ചില ടോപ്പുകള്‍ വാങ്ങുമ്പോൾ തോളിന്റെ ഭാഗത്തൊരു സാറ്റിന് അല്ലങ്കിൽ പ്ലാസ്റ്റിക് സ്ട്രാപ്, ജീന്‍സിന്റെ പോക്കറ്റിനുള്ളില്‍ വീണ്ടുമൊരു കുഞ്ഞുപോക്കറ്റ്, അങ്ങനെ കൗതുകമുള്ള പലതും കാണാം. ഒറ്റ നോട്ടത്തിൽ എന്തിനാണിതെന്ന് തോന്നിപ്പിക്കുന്ന ഘടകങ്ങള്‍. വാസ്തവത്തില്‍ അതിനൊക്കെ കൃത്യമായ ഉപയോഗമുണ്ട്.
ജീൻസിലെ കുഞ്ഞൻ പോക്കറ്റ് കോയിൻ പോക്കറ്റ് അഥവാ വാച്ച് പോക്കറ്റ് എന്നാണ് അറിയപ്പെടുന്നത്. അതായത് വലിയ പോക്കറ്റിൽ വെച്ചാൽ നഷ്ടപ്പെട്ടേക്കാവുന്ന നാണയങ്ങൾ പോലെ വലുപ്പം കുറഞ്ഞവ സൂക്ഷിക്കാനാണ് ആ അറ. ആദ്യമൊക്കെ ബ്രാന്‍ഡഡ് ജീൻസുകളിൽ മാത്രമായിരുന്നു കോയിൻ പോക്കറ്റുകൾ. പിന്നീട് അതൊരു സ്റ്റൈൽ സ്റ്റേറ്റ്മെൻറായി.
അതുപോലെ തന്നെ ജീന്‍സിൽ പോക്കറ്റുകൾ തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും ബട്ടൺ ശ്രദ്ധിച്ചിട്ടില്ലേ? ജീൻസ് പോക്കറ്റ് സ്റ്റഡ് എന്നാണ് അവ അറിയപ്പെടുക. അതിന് ഒരു കാരണമുണ്ട്. ഖനികളിലുള്ള തൊഴിലാളികളായിരുന്നു ആദ്യകാലത്ത് ജീന്‍സ് ധരിച്ചിരുന്നത്. ജോലി ഭാരം കാരണം പോക്കറ്റ് കീറി പോകുന്നത് പതിവായപ്പോഴാണ് ഈ സ്റ്റഡ് രംഗത്തുവന്നത്. കോപ്പർ റിവെറ്റ്സ് എന്നാണ് അന്ന് ഇത് അറിയിപ്പെട്ടിരുന്നത്. ഇപ്പോള്‍ ഇത് ഒഴിച്ചുകൂട്ടാനാകാത്ത ഒരു ഫാഷന്‍ ഘടകമാണ്.
ലോ നെക് ടോപ്പുകളും മിനി സ്കർട്ടുകളും ശരീരത്തോട് ചേർന്ന് കിടക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് ഡബിൾ സൈഡ് ക്ലോതിങ് ടേപ്. ഇത് വസ്ത്രത്തിനൊപ്പം കിട്ടുന്നതല്ല, പ്രത്യേകം വാങ്ങുന്നതാണ്. ഒരു ഭാഗം വസ്ത്രത്തിൽ ഒട്ടിച്ചശേഷം മറുഭാഗം ശരീരത്തിൽ ഒട്ടുംവിധമാണ് ഉപയോഗിക്കേണ്ടത്. വസ്ത്രം ഒന്നുകൂടി ഭംഗിയുള്ളതാക്കാൻ ഇത് സഹായിക്കും.
ചില വസ്ത്രങ്ങളിൽ ഷോൾഡർ ഭാഗത്തോട് ചേർന്ന് വീതി കുറഞ്ഞ സാറ്റിന് റിബണോ ട്രാൻസ്പെരന്റ് സ്ട്രാപ്പോ ഉണ്ടാകും. മിക്കവാറും ഷിഫോൺ, ജോർജെറ്റ് പോലുള്ള വസ്ത്രങ്ങളിലാകും ഇതുള്ളത്. ഓഫ് ഷോൾഡർ വസ്ത്രങ്ങളിലും ഇതുണ്ട്. ഹാങ്ങറിൽ ഇടുമ്പോള്‍ വഴുതി വീഴാതെ കൊളുത്തിയിടാനാണ് ഇത് ഉപയോഗിക്കുക.
വണ്ണമുള്ള സ്ത്രീകൾ ഫ്രണ്ട് ഓപ്പണോ ബട്ടണുകളോ ഉള്ളതോ ആയ ഷർട്ടുകൾ ധരിക്കുമ്പോൾ മുൻഭാഗം തുറന്ന് പോകുന്നത് ഒരു പ്രശ്നമാണ്. അതിന് പരിഹാരമാണ് നോ പീപ്പ് ബട്ടൺ. ബട്ടൺ അകത്ത് ഇരിക്കുന്നതിനാൽ പുറമേ കാണാനാകില്ല. ബട്ടൻ കിസ്സര്‍ എന്നും ഇതിന് പേരുണ്ട്.