പഴങ്കഞ്ഞിക്കും ഒരു ദിവസം ഉണ്ട്. ഒഡീഷക്കാരുടെ പഖാല ദിബസ് അഥവാ പഴങ്കഞ്ഞി ദിവസം ഇന്നാണ്. തലേന്നത്തെ ചോറ് ലേശം വെള്ളമൊഴിച്ച് മൺകലത്തിൽ സൂക്ഷിച്ചാൽ രാവിലെ പഴങ്കഞ്ഞി റെഡി. തൈരും മുളകും ചമ്മന്തിയും ഞെരടിയ പഴങ്കഞ്ഞിക്ക് മുന്നിൽ ദോശയും പൊറോട്ടയും വരെ മാറിനിൽക്കും. ഇല്ലായ്മയുടെ കാലത്തും പഴങ്കഞ്ഞി ഹിറ്റായത് ഇച്ചിരി കറി മതിയെന്നതിനാൽ ആണെന്നാണ് വീട്ടിലെ അമ്മമാരുടെ പക്ഷം.
നമ്മൾ കേരളീയരെ സംബന്ധിച്ചിടുത്തോളം പണ്ടുമുതലേ പ്രഭാത ഭക്ഷണം പഴങ്കഞ്ഞിക്ക് വലിയ പ്രാധാന്യം നൽകിയിരുന്നു. കാലാവസ്ഥയുടെ അനുസരിച്ചാണ് തണുപ്പുകാലത്ത് അത്രയധികം ഉപയോഗിക്കില്ല. ചൂടുകാലത്ത് മിച്ചം വരുന്ന ചോറ് മൺകലത്തിൽ ആക്കി ഉള്ളി ചതച്ച് ഇട്ടുവയ്ക്കും.
ഉള്ളി തണുപ്പ് കൂടിയ ഭക്ഷണപദാർത്ഥമാണ്, അതുകൂടി കഴിക്കുമ്പോൾ ശരീരത്തിന് ഒരു തണുപ്പ് ഉണ്ടാകും, കാലാവസ്ഥയെ പ്രതിരോധിക്കാനാണ് പണ്ടുള്ളവർ ഇങ്ങനെ ചെയ്തുകൊണ്ടിരുന്നത്
പഴങ്കഞ്ഞിക്ക് ഔഷധഗുണങ്ങൾ ഒരുപാടുണ്ട്. ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കിടക്കുന്ന ചോറ് ഫെർമെന്റേഷനിലൂടെ പ്രോബയോട്ടിക്സിന്റെ കലവറയാകുന്നു. ആമാശയത്തിന് അത്യുത്തമം. എല്ലുകൾക്ക് ബലം നൽകുന്ന പൊട്ടാസ്യത്താലും അയണിനാലും സമ്പന്നം. മറ്റ് ഭക്ഷണത്തിൽ അത്രയൊന്നും കാണാത്ത ബി6, ബി12 വൈറ്റമിനുകൾ വേറെ.