germany-france

Image Credit: AI Generated Image

വിദേശ പഠനത്തിനായുളള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ കുടിയേറ്റം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. യുകെയും കാനഡയുമായിരുന്നു ഉപരിപഠനത്തിനായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ തിരഞ്ഞെടുത്തുകൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രിയം  ജര്‍മനിയും ഫ്രാന്‍സുമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയിലെ 100-ലധികം വിദ്യാഭ്യാസ ഏജൻസികളിൽ അക്യുമെൻ നടത്തിയ വിശകലനത്തിലാണ് വിദ്യാർഥികളുടെ ഇഷ്ട പഠന കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ജർമനിയിൽ പഠിക്കാൻ 82 ശതമാനവും ഫ്രാൻസിൽ പഠിക്കാൻ 73 ശതമാനവും വിദ്യാർഥികളാണ് ആഗ്രഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

യുകെ, കാനഡ, ഓസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളാണ് പഠനകേന്ദ്രങ്ങളായി പൊതുവേ വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കാറുളളത്. എന്നാല്‍ രാജ്യത്തെ തൊഴില്‍ നിയമത്തില്‍ വന്ന മാറ്റങ്ങളും പഠന കാലവധി വെട്ടിക്കുറച്ചുതുമെല്ലാം വിദ്യാര്‍ഥികളെ മാറ്റിച്ചിന്തിപ്പിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇക്കാര്യങ്ങള്‍ കൊണ്ടുതന്നെ കാനഡ, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള അപേക്ഷകൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 'ശിക്ഷാ' റിപ്പോർട്ട് പ്രകാരം, 63% വിദ്യാർഥികള്‍ ബിരുദാനന്തര കോഴ്‌സുകളും, 33% വിദ്യാർഥികള്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും, 4% വിദ്യാർഥികളും ബിരുദമല്ലാതെയുളള പ്രൊഫഷ്ണല്‍  കോഴ്‌സുകളിലേക്കുമാണ് അപേക്ഷകൾ സമർപ്പിക്കുന്നത്.  രണ്ടുവർഷത്തെ താൽക്കാലിക പഠനാനുമതി പരിധിയും ജീവിതച്ചെലവിലെ വർദ്ധനവും കാനഡയിലെ അപേക്ഷകരുടെ എണ്ണത്തിൽ 50% കുറവുണ്ടാക്കിയതായി 'ശിക്ഷ' റിപ്പോർട്ട് ചെയ്തു.

ഓസ്‌ട്രേലിയയിൽ നിന്ന് സമാനമായ 10-40% വരെ ഇടിവും, അമിതമായ കുടിയേറ്റം നിയന്ത്രിക്കാൻ ഉദ്ദേശിച്ചുള്ള സമീപകാല നിയമനിർമാണ പരിഷ്‌കാരങ്ങളെ തുടർന്ന് യുകെ വിപണിയിൽ 20-30% ഇടിവും പ്രതീക്ഷിക്കുന്നതായും 'ശിക്ഷാ' റിപ്പോർട്ട് ചെയ്തു. അതേസമയം ജർമനിക്കും ഫ്രാൻസിനും പിന്നാലെ ദുബായ് (50%), ഫിൻലൻഡ് (41%), സിംഗപ്പൂർ (31%), ഇറ്റലി (30%), സ്വീഡൻ (24%), ഡെൻമാർക്ക് (21%) എന്നിവയും വിദ്യാർഥികൾക്കിടയിൽ പ്രചാരത്തിലുള്ള രാജ്യങ്ങളാണെന്ന് സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

ENGLISH SUMMARY:

Indian Students Favour Germany, France Over Canada, UK