Image Credit: youtube.com/@BalaKokilaofficial
നടന്‍ ബാലയുടെ ആരാധകര്‍ക്കിടയില്‍ തരംഗമാകുകയാണ് ബാല ഭാര്യ കോകിലയ്ക്കൊപ്പം തുടങ്ങിയ യൂട്യൂബ് ചാനലും. ആഴ്ചകള്‍ക്ക് മുന്‍പ് തുടങ്ങിയ ചാനലിലെ പല വിഡിയോകള്‍ക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഇതിനകം ലഭിച്ചിരിക്കുന്നത്. ഹോം ടൂറും ഒപ്പം ചേര്‍ന്നുള്ള പാചകവുമെല്ലാം സ്ഥിരമായി ചാനലിലൂടെ ഇരുവരും പങ്കുവയ്ക്കാറുണ്ട്. ഇക്കൂട്ടത്തില്‍ തമിഴ്നാട്ടിലെ ജനപ്രിയ വിഭവങ്ങള്‍ ഉണ്ടാക്കുന്ന വിഡിയോകളും കിച്ചണ്‍ ടൂറും ഉള്‍പെടുന്നു.
കുഴി പനിയാരം, കാര ചട്ണി എന്നിവയുണ്ടാക്കുന്ന വിഡിയോയാണ് ഇരുവരും ഏറ്റവും പുതുതായി പങ്കുവച്ചിട്ടുള്ളത്. കൂടാതെ പെപ്പര്‍ ചിക്കനും രസവും ഉണ്ടാക്കുന്ന വിഡിയോയും തൈര്‍ സാദവും മാങ്ങാ തൂക്കും ഉണ്ടാക്കുന്ന വിഡിയോകളും പങ്കുവച്ചിട്ടുണ്ട്. മിക്ക വിഡിയോകളും ‘എന്‍റെ ബാല മാമയ്ക്ക്’ എന്നെഴുതിയാണ് പങ്കുവച്ചിട്ടുള്ളത്. ഉണ്ടാക്കിയ വിഭവങ്ങള്‍ ഇരുവരും ചേര്‍ന്ന് കഴിക്കുന്നതും വിഡിയോകളിലുണ്ട്. തൈര് സാദവും മാങ്ങാ തൂക്കും ചേര്‍ത്ത്, കോകില ബാലയെ ഊട്ടുന്നതും വിഡിയോയില്‍ കാണാം. ജീവിതത്തില്‍ എന്തൊക്കെ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായാലും, ഇങ്ങനെ ഭക്ഷണം ഊട്ടിത്തരാന്‍ ഒരാളുള്ളത് സൗഭാഗ്യമാണെന്നും ബാല വിഡിയോയില്‍ പറയുന്നു. തൈര് സാദവും മാങ്ങാ തൂക്കും ഉണ്ടാക്കുന്ന വിഡിയോക്ക് എഴ് ലക്ഷത്തിലധികം കാഴ്ചക്കാരുമുണ്ട്.
ഇരുവരുടെയും വിഡിയോകള്‍ക്ക് വലിയ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. ‘കോകിലയുടെ മാമ എന്നുള്ള വിളി കേൾക്കാന്‍ തന്നെ എന്ത്ക്യൂട്ട് ആണ്, കോകില ബാലയുടെ സൗഭാഗ്യമാണ്, ആ നിഷ്കളങ്കമായ ചിരി ഒരിക്കലും നഷ്ടപ്പെടുത്താതെ നോക്കണം, രണ്ടാൾക്കും കണ്ണ് കിട്ടാതിരിക്കട്ടെ, ഒറ്റ വിഡിയോ പോലും മിസ് ചെയ്യാറില്ല’ എന്നിങ്ങനെ നീളുന്നു വിഡിയോക്കു താഴെയുള്ള കമന്‍റുകള്‍.