ഇന്ത്യന്‍ വിപണിയിലേക്ക് അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് എത്തുമ്പോള്‍ ഇലക്ട്രിക് കാറുകളുടെ തലവര തന്നെ മാറിമറിയുമോ.. രാജ്യത്ത് ഉത്പാദനം തുടങ്ങും മുന്‍പേ കാറിന്‍റെ ഇറക്കുമതിക്കുള്ള നീക്കത്തിലാണ് ടെസ്‍ലയെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഡല്‍ ത്രീ, മോഡല്‍ വൈ കാറുകളാകും യൂറോപ്പിലെ പ്ലാന്‍റില്‍ നിന്നും ആദ്യം ഇറക്കുമതി ചെയ്യുക.
വില ഏതാണ്ട് 22 ലക്ഷം രൂപയില്‍ താഴെ നില്‍ക്കും. ബിഎംഡബ്ല്യൂ–3 സീരീസിന് സമാനമായ കാറുകളാകും ഇത്. ഇ.വി രംഗത്തെ കരുത്തരായ ടാറ്റയുമായി കൈകോര്‍ത്താണ് ഇന്ത്യയില്‍ നിര്‍മാണ പ്ലാന്‍റ് സ്ഥാപിക്കാന്‍ ടെസ്‍ല ലക്ഷ്യമിടുന്നത്. നിലവില്‍ ടെസ്‍ലയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന ഓട്ടോമൊബൈല്‍ നിര്‍മാണ ഹബ് കൂടിയായ മഹാരാഷ്ട്രയിലെ പുണെയ്ക്കാണ് ആദ്യ പരിഗണന.
വലിയ പദ്ധതികള്‍ സംസ്ഥാനത്ത് നിന്ന് വഴുതിപ്പോകുന്ന ഘട്ടത്തില്‍ കമ്പനിയെ പുണെയില്‍ എത്തിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. മുംബൈയിലും ഡല്‍ഹിയിലും ടെസ്‍ലയുടെ സെയില്‍സ് ഷോറൂമുകള്‍ തുറക്കും. സെയില്‍സും വാഹന സര്‍വീസും അടക്കം 13 തസ്തികകളിലേക്ക് കമ്പനി അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു.
500 മില്യണ്‍ ഡോളറിന് മുകളില്‍ നിക്ഷേപം നടത്തുന്ന ഇ.വി നിര്‍മാതാക്കള്‍ക്കുള്ള ഇറക്കുമതി തീരുവയില്‍ കേന്ദ്രം അടുത്തിടെ ഇളവ് വരുത്തിയിരുന്നു. ഇതിന് പിന്നാലെ യു.എസിലെ മോദി– ഇലോണ്‍ മസ്ക് കൂടിക്കാഴ്ചയും നടപടികള്‍ക്ക് വേഗത കൂട്ടി.