മകനോ മകളോ സ്മാര്‍ട്ടാകുന്നത് കാണാനാഗ്രഹിക്കാത്ത എത്രപേരുണ്ട്? പക്ഷെ സ്മാര്‍ട്ടാകല്‍ സ്മാര്‍ട്ട് ഫോണിലൂടെ വേണോ എന്നു ചിന്തിക്കേണ്ടകാലമായിരിക്കുന്നു. എ.ഐ മുതല്‍ ഡീപ് ഫെയ്ക്കും , ക്ക് വെബ്ബും വരെ നിറഞ്ഞാടുന്നകാലത്ത് കുട്ടികളക്കാള്‍ മുന്‍പ് ഡിജിറ്റല്‍ സാക്ഷരതയും വിവേചന ശക്തിയും വേണ്ടത് രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമാണ്. എങ്കിലെ സ്മാര്‍ട്ട് ഫോണ്‍ –ഡിജിറ്റല്‍ ലോകത്ത് കുട്ടികളെ വഴിനടത്താനാവൂ. ഇപ്പോഴിത് ചര്‍ച്ചയാകാന്‍ കാരണം ദേശീയ വിദ്യാഭ്യാസ സര്‍വെയിലെ ചില കണ്ടെത്തലുകളാണ്.
സാമാര്‍ട്ട് ഫോണുകളുടെ ഉപയോഗത്തിലും ഡിജിറ്റല്‍ സാക്ഷരതയിലും കേരളത്തിലെ കുട്ടികള്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. 14– 16 വയസ്സുള്ള സ്കൂള്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ നടത്തിയ സര്‍വെയിലൂടെയാണ് ഈ നേട്ടം പുറത്തു വന്നത്. 2024 ലെ ദേശീയ വിദ്യാഭ്യാസ റിപ്പോര്‍ട്ടില്‍ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത വീടുകള്‍ കേരളത്തില്‍ ചുരുക്കമാണ്. സര്‍വെയില്‍ പങ്കെടുത്ത കുട്ടികളില്‍ 97 ശതമാനത്തിനും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനറിയാം. 29 ശതമാനം കുട്ടികള്‍ക്ക് സ്വന്തമായി സ്മാര്‍ട്ട് ഫോണ്‍ ഉണ്ട്. പഠനത്തിനായാണ് 82 ശതമാനം പേരും പ്രധാനമായും ഫോണ്‍ ഉപയോഗിക്കുന്നത്. അതേസമയം പഠനത്തിനൊപ്പം 90 ശതമാനം കുട്ടികളും ഈ ഫോണിലൂടെ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതായും കണ്ടെത്തി. സാമൂഹികമാധ്യമങ്ങളില്‍ അക്കൗണ്ട് എടുക്കുന്നതു മുതല്‍ പാസ് വേര്‍ഡ് മാറ്റുന്നത് വരെ വളരെ അനായാസം ചെയ്യാനും കുട്ടികള്‍ക്കറിയാം.
കോവിഡ് കാലത്തെ പഠനത്തിനായാണ് മിക്കവരും സ്മാര്‍ട്ട് ഫോണ്‍ കൈകളിലെടുക്കുന്നത്. എന്നാല്‍ അക്കാലം പിന്നിട്ടപ്പോഴും ഫോണ്‍കൂടെതന്നെ കൂടി. ഇത് ഡിജിറ്റല്‍ സാക്ഷരതയും ഒപ്പം സാങ്കേതിക ജ്ഞാനവുമായി കണക്കാക്കാം. ഒപ്പം ഇന്‍റര്‍നെറ്റിലൂടെ വിവരങ്ങള്‍ തേടി പഠനം മെച്ചമാക്കുന്നതിനും സാധിക്കും. പക്ഷെ ഇത്തരം നല്ല കാര്യങ്ങള്‍മാത്രമാണോ സ്മാര്‍ട്ട് ഫോണുകള്‍ കുട്ടികളുടെ ജീവതത്തിലേക്ക് എത്തിക്കുന്നത്?
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിലെ നല്ലകാര്യങ്ങള്‍ എന്തൊക്കെയാണ്?
