Image Credit: Twitter
വിവാഹത്തെക്കുറിച്ച് ഓരോരുത്തര്‍ക്കും അവരവരുടേതായ സ്വപ്നങ്ങളും കാഴ്ച്ചപ്പാടുകളും ഉണ്ടാകും. ചിലര്‍ക്ക് ചെലവ് തീരെ ചുരുക്കി ലളിതമായി വിവാഹം നടത്താനാകും ആഗ്രഹം. മറ്റുചിലര്‍ ആഡംബരപ്രിയരും . ജീവതത്തിലെ ഏറ്റവും വലിയ കാര്യമല്ലേ അത് കളറായി തന്നെ നടക്കട്ടെ എന്നുചിന്തിക്കുന്നവരാണ് ഏറെയും. എന്നാല്‍ ചെലവ് ചുരുക്കി വിവാഹം നടത്തിയതിന്‍റെ പേരില്‍ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുകയാണ് അമേരിക്കയില്‍ നിന്നുള്ള നവദമ്പതിമാര്‍. സാധാരണ ധരിക്കുന്ന വസ്ത്രമായ ജീന്‍സും ഷര്‍ട്ടുമായിരുന്നു ഇരുവരുടെയും വിവാഹവസ്ത്രം. ഇതാണ് വിമര്‍ശനങ്ങള്‍ക്ക് ഒരുകാരണം.
അമേരിക്കന്‍ സ്വദേശികളായ 22കാരി എമി ബറോണും 24കാരന്‍ ഹണ്ടറുമാണ് ബജറ്റ് ഫ്രണ്ട്ലി വിവാഹത്തിലൂടെ ഒന്നായത്. ജനുവരിയിൽ വെസ്റ്റ് വിർജിനിയയിലായിരുന്നു വിവാഹം. സ്ഥിരം ശൈലിയായ വെളള ഗൗണിനും, ബ്ലാക് ആന്‍ വൈറ്റ് സ്യൂട്ടിനും പകരം ഇരുവരും തിരഞ്ഞെടുത്തത് സാധാരണ ധരിക്കുന്ന ജീന്‍സും ഷര്‍ട്ടും. വിവാഹം എത്ര ലളിതമാക്കാമോ എത്രയും ലളിതമാക്കണമെന്നായിരുന്നു ഇരുവരുടെയും ആഗ്രഹം. വിവാഹത്തില്‍ ആകെ പങ്കെടുത്തത് കുടുംബങ്ങളടക്കം ക്ഷണിക്കപ്പെട്ട 20 അതിഥികള്‍ മാത്രം.
ചെലവ് 1000 ഡോളറിനുളളില്‍ ഒതുക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം. മേക്കപ്പും ഹെയര്‍സ്റ്റൈലുമടക്കം ഗ്രൂമിങ് എല്ലാം ചെയ്തത് എമി തന്നെ. തന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനം എന്നുകുറിച്ച് എമി തന്നെയാണ് വിവാഹ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. എന്നാല്‍ പരമ്പരാഗത രീതി ഉപേക്ഷിച്ച് വ്യത്യസ്തമായി വിവാഹം നടത്തിയതിന്‍റെ പേരില്‍ ഇരുവര്‍ക്കും ലഭിച്ചത് വിമര്‍ശനങ്ങളും ട്രോളുകളുമായിരുന്നു. അതേസമയം ആശംസയറിയിച്ചും പിന്തുണച്ചും ആളുകളെത്തി. എന്നാല്‍ ഇത്തരം ട്രോളുകളും വിമര്‍ശനങ്ങളും യാതൊരു തരത്തിലും ബാധിക്കില്ലെന്ന് എമിയും ഹണ്ടറും പറഞ്ഞു. ഇരുവരും ഇപ്പോഴും വിവാഹത്തിന്‍റെയും അനുബന്ധചടങ്ങുകളുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുന്നുണ്ട്.