TOPICS COVERED

മധുരവും എരിവും പുളിയും ഉപ്പും ഓരോ മനുഷ്യരിലും പല തോതിലാണ് അനുഭവപ്പെടുന്നത്. ചിലര്‍ക്ക് നന്നായി മധുരം വേണം, ചിലര്‍ക്ക് എരിവിനോടാണ് പ്രിയം. എന്നാല്‍ ഉപ്പുരുചിയോട് പ്രിയമുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പാണ് ഈ റിപ്പോര്‍ട്ട്. പാകമായ തോതില്‍ ഉപ്പില്ലെങ്കില്‍ ഒരു ഭക്ഷണത്തിനും രുചി കാണില്ല. പക്ഷേ അളവ് കൂടിയാലോ അത് കഴിക്കാനും കൊളളില്ല. എങ്കിലും ഓരോ വ്യക്തിക്കും ഉപ്പിന്റെ പാകം പലപ്പോഴും ഏറിയും കുറഞ്ഞുമിരിക്കും. കറികളില്‍ ഉപ്പുണ്ടെങ്കിലും ചോറില്‍ ഒഴിച്ചു കഴിക്കുമ്പോള്‍ വീണ്ടും ഉപ്പുവെള്ളം ഒഴിക്കുന്നത് ചിലരുടെ പതിവാണ്. അത്തരത്തില്‍ കൂടുതല്‍ ഉപ്പ് ഉപയോഗിക്കുന്നവരാണെങ്കില്‍ ഒന്നു കരുതിയിരിക്കുന്നത് നല്ലതാണ്. 

ജീവിതത്തെയും ആരോഗ്യത്തെയും ഒന്നടങ്കം ബാധിക്കാന്‍ സാധ്യതയുള്ളതാണ് ഈ അമിത ഉപ്പുപയോഗം. പ്രധാനമായും നമ്മുടെ വയറിനെ. വയറ്റില്‍ അര്‍ബുദമുണ്ടാക്കുന്നതില്‍ പ്രധാന വില്ലനാണ് ഉപ്പ്. എച്ച് .പൈലോറി അഥവാ ഹെലികോബാക്ടര്‍ പൈലോറി എന്നറിയപ്പെടുന്ന ആമാശയ കാന്‍സറിന് കാരണമായ ബാക്ടീരിയയുടെ ആക്രമണത്തിന് അമിത ഉപ്പുപയോഗം  വഴിവക്കുന്നു. അച്ചാറുകളും, സംസ്കരിച്ച മത്സ്യവും മാംസവും അമിതമായി ഉപയോഗിക്കുന്നവരും കരുതിയിരിക്കണം. 

മ്യൂക്കസ്‌പാളിയെ ആക്രമിക്കും

അമിതമായ ഉപ്പ്  ആമാശയത്തിലെ സംരക്ഷിത മ്യൂക്കസ് പാളിയ്ക്ക് നാശമുണ്ടാക്കും, ഇത് കാലക്രമേണ വിട്ടുമാറാത്ത നീര്‍വീക്കത്തിനും സെല്ലുലാർ തകരാറിനും കാരണമാകുന്നു, ഇത് ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു.

എച്ച് പൈലോറി ആക്രമണം സുഗമമാക്കുന്നു

ഹെലികോബാക്ടര്‍ പൈലോറി ബാക്ടീരിയ ആക്രമണം സുഗമമാക്കി ആമാശയ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു. ഉപ്പുചേര്‍ത്തുവരുന്ന സംസ്കരിച്ച ഭക്ഷണപദാര്‍ഥങ്ങളില്‍ വലിയ അളവില്‍ നൈട്രൈറ്റ്സും, നൈട്രേറ്റ്സും അടങ്ങിയിട്ടുണ്ട്. ഇവ ആമാശയത്തിലെ ആസിഡുമായി പ്രതിപ്രവര്‍ത്തിച്ച് കാര്‍സിനോജനിക് സംയുക്തങ്ങളായി മാറുന്നു. 

പ്രതിരോധം തകര്‍ക്കുന്നു

വയറിന്റെയും ആമാശയത്തിന്റെയും സ്വാഭാവിക പ്രതിരോധത്തെ ക്ഷയിപ്പിച്ച് പ്രോസ്റ്റാഗ്ലാന്‍ഡിന്‍സ് സംയുക്തങ്ങളെ ദുര്‍ബലമാക്കുന്നു. ആമാശയത്തിന്റെ പ്രതിരോധത്തെ ശക്തമാക്കുന്ന ഇവ ഇല്ലാതാകുന്നതോടെ രോഗം കടന്നാക്രമിക്കുന്നു. അധിക ഉപ്പ് ആമാശയത്തിൽ ഫ്രീ റാഡിക്കലുകളെ ഉത്പാദിപ്പിക്കും, ഇത് ഡിഎൻഎ തകരാറിലാകുന്നതിനും ക്യാൻസർ മ്യൂട്ടേഷനുകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും.

ഗട്ട് ബാക്ടീരിയയുടെ സന്തുലിതാവസ്ഥ തകര്‍ക്കും 

അമിതമായി ഉപ്പ് കഴിക്കുന്നത് കുടൽ ബാക്ടീരിയയുടെ സന്തുലിതാവസ്ഥയെ മാറ്റിമറിച്ചേക്കാം, ഇത് വയറിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

മനുഷ്യരുടെ ആഹാരരീതിയും ജീവിതശൈലിയുമാണ് ഒരു പരിധി വരെ ആമാശയ കാന്‍സറിനു കാരണമാകുന്നത്.ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ നല്ല പഴങ്ങളും പച്ചക്കറികളും ഇലവര്‍ഗങ്ങളും നന്നായി കഴിക്കുക എന്നതാണ് ഇത്തരം രോഗങ്ങളെ അകറ്റാനുള്ള ഒരു മാര്‍ഗം. അച്ചാറുകളും സംസ്കരിച്ച ഭക്ഷണപദാര്‍ഥങ്ങളും കഴിയുന്നതും ഒഴിവാക്കുക. 

Can Too Much Salt Increase Your Risk Of Stomach Cancer?:

Can Too Much Salt Increase Your Risk Of Stomach Cancer? How excessive salt intake increases the risk of stomach cancer, report explaining.