സാമൂഹികബന്ധങ്ങള്‍ നിലനിറുത്താനും ഉറപ്പിക്കാനും ഫോണുകള്‍ സഹായിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനും സമഗ്രമായ അറിവ് ഉണ്ടാക്കുന്നതിനും ഇന്‍റര്‍നെറ്റിലൂടെ ഫോണ്‍സഹായിക്കും. ഫോണുകള്‍ സുരക്ഷക്ക് നല്ലതാണ്. ഫോണുകള്‍ ഉല്ലാസത്തിനും വിനോദത്തിനും ഉള്ള ഉപാധിയുമാണ്.
പ്രധാന പ്രശ്നങ്ങള്‍
ഫോണ്‍ / സ്ക്രീന്‍ അഡിക്ഷന്‍ തന്നെയാണ് പ്രധാനവില്ലന്‍. ഗെയിമിങ് ആപ്പുകള്‍ , സോഷ്യല്‍മീഡിയ ഇവയോടുള്ള അമിതമായ ആസക്തിയും കാണാം. ഗെയിമിങ് ആപ്പുകള്‍ മുതല്‍ റീലുകള്‍വരെ അഡിക്ഷന് കാരണമാകുന്നു. ഇത് ഉറക്കകുറവിനും ഡിപ്രഷനും ഉത്കണ്ഠക്കും വഴിവെക്കും. പുറത്തുള്ള നടത്തം, കളികള്‍, യാത്ര തുടങ്ങി സ്പോര്‍ട്ട്സിലെ പങ്കാളിത്തം വരെ കുറക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും. ഇത് ശാരീരിക, മാനസിക ആരോഗ്യത്തെ തകര്‍ക്കും. ഇന്‍ഫര്‍മേഷന്‍ ആങ്സൈറ്റിയിലേക്കും ചിലര്‍ നീങ്ങും . ഫോണില്‍ ഇടക്കിടെ നോക്കിയില്ലെങ്കില്‍ എന്തൊക്കെയോ പ്രധാന വിവരങ്ങള്‍ അറിയാതെ പോകുമെന്ന് കരുതി ഉത്കണ്ഠ വര്‍ധിക്കും. നേര്‍ക്കുനേരുള്ള സംഭാഷണത്തിനുള്ള കഴിവ് നഷ്ടപ്പെടുക, ആത്മവിശ്വാസം നഷ്ടപ്പെടുക, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ പോലെ പെരുമാറുക എന്നിവയും ഉണ്ടാകാം. കൂടാതെ വ്യക്തി വിവരങ്ങള്‍ പങ്കുവെക്കുന്നതിലൂടെ സ്വകാര്യതയുടെ നഷ്ടവും കെണികളില്‍പെടാനുള്ള സാധ്യതയും കൂടുതലാണ്. കൊല്ലും കൊലയും തുടങ്ങി ശാരീക ആക്രമണങ്ങള്‍ വരെ കണ്ടാല്‍ അത് ഭയത്തിലേക്കോ അക്രമവാസനയിലേക്കോ നയിക്കാനിടയുണ്ട്. ഫോണില്‍ നിന്നുള്ള റേഡിയേഷന്‍ , വെളിച്ചം , ശബ്ദം എന്നിവ കുട്ടികളുടെ മസ്തിഷ്ക്കത്തിലും കണ്ണിലും കൈകളിലും മറ്റും ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ വികസിത രാജ്യങ്ങളിള്‍ പോലും പഠിച്ചു വരുന്നേയുള്ളൂ. ദീര്‍ഘ നേരത്തെ ഫോണ്‍ഉപയോഗം ഏതായാലും നന്നല്ല എന്ന് വ്യക്തം.
