INDIA-BRITAIN-ECONOMY-AUTO

File photo

ഫാന്‍സി നമ്പര്‍ സ്വന്തമാക്കാന്‍ ചിലര്‍ ഏതറ്റം വരേയും പോകും. കീശ കാലിയായാലും ആഗ്രഹിച്ച സംഖ്യ കിട്ടിയേ തീരൂ. ഈ ആവേശം മഹാരാഷ്ട്ര സര്‍ക്കാരിനും അറിയാം. അതുകൊണ്ട് ഖജനാവിലേക്ക് വരുമാനം കിട്ടാന്‍ സര്‍ക്കാരും ഒരു ‘നമ്പര്‍’ ഇറക്കി. ഫാന്‍സി നമ്പറുകള്‍ കിട്ടാനുള്ള ഫീസ് വര്‍ധിപ്പിച്ചു. മുംബൈ, പുണെ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍  0001 നമ്പറിന് ഇനി ആറ് ലക്ഷം രൂപ നല്‍കേണ്ടിവരും. ആവശ്യക്കാര്‍ കൂടുതല്‍ ഉണ്ടെങ്കില്‍ 18 ലക്ഷം രൂപയായി വീണ്ടും കൂടിയേക്കാം. 

ഓഗസ്റ്റില്‍ ഇറക്കിയ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ വിജ്ഞാപനത്തിലാണ് 0001 നമ്പറിന്റെ വില വര്‍ധിപ്പിച്ചതായി പറയുന്നത്. മുംബൈ, മുംബൈ സബര്‍ബന്‍, പുണെ, താനെ, റായ്ഗഢ്, ഔറംഗബാദ്, നാസിക്, കോലാപുര്‍, നാസിക് തുടങ്ങിയ ഉയര്‍ന്ന ആവശ്യക്കാരുള്ള പ്രദേശങ്ങളില്‍,  ഫീസ് ആറ് ലക്ഷം രൂപയായിരിക്കും. ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളവര്‍, ബിസിനസ് ടൈക്കൂണുകള്‍, പൊതുപ്രവര്‍ത്തകര്‍, നടീനടന്‍മാര്‍ തുടങ്ങിയവരാണ് കൂടുതലും ഫാന്‍സി നമ്പര്‍ സ്വന്തമാക്കാന്‍ മുന്‍നിരയിലുണ്ടാകുക.