കാത്തിരിപ്പിന് വിരാമമിട്ട് ഷ്കോഡ എന്‍ട്രിലവല്‍ എസ്‌യുവി കൈലാക്ക് വിപണിയില്‍. കാഴ്ചയില്‍ കുഞ്ഞന്‍ കുഷാക്. നാല് വേരിയന്‍റിലെത്തുന്ന ഈ വാഹനത്തിന്‍റെ എക്സ് ഷോറും വില 7.89 ലക്ഷത്തില്‍ തുടങ്ങും. കൈലാക്ക് വിപണിയില്‍ എത്തുമ്പോള്‍ മലയാളികള്‍ക്കും അഭിമാനിക്കാം. വാഹനത്തിന് കൈലാക്ക് എന്ന പേരിട്ടത് കാസര്‍കോട് സ്വദേശി സിയാദ് ആണ്. നെയിം യുവര്‍ ഷ്കോഡ എന്ന ക്യാംപയിനിലൂടെ ലക്ഷക്കണക്കിന് പേരുകളില്‍ നിന്നാണ് ഈ പേര് തിരഞ്ഞെടുത്തത്. സ്‌ഫടികത്തിന്‍റെ സംസ്കൃത പദമാണ് കൈലാക്ക്. ആദ്യ കൈലാക് സ്വന്തമാക്കാനുള്ള അസുലഭ ഭാഗ്യവും സിയാദിനാണ്.
രൂപശൈലി സ്‌കോഡയുടെ മറ്റ് മോഡലുകള്‍ക്ക് സമാനം.സിഗ്നേച്ചര്‍ റേഡിയേറ്റര്‍ ഗ്രില്‍, സ്‌പ്ലിറ്റ് എല്‍ ഇഡി ഹെഡ്‌ലാംപ്, ഡേ ടൈം എല്‍ ഇ ഡി ലൈറ്റുകള്‍ ഇവയെല്ലാം അതേപോലെ കൈലാക്കിലുമുണ്ട്. വലിയ എയര്‍ ഡാംപുകളും, സ്‌കിഡ് പ്ലേറ്റുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2566 എംഎം വീല്‍ബേസും 3995എംഎം നീളവുമാണ് ഈ വാഹനത്തിനുള്ളത്. ഗ്രൗണ്ട് ക്ലിയറന്‍സ് 189 എംഎം. റൂഫ് റയില്‍ സൈഡ് ക്ലാഡിങ് എന്നിവകൂടി ചേരുന്നതോടെ വാഹനത്തിന് എസ്.യു.വി.ചന്തം. വലുപ്പത്തിന് ആനുപാതികമായി 17 ഇഞ്ച് ടയര്‍ സൈസും നല്‍കി. വൃത്തിയുള്ള ഒതുക്കമുള്ള പിന്‍ ഡിസൈനാണ് ഈ വാഹനത്തിന്‍റെ മറ്റൊരു സവിശേഷത.
ഉള്‍ഭാഗം കുഷാകിന് സമാനം, 8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്‍റ് ക്ലസ്റ്ററും, രണ്ട് സ്പോക് സ്റ്റിയറിങ് വീലുമെല്ലാം ഈ വാഹനത്തിലും ഉള്‍പ്പെടുത്തി
സെന്‍റര്‍ കണ്‍സോളില്‍ 10 ഇഞ്ച് ടച്ച് സ്ക്രീന്‍ ഘടിപ്പിച്ചിരിക്കുന്നു. ആപ്പിള്‍ കാര്‍ പ്ലെ, ആന്‍ഡ‍്രോയിഡ് ഓട്ടോ എന്നിവ ഇതിലുപയോഗിക്കാം.
മുന്നില്‍ വെന്‍റിലേറ്റഡ് ലതര്‍ സീറ്റുകളാണ്. ഡ്രൈവര്‍ സീറ്റ് ഇല്ക്ട്രിക്കലായി ക്രമീകരിക്കാന്‍ കഴിയും. വാഹന വലുപ്പത്തിന് അനുസരിച്ചുള്ള ലഗ് സ്പേയ്‌സാണ് പിന്നില്‍ ഒരുക്കിയത്. 360 ലിറ്റര്‍ ബൂട്ട് സ്‌പേയ്സും നല്‍കി.
പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ഈ വാഹനം ലഭ്യമാകുക. 999 സിസി മൂന്ന് സിലിണ്ടര്‍ ടിഎസ്ഐ എന്‍ജിനാണ് 115hp കരുത്തും 178 Nm ടോര്‍ക്കും ഇത് നല്‍കുന്നു. 6 സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്സിലും 6 സ്പീഡ് ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയറിലും കൈലാക്ക് ലഭ്യമാകും. കൈലാക്കിന്‍റെ വരവ് ഈ വിഭാഗത്തില്‍ മല്‍സരം ശക്തമാക്കുകയാണ്. മഹീന്ദ്ര എക്‌സ് യുവി, 3എക്‌സ്ഒ, ഹ്യണ്ടേയ് വെന്യു, കിയ സോണറ്റ് എന്നിവരുമായി നേരിട്ട് ഏറ്റുമുട്ടാനുള്ള തയ്യാറെടുപ്പിലാണ് ഷ്കോഡ. ഡിസംബര്‍ 2 ന് വാഹനത്തിന്‍റെ ബുക്കിങ് ആരംഭിക്കും, ജനുവരി അവസാനത്തോടെ വാഹനം വിപണിയിലവതരിപ്പിക്കും