ദീര്‍ഘ ദൂര യാത്രയില്‍ പലരുടേയും പേടി സ്വപ്നമാണ് ട്രെയിനിലെ ഭക്ഷണം. ഇത് കഴിക്കാന്‍ ബുദ്ധിമുട്ടായതുകൊണ്ട് ഭക്ഷണം ഒഴിവാക്കി പട്ടിണി ഇരുന്ന് പോലും യാത്ര ചെയ്യുന്നവരുണ്ട്. എന്നാല്‍ ട്രെയിനിലിരുന്നു സൊമാറ്റോയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത അനുഭവം പങ്കുവക്കുകയാണ് ടെക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സണ്ണി ഗുപ്ത എന്ന യുവാവ്. മുംബൈയില്‍ നിന്ന് പൂനെയിലേക്കുള്ള യാത്രയ്ക്കിടെയാണ് സൊമാറ്റോ ആപ്പ് വഴി ഇദ്ദേഹം ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്.
സൊമാറ്റോ ആപ്പില്‍ തന്റെ പാസഞ്ചര്‍ നെയിം റെക്കോര്‍ഡ് നമ്പര്‍ ആദ്യം നല്‍കി. ശേഷം ഭക്ഷണം എത്തിക്കേണ്ട പനവേല്‍ സ്റ്റേഷനാണ് തെരഞ്ഞെടുത്തു. ട്രെയിനിലെ ഭക്ഷണം വേണ്ടെന്ന് തീരുമാനിച്ചതിനാലാണ് സൊമാറ്റോയില്‍ ഒന്നു ശ്രമിച്ചുനോക്കാമെന്ന് തീരുമാനിച്ചതെന്ന് സണ്ണി എക്‌സില്‍ കുറിച്ചു.
ട്രിപ്പിള്‍ ഷെസ്വാന്‍ റൈസ് ആണ് താന്‍ ഓര്‍ഡര്‍ ചെയ്തതെന്നും മികച്ച സേവനമായിരുന്നു സൊമാറ്റോയില്‍ നിന്ന് തനിക്ക് ലഭിച്ചതെന്നും സണ്ണി പറഞ്ഞു. യാത്രയ്ക്ക് നാല് ദിവസം മുമ്പ് മുന്‍കൂട്ടി സൊമാറ്റോ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. ഭക്ഷണം ഉണ്ടാക്കാന്‍ തുടങ്ങുന്നതിന് മുമ്പ് എപ്പോള്‍ വേണമെങ്കിലും ഓര്‍ഡര്‍ ക്യാന്‍സലും ചെയ്യാം.
തന്‍റെ ഭക്ഷണവുമായി സൊമാറ്റോ ഡെലിവറി ജീവനക്കാരന്‍ പനവേല്‍ സ്റ്റേഷനില്‍ ട്രെയിന്‍ വരുന്നത് വരെ കാത്തുനിന്നുവെന്നും സണ്ണി പറഞ്ഞു. ഇതാദ്യമായിട്ടാണ് ഡെലിവറിയ്ക്കായി സൊമാറ്റോ ഡെലിവറി ഏജന്റ് തന്നെ കാത്തുനില്‍ക്കുന്നത് എന്ന് സണ്ണി പറഞ്ഞു. നിരവധി പേരാണ് സണ്ണിയുടെ പോസ്റ്റ് ഏറ്റെടുത്ത് രംഗത്തെത്തിയത്. ഇതിനോടകം തന്നെ പത്ത് ലക്ഷത്തിലധികം പേര്‍പോസ്റ്റ് കണ്ടു.