തീരെ ചെറിയ കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്നത് മസ്തിഷ്ക്ക വികസനത്തെപോലും പ്രതികൂലമായി ബാധിക്കും. ഇത്തരം പ്രശ്നങ്ങള്‍ എല്ലാ കുട്ടികള്‍ക്കും ഉണ്ടാകണമെന്നില്ല. പക്ഷെ വളരെയേറെപേര്‍ക്ക് ഉണ്ടാകാനിടയുമുണ്ട്. അതിനാല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കുറക്കുക തന്നെയാണ് നല്ലതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പുതിയകാലത്തെ കുട്ടികള്‍ സ്മാര്‍ട്ടോ ? വിദഗ്ധരുടെ പ്രതികരണങ്ങള്‍
ഇന്ദുലേഖ ജി (സ്പീച്ച് തെറാപ്പിസ്റ്റ്), അന്‍വര്‍ സാദത്ത് (സിഇഒ കൈറ്റ്), അമര്‍ (ഓര്‍ഗനൈസേഷനല്‍ സൈക്കോളജിസ്റ്റ്)
പുതിയരീതികള്‍ ഒട്ടും സ്മാര്‍ട്ടല്ല :അന്‍വര്‍ സാദത്ത് , കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍
സംസ്ഥാനത്തെ സ്കൂളുകളിലെ പഠനത്തിന് എങ്ങിനെ സാങ്കേതിക വിദ്യപ്രയോജനപ്പെടുത്താം എന്ന് പഠിക്കുകയും അത് വികസിപ്പിക്കുകയും ചെയ്യുന്ന പ്രധാന സര്‍ക്കാര്‍ സ്ഥാപനമാണ് കൈറ്റ്. കൈറ്റിന്‍റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ അന്‍വര്‍ സാദത്ത് കുട്ടികളുടെ വർധിച്ച സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തെ ശുഭസൂചനയായി കാണുന്നില്ല. "പ്രധാനമായും കോവിഡ് കാലത്തെ അസാധാരണ സാഹചര്യത്തില്‍ വന്നതാണ് പഠനത്തിനായി ഫോണ്‍വേണമെന്ന സ്ഥിതി. അതിപ്പോൾ ആ അർത്ഥത്തിലില്ല. പ്രൈമറി കുട്ടികളിൽ പ്രത്യേകിച്ചും സ്കൂളുകൾക്കപ്പുറത്ത് ഉപയോഗിക്കേണ്ട ഡിജിറ്റൽ രീതികൾ വിദ്യാഭ്യാസ വകുപ്പ് പ്രോത്സാഹിപ്പിക്കുന്നില്ല. പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് പോലും വാട്ട്സ് ആപ്പിലൂടെ നോട്ടുകള്‍ നല്‍കുന്നതും ഹോംവര്‍ക്ക് ചെയ്യിക്കുന്നതും വിദ്യാഭ്യാസത്തിലെ മികവാണെന്ന് രക്ഷിതാക്കള്‍ തെറ്റിദ്ധരിക്കരുത്. കുട്ടികള്‍ എത്രയും കുറച്ച് ഫോണ്‍ ഉപയോഗിക്കുന്നോ അത്രയും നല്ലത് എന്ന് പറയേണ്ട അവസ്ഥയാണിപ്പോൾ. സ്ക്രീന്‍ടൈം കുറക്കാനും ഇ-അഡിക്ഷന്‍ ഇല്ലാതെയാക്കാനും എഐ കാലത്ത് ഉത്തരവാദിത്വത്തോടെ ഇവ ഉപയോഗിക്കാനും വിപുലമായ ക്യാംപെയ്ന്‍തന്നെ വേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍. "
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ക്രമീകരിക്കണം ; അമര്‍രാജന്‍, ഒാര്‍ഗനൈസേഷനല്‍ സൈക്കോളജിസ്റ്റ് , മൈന്‍ഡ് കാര്‍ട്ടര്‍
തൊഴിലിടങ്ങള്‍ , സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥപനങ്ങള്‍ തുടങ്ങി പൊതുസ്ഥലങ്ങളില്‍ ഇടപെടുന്നവരുടെ മാനസിക ആരോഗ്യത്തെ കുറിച്ച് പഠിക്കുന്ന അമര്‍രാജന്‍ പറയുന്നതിങ്ങനെ.
