ഇന്ത്യയിലെ ഫാഷന്‍ പ്രേമികള്‍ക്ക് എന്നും ഹരമാണ് പ്രശസ്ത  ഫാഷന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജിയുടെ ഐക്കണിക് ഡിസൈനുകള്‍. സമ്പന്നതയില്‍ ജീവിക്കുന്നവരില്‍ മാത്രമല്ല സാധാരണക്കാരില്‍ സാധാരണക്കാരായ ആളുകളുകളിലും ഈ ഫാഷന്‍ മാതൃകകള്‍ എത്രയറെ സ്വാധീനം ചെലുത്തുന്നുണ്ടെന്ന കൗതുകമുണര്‍ത്തുന്ന ഒരു കാഴ്ചയാണ് ലഖ്നൗവില്‍ നി്ന്നുള്ളത്. സബ്യസാചി ഡിസൈനുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സബ്യസാചി ബ്രൈഡല്‍ ലുക്ക് പുനഃസൃഷ്ടിച്ചിരിക്കുകയാണ് ലഖ്നൗ ചേരികളിലെ ഒരുപറ്റം കുട്ടികള്‍. തങ്ങള്‍ക്ക് സംഭാവനയായി ലഭിച്ച വസ്ത്രങ്ങളില്‍ നിന്നാണ് അവര്‍ ഐക്കോണിക് മാതൃകകള്‍ സൃഷ്ടിച്ചത്. 

ഇന്നൊവേഷൻ ഫോർ ചേഞ്ച് എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തിലാണ് കുട്ടികൾ സബ്യസാചിയുടെ മാസ്റ്റർ പീസുകൾ പുനഃസൃഷ്ടിച്ചത്. പലരില്‍നിന്നായി സംഭാവനയായി ലഭിച്ച വസ്ത്രങ്ങള്‍ സ്വന്തമായി രൂപമാറ്റം വരുത്തി അണിഞ്ഞൊരുങ്ങി  പ്രഫഷണല്‍ മോഡലുകളെപ്പോലെ ക്യാമറയ്ക്ക് മുന്നിലെത്തിയ കുട്ടികളുടെ ദൃശ്യങ്ങള്‍ സന്നദ്ധസംഘടന തന്നെയാണ് പങ്കുവെച്ചത്. ക്യാമറയോടും സിനിമയോടും ആഭിമുഖ്യമുള്ള 15 വയസുകാരായ കുട്ടികളാണ് മുഴുവൻ വീഡിയോയും ചിത്രീകരിച്ചതെന്ന് ഇന്നവേഷൻ ഫോർ ചേഞ്ച് വെളിപ്പെടുത്തി. 12 മുതല്‍ 17 വയസുവരെയുള്ള കുട്ടികളാണ് മോഡലുകളായെത്തിയത്.  ചുവപ്പുനിറമാണ് തീം. സാരി, ലെഹങ്ക, സല്‍വാര്‍ എന്നിങ്ങനെയുള്ള ബ്രൈഡല്‍ വസ്ത്രങ്ങളാണ് കുട്ടികള്‍ ധരിച്ചത്.

ചേരികളിൽ കഴിയുന്ന കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ഇന്നൊവേഷൻ ഫോർ ചേഞ്ച്. ഇവിടങ്ങളിലെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും സംഘടന നല്‍കുന്നുണ്ട്. കുട്ടികളുടെ പരിശ്രമത്തിന് വലിയരീതിയിലുള്ള അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. സാക്ഷാല്‍ സബ്യസാചി മുഖര്‍ജി തന്നെ ദൃശ്യങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതും കുട്ടികള്‍ക്കുള്ള അംഗീകാരമായി. 

ENGLISH SUMMARY:

Sabyasachi Inspires: Underprivileged Children in Lucknow Recreate Iconic Bridal Looks