nick-vlogger

Image Credit: Youtube

TOPICS COVERED

തന്നെ പരിഹസിച്ചവര്‍ക്ക് അതേ നാളയത്തില്‍ മറുപടി നല്‍കി യൂട്യൂബര്‍ നിക്കോളാസ് പെറി. നിക്കോകാഡോ അവോക്കാഡോ എന്ന പേരില്‍ അറിയപ്പെടുന്ന പെറി ഏറെ നാളുകളായി അമിതവണ്ണത്തിന്‍റെ പേരില്‍ കളിയാക്കലുകളും വിമര്‍ശനങ്ങളും നേരിട്ടിരുന്നു. എന്നാലിപ്പോഴിതാ വണ്ണം കുറച്ച് തന്‍റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. ഒന്നും രണ്ടുമല്ല 114 കിലോ ഭാരമാണ് കഴിഞ്ഞ 2 വര്‍ഷത്തിനുളളില്‍ പെറി കുറച്ചത്. ഏഴു മാസങ്ങള്‍ക്ക് മുന്‍പാണ് അവസാന വിഡിയോ പെറി ആരാധകര്‍ക്കായി പങ്കുവച്ചത്. പെറിയുടെ പുതിയ രൂപത്തിലുളള വിഡിയോ പുറത്തുവന്നതോടെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ ലോകം.

എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പെറി യുട്യൂബ് ചാനല്‍ തുടങ്ങുന്നത്. ഇന്ന് യുട്യൂബില്‍ 40 ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സുള്ള സെലിബ്രിറ്റിയാണ് നിക്കോളാസ് പെറി. വിവിധതരം ഭക്ഷണം കഴിക്കുന്ന വിഡിയോകളാണ് പെറി പങ്കുവയ്ക്കാറ്. നിക്കോകാഡോ അവോക്കാഡോ എന്ന പേരില്‍ വ്ലോഗ് തുടങ്ങിയ കാലഘട്ടത്തില്‍ വളരെ മെലിഞ്ഞിരുന്ന പെറി പിന്നീട് അമിതവണ്ണത്തിന്‍റെ പിടിയിലകപ്പെടുകയായിരുന്നു.  സബ്‌സ്‌ക്രൈബേഴ്‌സിനെ കൂട്ടാനായി ദിനംപ്രതി ഭക്ഷണ വിഡിയോസ് പെറി പങ്കുവയ്ക്കുമായിരുന്നു. ജങ്ക് ഫുഡ്സിന്‍റെ അമിത ഉപയോഗം പെറിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും അമിതവണ്ണം മൂലം നടക്കാനാകാത്ത അവസ്ഥയിലാകുകയും ചെയ്തിരുന്നു. ഭക്ഷണത്തോടുളള അമിത ആസക്തി പില്‍ക്കാലത്ത് പെറി പങ്കുവച്ച വിഡിയോകളില്‍  വളരെ വ്യക്തമായിരുന്നു. ഇക്കാലയളവിലാണ് പെറിയുടെ വിഡിയോയെയും അമിതവണ്ണത്തെയും കളിയാക്കിയും വിമര്‍ശിച്ചും ഒട്ടേറെ പേര്‍ രംഗത്തെത്തിയത്.‌‌‌ അന്ന് 162 കിലോ ആയിരുന്നു പെറിയുടെ ശരീരഭാരം.

7 മാസങ്ങള്‍ക്ക് മുന്‍പ് പെറി പങ്കുവച്ച വിഡിയോയും കനത്ത പരിഹാസമാണ് ഏറ്റുവാങ്ങിയത്. എന്നാല്‍ വണ്ണം കുറച്ച് മെലിഞ്ഞ രൂപത്തിലെത്തിയതോടെ കഥ മാറി. വിമര്‍ശിച്ചവരടക്കം പെറിയ്ക്ക് അഭിനന്ദനമറിയിച്ച് രംഗത്തെത്തി. 'രണ്ടടി' മുന്നോട്ട് എന്ന പേരിലാണ് പുതിയ വീഡിയോ പെറി പങ്കുവെച്ചത്. നിമിഷനേരം കൊണ്ട് വിഡിയോ വൈറലാകുകയും ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തു. മൂന്ന് കോടിയിലധികം ആളുകളാണ് ഇതിനോടകം പെറിയുടെ പുതിയ വിഡിയോ  കണ്ടുകഴിഞ്ഞത്. കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ ഭാരം കുറയ്ക്കാനുള്ള പരിശ്രമങ്ങള്‍ ചെയ്യുന്നുണ്ടെന്നും ആ കാലയളവില്‍ യുട്യൂബില്‍ പങ്കുവെച്ചതെല്ലാം നേരത്തെ റെക്കോഡ് ചെയ്തുവെച്ച വീഡിയോയാണെന്നുമുളള പെറിയുടെ വെളിപ്പെടുത്തലും ആരാധകരെ ഞെട്ടിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷവും നിരന്തരം പെറി പങ്കുവച്ചതെല്ലാം മുന്‍പ് റെക്കോര്‍ഡ് ചെയ്ത വിഡിയോകളായിരുന്നു. ഭീമന്‍ പാണ്ടയുടെ മുഖംമൂടി വെച്ചാണ് പെറി തന്‍റെ പുതിയ വീഡിയോ തുടങ്ങുന്നത്. നിങ്ങള്‍ ഇതുവരെ കണ്ടതെല്ലാം സ്വപ്‌നമാണെന്നും ഇതാണ് യാഥാര്‍ഥ്യമെന്നും പറഞ്ഞുകൊണ്ടാണ് പെറി തന്‍റെ വെയിറ്റ് ലോസ് രഹസ്യം പങ്കുവച്ചത്. ആരോഗ്യം വീണ്ടെടുത്ത പെറിക്ക് ഇപ്പോള്‍ ആശംസകള്‍ നേരുകയാണ് സോഷ്യല്‍ ലോകം. 

ENGLISH SUMMARY:

Youtuber lost 114 kg in 2 years