TOPICS COVERED

ഇന്ത്യൻ വാഹന വിപണിയിൽ വമ്പന്‍ തരംഗമാകാന്‍ പോവുകയാണ് സ്കോഡ. വാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്‌കോഡ കൈലാഖ് സബ് കോംപാക്റ്റ് എസ്‌യുവിയുടെ പൂര്‍ണ വില പട്ടിക  കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഒപ്പം വാഹനത്തിന്‍റെ ബുക്കിങും ആരംഭിച്ചു. പത്തു ദിവസത്തിനുള്ളിൽ കൈലാഖ് ബുക്ക് ചെയ്തത് പതിനായിരത്തിലധികം പേരാണ്. എന്‍ട്രി ലെവല്‍ കൈലാക്ക് ക്ലാസിക് വേരിയന്‍റന്‍റെ ബുക്കിങുകള്‍ പൂർണമായതിനാല്‍, ബുക്കിങ് സ്വീകരിക്കുന്നത് നിര്‍ത്തിയതായും കമ്പനി അറിയിച്ചു. 

 7.49 ലക്ഷം രൂപയിലാരംഭിക്കുന്ന ഈ കുഞ്ഞൻ എസ്യുവിയുടെ ഉയർന്ന മോഡലിന് 14.40 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. സ്‌കോഡ കൈലാഖ് ക്ലാസിക്, സിഗ്‌നേച്ചര്‍, സിഗ്‌നേച്ചര്‍ പ്ലസ്, പ്രസ്റ്റീജ് എന്നീ നാല് വേരിയന്റുകളില്‍ ലഭ്യമാണ്. എന്‍ട്രി ലെവല്‍ ക്ലാസിക് ട്രിമ്മിന് 7.89 ലക്ഷം രൂപയും, സിഗ്‌നേച്ചര്‍ എംടിയുടെ വില 9.59 ലക്ഷം രൂപയും, എടി വേരിയന്റിന് 10.59 ലക്ഷം രൂപയും സിഗ്‌നേച്ചര്‍ പ്ലസ് എംടിക്ക് 11.40 ലക്ഷം രൂപയും, എടി വേരിയന്റിന് 12.40 ലക്ഷം രൂപയുമാണ് വില. ഏറ്റവും മികച്ച പ്രസ്റ്റീജ് ട്രിമ്മിന് 13.35 ലക്ഷം രൂപയാണ്.

Also Read; അണിഞ്ഞൊരുങ്ങി ഡിസയര്‍; മിഡ് സൈസ് സെഡാന്‍ ശ്രേണിയില്‍ മല്‍സരം തീപാറും

കൈലാഖിന്‍റെ എന്‍ട്രി ലെവല്‍ മോഡലാണ് ക്ലാസിക്. ആറ് എയര്‍ബാഗുകള്‍, മാനുവല്‍ ഡേ/നൈറ്റ് ഐആര്‍വിഎം, ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, അഡ്ജസ്റ്റബിള്‍ ഹെഡ് റെസ്റ്റ്, ഓട്ടോ എന്‍ജിന്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ്, അനലോഡ് ഡയല്‍ വിത്ത് എംഐഡി, 12 വോള്‍ട്ട് ചാര്‍ജിങ് സോക്കറ്റ്, ഫാബ്രിക്ക് സീറ്റുകള്‍, പവേഡ് വിങ് മിററുകള്‍, 4 സ്പീക്കറുകള്‍ എന്നിങ്ങനെ പോവുന്നു ഫീച്ചറുകളുടെ പട്ടിക. അലോയ് വീലിനു പകരം 16 ഇഞ്ച് സ്റ്റീല്‍ വീലുകളാണ്.

ക്ലാസിക്കിന്‍റെ  അടുത്ത മോഡലാണ് സിഗ്‍നേച്ചര്‍. ഡ്യുവല്‍ ടോണ്‍ ഇന്‍റീരിയര്‍, 5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ടിപിഎംഎസ്, പിന്നില്‍ ഡിഫോഗര്‍, ക്രോം ഗാര്‍ണിഷ്, എസി വെന്റുകള്‍, യുഎസ്ബി ടൈപ് സി പോട്ട്, സ്റ്റീറിങ് മൗണ്ടഡ് കണ്‍ട്രോള്‍, പിന്നില്‍ പാഴ്‌സല്‍ ഷെല്‍ഫ്, രണ്ട് ട്വീറ്ററുകള്‍, ക്രോം ഗാര്‍ണിഷ് എസി വെന്റുകള്‍ എന്നിവയാണ് അധിക ഫീച്ചറുകള്‍. 16 ഇഞ്ച് അലോയ് വീലുകള്‍. ക്ലാസിക്കിലേതു പോലെ സിഗ്നേച്ചറിലും മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണ് സ്‌കോഡ നല്‍കിയിട്ടുള്ളത്. വില 9.59 ലക്ഷം മുതല്‍.

സിഗ്‍നേച്ചര്‍ പ്ലസില്‍ 10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, പിന്നില്‍ സെന്റര്‍ ആംറെസ്റ്റ്, ഡിജിറ്റല്‍ ഡയല്‍, ഓട്ടോ എസി, പവര്‍ ഫോള്‍ഡിങ് മിററുകള്‍, ക്രൂസ് കണ്‍ട്രോള്‍, ഡാഷ് ഇന്‍സര്‍ട്ടുകള്‍, പാഡില്‍ ഷിഫ്‌റ്റേഴ്‌സ്, ലെതര്‍ റാപ്പ്ഡ് സ്റ്റീറിങ് എന്നിവയാണ് അധിക ഫീച്ചറുകള്‍. ഈ വകഭേദം മുതല്‍ മാനുവല്‍ട്രാന്‍സ്മിഷനൊപ്പം ഓട്ടമാറ്റിക് ട്രാന്‍സ്മിഷനും ലഭ്യമാണ്. വില 11.40 ലക്ഷം മുതല്‍. കൈലാഖിന്റെ ഏറ്റവും ഉയര്‍ന്ന വേരിയന്റായ പ്രസ്റ്റീജില്‍ കൂടുതല്‍ വലിയ 17 ഇഞ്ച് അലോയ് വീലുകളാണുള്ളത്. ഓട്ടോ ഡിമ്മിങ് ഐആര്‍വിഎം, റിയര്‍ വൈപ്പര്‍, വെന്റിലേറ്റഡ് സീറ്റുകള്‍, പവേഡ് സണ്‍റൂഫ്, ലെതറൈറ്റ് അപ്പോള്‍സ്ട്രി, പവേഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയാണ് അധികമായി വരുന്ന ഫീച്ചറുകള്‍. വില 13.35 ലക്ഷം മുതല്‍ ആരംഭിക്കുന്നു.

2024 ‍ഡിസംബര്‍ 2നാണ് ബുക്കിങ് ആരംഭിച്ചത്. വാഹനത്തിന്റെ ഡെലിവറി 2025 ജനുവരി 27നു ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്.

ENGLISH SUMMARY:

Skoda is set to make a major impact in the Indian vehicle market with its highly anticipated sub-compact SUV, the Skoda Kalyaq. The full price list for the vehicle was recently announced, and bookings have officially opened. Within just ten days of booking, more than 10,000 people have already reserved the vehicle. Due to the high demand, bookings for the entry-level Kalyaq Classic variant have been fully received, and the company has announced that bookings for this variant will no longer be accepted.