. " സമാര്‍ട്ട് ഫോണുകളും ഇന്‍റര്‍നെറ്റും ലാപ്പും എല്ലാം സര്‍വസാധാരണമായ ഇക്കാലത്ത് കുട്ടികളെ മാത്രം അതില്‍ നിന്ന് മാറ്റി നിറുത്താനാവുമോ? സാമൂഹിക മാധ്യമ ഇടത്തെ കുറിച്ചു ഇതുപോലെ ആലോചിക്കണം. ഒരു കുട്ടിയുടെ പ്രായം, മാനസിക വളര്‍ച്ച , കഴിവുകള്‍ എന്നിവയെ അടിസ്ഥാനമാക്കി ഫോണിന്‍റെയും ഇന്‍റര്‍നെറ്റിന്‍റെയും ഉപയോഗം ക്രമീകരിക്കുകയാവും നല്ലത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം തെറ്റായ ഒന്നായി ചിത്രികരിക്കേണ്ടതില്ല. സാമൂഹികമാധ്യമങ്ങളും വിവിധ വെബ്സൈറ്റുകളും എല്ലാം വിവരങ്ങളും അറിവും വിനോദവും കൂടി നല്‍കുന്നതാണ്. കൂടുതല്‍ കാര്യങ്ങള്‍ അറിയുക, പങ്കുവെക്കുക, പ്രോത്സാഹനവും അഭിനന്ദനവും ഏറ്റുവാങ്ങുക എന്നത് മനുഷ്യസഹജമാണ്. പതിനായിരം പേര്‍ ഒരുകുട്ടിയുടെ റീല്‍സ് കണ്ട് കൈയ്യടിക്കുമ്പോള്‍ നമ്മുടെ കുട്ടി അത് ചെയ്യരുത് എന്ന് പറയാനാകില്ല. കൃത്യവും വ്യക്തവുമായ ഗൈഡന്‍സ് നല്‍കി മുന്നോട്ടുപോകുകയാണ് വേണ്ടത്. ഫോണ്‍ ഉപയോഗിക്കേണ്ട എന്നുപറഞ്ഞാല്‍ കുട്ടികള്‍ അത് രഹസ്യമായി ഉപയോഗിക്കും അതിന് വഴിവെക്കരുത്. "
സ്ക്രീൻ ടൈം കൂടുന്നത് കുട്ടികൾക്ക് നന്നല്ല; ഇന്ദുലേഖ ജി, സ്പീച്ച് പതോളജിസ്റ്റ് & ഒാറല്‍ പ്ളേസ്മെന്‍റ് തെറാപ്പിസ്റ്റ് , വാഗ്മി
സ്പീച്ച് തെറാപ്പിയും ബിഹേവിയറല്‍ തെറാപ്പിയും നല്‍കി ആശയവിനിമയത്തില്‍ വെല്ലുവിളികള്‍ നേരിടുന്നവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ശ്രമകരമായ ദൗത്യമാണ് സ്പീച്ച് വിദഗ്ധര്‍ ചെയ്യുന്നത്.
" സ്ക്രീന്‍ സമയം കൂടുമ്പോള്‍ ഓട്ടിസത്തിന് സമാനമായ ചില പ്രശ്നങ്ങള്‍ കുട്ടികളിലുണ്ടാകുന്നു. തീരെ ചെറുപ്രായത്തില്‍തന്നെ , ആറുമാസം മുതല്‍, സ്ക്രീന്‍ കണ്ടും കേട്ടും വളരുന്ന കുഞ്ഞുങ്ങളുണ്ട്. ചെറിയ കുട്ടികളെ ഇത് കൂടുതല്‍ ശക്തമായി ബാധിക്കും. സംസാരിക്കാനുള്ള കഴിവ് മുതല്‍ മറ്റുള്ളവരുമായി ഇടപെടാനുള്ള രീതികള്‍ വരെ ഈ കുഞ്ഞുങ്ങള്‍ക്ക് കുറവായിരിക്കും. ഇവര്‍ക്ക് ക്ഷമാശീലവും വളരെ കുറവായി കാണുന്നുണ്ട്. പെരുമാറ്റത്തില്‍ പല പ്രത്യേകതകളും കാണുമ്പോഴാണ് മാതാപിതാക്കള്‍ പ്രശ്നം തിരിച്ചറിയുക. ഫോണും ലാപ്പും മറ്റും ഉപയോഗിക്കാനറിയുന്നത് കുട്ടിയുടെ കഴിവായല്ല മാതാപിതാക്കള്‍ കാണേണ്ടത്. അവര്‍ക്ക് ആദ്യം വേണ്ടത് ഭാഷയുടെ ശരിയായ ഉപയോഗവും സാമൂഹികമായ ഇടപെടലിനുള്ള കഴിവുകളുമാണ്. മുതിര്‍ന്ന കുട്ടികള്‍ക്കുപോലും സ്മാര്‍ട്ട് ഫോണുള്‍പ്പെടെയുള്ളവ നിയന്ത്രിതമായേ നല്‍കാവൂ. ഏറ്റവും പ്രധാനം ഇക്കാര്യങ്ങളില്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും അവശ്യം വേണ്ട തിരിച്ചറിവാണ്. "