ടറും മൊബൈലും ഉപയോഗിക്കുമ്പോള്‍ ഇനി മുതല്‍ കണ്ണുചിമ്മാനിത്തിരി നേരം മാറ്റി വയ്ക്കണം. 20–20–20 നിയമമാണ് വരള്‍ച്ചയൊഴിവാക്കാനുള്ള മറ്റൊരു മാര്‍ഗമായി നേത്ര വിദഗ്ധര്‍ പറയുന്നത്. സ്ക്രീന്‍ ഉപയോഗിക്കുമ്പോള്‍ ഓരോ 20 മിനിറ്റിന് ശേഷവും 20 സെക്കന്‍റ് നേരത്തേക്ക് 20 അടി ദൂരെയുള്ള ഏതെങ്കിലും വസ്തുവില്‍ ദൃഷ്ടി പതിപ്പിക്കുകയാണ് ഇതില്‍ ചെയ്യുന്നത്.
സ്പാ ചെയ്യുമ്പോള്‍ വെള്ളരിക്ക മുറിച്ച് കണ്ണിന് മുകളില്‍ വയ്ക്കാറില്ലേ? കണ്ണിന് ഉന്‍മേഷം പകരാന്‍ ഏറ്റവും മികച്ച മാര്‍ഗമാണിത്. കണ്ണിലെ ചുവപ്പ് കുറയ്ക്കാനും വരള്‍ച്ച കുറയ്ക്കാനും വെള്ളരിക്ക സഹായിക്കും. വെള്ളരിക്കയിലെ ജലാംശവും ആന്‍റി ഓക്സിഡന്‍റുകളുമാണ് കണ്ണിന് കൂളിങ് ഇഫക്ട് അതിവേഗം നല്‍കുന്നത്. വെള്ളരിക്ക വട്ടത്തില്‍ നേര്‍ത്ത കഷ്ണങ്ങളായി മുറിച്ച് കണ്ണിന് മുകളില്‍ വയ്ക്കുക. 10–15 മിനിറ്റിന് ശേഷം നീക്കം ചെയ്ത് കണ്ണ് കഴുകാം.