Image: instagram.com/poojadadlani02

ബോളിവുഡിന്‍റെ സ്റ്റൈല്‍ മന്നനാണ് ഷാറൂഖ് ഖാന്‍. സമാനതകളില്ലാത്ത ഫാഷന്‍ സെന്‍സ്. ഏത് വേദിയില്‍ നിന്നാലും ഷാറൂഖിന്‍റെ തിളക്കമേറെയെന്ന് ആരാധകരും ഫാഷന്‍ വിദഗ്ധരും ഒരുപോലെ പറയും. ഇക്കഴിഞ്ഞ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി പുരസ്കാര വേദിയിലെത്തിയ 'ബാദ്ഷാ'യുടെ ലുക്കാണ് ഫാഷന്‍ ലോകത്തെ സംസാരം.

രണ്ട് ബട്ടണുകള്‍ അഴിച്ചിട്ട ബ്രൗണ്‍ സാറ്റിന്‍ ഷര്‍ട്ടും അതിന് മേലെയായി ഫോര്‍മല്‍ ലുക്ക് നല്‍കാന്‍ റസ്റ്റ് കളറിലെ ലെതര്‍ ജാക്കറ്റുമായിരുന്നു ഷാറൂഖിന്‍റെ വസ്ത്രം. ലേപല്‍ കോളറും തെറുത്ത കയ്യും പഫ്  ഷോള്‍ഡറും ജാക്കറ്റിനെ അതിമനോഹരമാക്കി മാറ്റി. കടുംപച്ച നിറത്തിലെ പാന്‍റാണ് താരം ഇതിനൊപ്പം ധരിച്ചത്. സബ്യസാചിയുടെ ലെയേര്‍ഡ് ഗോള്‍ഡ് നെക്​ലസിനൊപ്പം ആക്സിസറിയായി ഇടത്തേ കയ്യില്‍ ഓഡേമാസ് പീഗെയുടെ റോയല്‍ ഓക്ക് ഡബിള്‍ ബാലന്‍സ് വീല്‍ ഓപ്പണ്‍വര്‍ക്ഡ് വീച്ചും. റോസ് ഗോള്‍ഡിനൊപ്പം കല്ലുകളും കൂടി ചേര്‍ന്ന വാച്ച് ആരാധകരുടെ മനം കവര്‍ന്നു. നാലരക്കോടിയാണ് വാച്ചിന്‍റെ വില. 

ഐഐഎഫ്എയില്‍ തന്നെ ബ്ലാക്ക് സ്യൂട്ടിലും ഷാറൂഖ് പ്രത്യക്ഷപ്പെട്ടിരുന്നു. പതിവുപോലെ അണ്‍ബട്ടന്‍ ചെയ്ത ജെറ്റ്ബ്ലാക്ക് ഷര്‍ട്ട് ആരെയും ആകര്‍ഷിക്കാന്‍ പോന്നതാണ്. ഒപ്പം ഫുള്‍സ്ലീവുള്ള ബ്ലേസറും സ്ട്രെയ്റ്റ് ഫിറ്റ് പാന്‍റുമായിരുന്നു ധരിച്ചത്. കോണ്‍ട്രാസ്റ്റായി ബ്രൗണ്‍ നിറത്തിലെ ബെല്‍റ്റും കഴുത്തില്‍ വെള്ളി മാലയും അണിഞ്ഞതോടെ സ്റ്റൈല്‍ ഇരട്ടിയായി. ഷാറൂഖിന്‍റെ മാനേജര്‍ പൂജ ദദ്​ലാനിയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 

അബുദാബിയിലേക്ക് ഷാറൂഖ് എത്തിയ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റൗണ്ട് കഴുത്തുള്ള വെള്ള ടീഷര്‍ട്ടും ഗ്രൈ ഡെനിം ജീന്‍സും അണിഞ്ഞ് കാഷ്വല്‍ ലുക്കിലായിരുന്നു താരം. കയ്യില്‍ കറുത്ത ജാക്കറ്റും ഗ്ലാസുകളും ചേര്‍ന്നപ്പോള്‍ അര്‍ബന്‍ കൂള്‍ ലുക്ക് പൂര്‍ണം.

കഴിഞ്ഞ മാസം മകന്‍ ആര്യന്‍ ഖാന്‍റെ വസ്ത്ര ബ്രാന്‍ഡിന് വേണ്ടി ഷാറൂഖ് ധരിച്ച വസ്ത്രവും ഫാഷന്‍ പ്രേമികളുടെ നെഞ്ചിലേക്ക് ഇടിച്ചു കയറി. ചാരക്കളര്‍ ടീ ഷര്‍ട്ടിനൊപ്പം നേവി ബ്ലൂ ഡെനിം ജാക്കറ്റാണ് താരം ഇട്ടത്. ഒപ്പം ഗ്രേ കാര്‍ഗോ പാന്‍റുമണിഞ്ഞതോടെ  ഷാറൂഖ്  കൗമാരക്കാരും ഹാപ്പി. 2026  ഓടെ പുറത്തിറങ്ങാനുള്ള 'കിങ്' ആണ് കിങ് ഖാന്‍റെ അടുത്ത ചിത്രം. മകള്‍ സുഹാന, അഭിഷേക് ബച്ചന്‍, ഫഹിം എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുക.

ENGLISH SUMMARY:

Shah Rukh Khan's IIFA look went viral after his manager, Pooja Dadlanin shared pictures on Instagram. At IIFA, he wore an Audemars Piguet watch worth 4.6 crore