ഒറ്റ ദിവസം കൊണ്ട് 200 യൂണിറ്റ് വാഹനങ്ങള്‍ വിറ്റ് റെക്കോര്‍ഡ് നേടി ചൈനീസ് ഇലക്ട്രിക് വാഹനനിര്‍മാതാക്കളായ ബി.വൈ.ഡി. ഏറ്റവും പുതിയ മോഡലായ സീലിന്‍റെ 200 യൂണിറ്റുകളാണ് ബി.വൈ.ഡി മേയ് 26ന് ഇന്ത്യയില്‍ വിറ്റഴിച്ചത്. ഇന്ത്യയില്‍ അടുത്തയിടെ പ്രഖ്യാപിച്ച ഈ സെഡാന് ഇതിനകം പതിനായിരം ബുക്കിങുകളും ലഭിച്ചിട്ടുണ്ട്.
ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിൽ നടന്ന മെഗാ ഡെലിവറി ഇവന്‍റിലാണ് 200 യൂണിറ്റ് സീല്‍ മോഡലുകള്‍ വിറ്റുപോയത്. കഴിഞ്ഞ മാസം അഞ്ചാം തീയതിയാണ് ഈ ഇലക്ട്രിക് സെഡാനെ കമ്പനി ഇന്ത്യയിലെത്തിച്ചത്.
ഇ6(e6), അറ്റോ 3 (Atto 3) എന്നിവയ്ക്ക് ശേഷം ബി.വൈ.ഡി ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ മോഡലാണ് സീൽ.ഒറ്റ ചാർജിൽ 650 കിലോമീറ്റർ വരെ ഡ്രൈവിങ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന മോഡലിന് 41 ലക്ഷം രൂപയാണ് പ്രാരംഭ എക്സ് ഷോറൂം വില. ഡൈനാമിക്, പ്രീമിയം, പെർഫോമൻസ് എന്നിങ്ങനെ മൂന്ന് വേരിയന്‍റുകളില്‍ സീല്‍ ലഭ്യമാണ്.
61.44kWh, 82.56kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളോടെയാണ് വാഹനം എത്തുന്നത്. 3.8 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുന്ന കരുത്തുറ്റ വാഹനമാണ് സീല്‍. എട്ട് വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്റർ ബാറ്ററി വാറന്‍റിയോടെയാണ് സീലിനെ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ലെവൽ 2 അഡാസ്(ADAS)സംവിധാനങ്ങള്‍, മികച്ച ഇലക്ട്രോണിക് സംവിധാനങ്ങള്‍, ഒന്‍പത് എയർബാഗുകൾ എന്നിവയും വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു.