ലോകമെമ്പാടും ആരാധകരുളള കേക്കാണ് മെറ്റില്‍ഡ കേക്ക്. ഈയടുത്ത് റീലുകളിലൂടെയാണ് കേക്ക് വീണ്ടും ശ്രദ്ധയാകര്‍ഷിച്ചത്. ചോക്ലേറ്റ് പ്രേമികളുടെ ഇഷ്ടവിഭവമായ മെറ്റില്‍ഡ കേക്ക് കഴിക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടിയും വ്ലോഗറുമായ അഹാന കൃഷ്ണ. ദുബായില്‍ നിന്നും മെറ്റില്‍ഡ കേക്ക് കഴിക്കുന്ന വീഡിയോ താരം തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പങ്കുവച്ചത്.
ചോക്ലേറ്റ് ഒലിച്ചിറങ്ങുന്ന മെറ്റില്‍ഡ കേക്ക് കഴിക്കാന്‍ ഒട്ടേറെപ്പേരാണ് ലോകത്തിന്‍റെ പലഭാഗത്തുനിന്നും എത്തുന്നത്. ഒട്ടുമിക്ക ആളുകള്‍ക്കും മെറ്റില്‍ഡ കേക്ക് വെറുമൊരു മധരുപലഹാരം മാത്രമല്ല. കുട്ടിക്കാലത്തെ മധുരമുള്ള ഓര്‍മകളാണ് ഈ മധുരം അവര്‍ക്ക് സമ്മാനിക്കുന്നത്. ദുബായിലെത്തുന്ന സന്ദര്‍ശകരില്‍ ഭൂരിഭാഗം പേരും മെറ്റില്‍ഡ കേക്കിന്‍റെ മധുരം നുണയാതെ ഇവിടെ നിന്നും പോകാറില്ല. ലണ്ടനടക്കമുളള വിദേശരാജ്യങ്ങളിലെല്ലാം സുലഭമാണ് മെറ്റല്‍ഡ കേക്ക്. ദുബായില്‍ ഏകദേശം 93 ദിർഹം അഥവാ 2129 രൂപ വിലവരും മെറ്റില്‍ഡ കേക്കിന്. ഒരു സാധാരണ ചോക്ലേറ്റ് എന്നതിനപ്പുറം വലിയൊരു കഥാ തന്നെ മെറ്റില്‍ഡ കേക്കിന് പിന്നിലുണ്ട്.
പേര് വന്ന വഴി...!
എക്കാലത്തെയും മികച്ച ബാലസാഹിത്യനോവലുകളിൽ ഒന്നായ മെറ്റല്‍ഡയില്‍ നിന്നുമാണ് ഈ കേക്കിനെ കുറിച്ച് ലോകം കേള്‍ക്കുന്നതും അറിയുന്നതും. ബ്രിട്ടീഷ് എഴുത്തുകാരനായ റൊആൽഡ് ദാലാണ് മെറ്റില്‍ഡ എഴുതിയത്. പിന്നീട് 1988 ല്‍ ജൊനാദൻ കേപാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. നാലു വയസുകാരി മെറ്റിൽഡ എന്നു പേരുള്ള പെൺകുട്ടിയാണ് നോവലിലെ പ്രധാന കഥാപാത്രം. പ്രായത്തില്‍ കവിഞ്ഞ ബുദ്ധിയുളള മെറ്റില്‍ഡയുടെ ജീവിതത്തിലൂടെ വായനക്കാരെ കൊണ്ടുപോകുകയാണ് നോവല്‍. മെറ്റില്‍ഡ പഠിക്കുന്ന സ്കൂളിനെയും ഇംഗ്ലണ്ടിലെ ബക്കിങ്ങാംഷയർ എന്ന ഗ്രാമത്തെയെല്ലാം പശ്ചാത്തലമാക്കിയാണ് നോവല്‍ ഒരുക്കിയിരിക്കുന്നത്.
മെറ്റിൽഡ പഠിക്കുന്ന സ്കൂളിലെ ക്രൂരയായ ഹെഡ്മിസ്ട്രസും നോവലിലെ പ്രധാന കഥാപാത്രങ്ങളിലൊരാളാണ്. മിസ് ട്രഞ്ച്ബുൾ എന്നാണ് ഹെഡ്മിസ്ട്രസിന്‍റെ പേര്. ഹെഡ്മിസ്ട്രസിന് കഴിക്കാന്‍ തയ്യാറാക്കുന്ന ഒരു കേക്ക് ആ സ്കൂളിലെ മറ്റൊരു കുട്ടിയായ ബ്രൂസ് ബോഗ്‌ട്രോട്ടർ മോഷ്ടിച്ചു കഴിക്കുന്നു. ഇവിടെയാണ് മെറ്റില്‍ഡ കേക്കിനെ എഴുത്തുകാരന്‍ പ്രേക്ഷകന് പരിചയപ്പെടുത്തുന്നത്. കേക്ക് മോഷ്ടിച്ചതിന്‍റെ ശിക്ഷയെന്നോണം ആ ഭീമന്‍ കേക്ക് മുഴുവനും കഴിക്കാന്‍ ട്രഞ്ച്ബുൾ ബ്രൂസിനോട് പറയുന്നു. ആ ആണ്‍കുട്ടിയാകട്ടെ സഹപാഠികളുടെ കയ്യടി ഏറ്റുവാങ്ങി ആ കേക്ക് മുഴുവന്‍ കഴിക്കുന്നു. ബ്രൂസിന്‍റെ ദൃഡനിശ്ചയത്തിന്‍റെയും മനസ്സുറപ്പിന്‍റെയും പ്രതീകമായാണ് കേക്കിനെ ചിത്രീകരിച്ചിരിക്കുന്നത്.
പിന്നീട് ആ നോവല്‍ സിനിമയായപ്പോഴും കേക്ക് കഥയുടെ പ്രധാന ഭാഗമായി മാറി. ഭീമന്‍ ചോക്ലേറ്റ് കേക്ക് ആദ്യം ഭയത്തോടെയും പിന്നീട് ആവേശത്തോടെയും കഴിക്കുന്ന ബ്രൂസിന്‍റെ രംഗം അതിഗംഭീരമായാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. 90's കിഡ്സിന്‍റെ എക്കാലത്തെയും ഇഷ്ടചിത്രങ്ങളില്‍ ഒന്നാണ് മെറ്റില്‍ഡ. നോവലും സിനിമയും ലോകശ്രദ്ധ പിടിച്ചുപറ്റിയതിന് പിന്നാലെ മെറ്റില്‍ഡ കേക്കും വിപണി കീഴടക്കി. രുചിയറിഞ്ഞവരെല്ലാം പിന്നീട് മെറ്റില്‍ കേക്കിന്‍റെ ഫാന്‍ ആയി മാറി.