ചിത്രം വലത് (കടപ്പാട്:instagram.com/jasminscookhouse)
തലക്കെട്ട് കണ്ട് മാധ്യമങ്ങളുടെ സ്ഥിരം പരിപാടിയെന്ന് വിമര്‍ശിക്കാന്‍ വരേണ്ട. സുനിത വില്യംസിന് മനസ് നിറയുവോളം ഭക്ഷണം വിളമ്പിയ ദുബായ് കരാമ പാരഗണ്‍ ഹോട്ടലിന്‍റെ നടത്തിപ്പുകാരാണ് സാക്ഷികള്‍. കേരള രുചി നിറഞ്ഞ ഭക്ഷണം ആവോളം കഴിച്ച് സന്തോഷം പങ്കുവച്ച സുനിത ഇവരുടെ ആവേശകരമായ ഓര്‍മയാണ്.
2023 നവംബറിലെ ഷാര്‍ജ പുസ്തകോല്‍സവ സമയത്താണ് സുനിത വില്യംസ് ഹോട്ടലിലെത്തിയത്. അപ്പവും മിനി പൊറോട്ടയും നെയ്പ്പായസവും കോഴി പൊരിച്ചതുമൊക്കെ അടങ്ങുന്നതായിരുന്നു സുനിതയ്ക്കും സംഘത്തിനും ഒരുക്കിയ വിഭവങ്ങള്‍. 'മലബാറി സീ ഫുഡ് സൂപ്പും', കൊഞ്ചും, ഇളനീര്‍ പുഡ്ഡിങുമെല്ലാം അവര്‍ ആസ്വദിച്ചു കഴിച്ചു. പക്ഷേ, വിരുന്നിലെ ഹൈലൈറ്റ് അവസാനമായിരുന്നു.
പ്രതീകാത്മക ചിത്രം
ഡസര്‍ട്ടായി കൊടുത്ത ബീറ്റ്റൂട്ട് ഹല്‍വ വിത്ത് ഐസ്ക്രീം. അതാണ് സുനിതയുടെ മനസ് കീഴടക്കിയത്. രുചിച്ചു കഴിഞ്ഞതും സുനിത പറഞ്ഞു ' ഇതെനിക്ക് എന്‍റെ അടുത്ത യാത്രക്ക് വേണം. നാസയോട് ഇത് സംഘടിപ്പിച്ച് ബഹിരാകാശ യാത്രക്ക് കൊണ്ടുപോകാവുന്ന വിധത്തിലാക്കണമെന്ന് ഞാന്‍ പറയും' . കൂടെയുണ്ടായിരുന്നവരും ഹോട്ടല്‍ ജീവനക്കാരുമെല്ലാം ചിരിച്ചു പോയി. സുനിത അന്ന് രണ്ടര മണിക്കൂറിലേറോളമാണ് ഹോട്ടലില്‍ ചെലവഴിച്ചത്. സുനിതയെ ഭക്ഷണത്തില്‍ 'വീഴ്ത്തിയ' നിമിഷം മറക്കാനാകില്ലെന്ന് പാരഗണ്‍ ഗ്രൂപ്പ് ഓഫ് റസ്റ്ററന്‍റ്സ് എംഡി സുമേഷ് ഗോവിന്ദ് ഓര്‍ത്തെടുക്കുന്നു.
നമ്മള്‍ കാണാത്ത പ്രപഞ്ചങ്ങള്‍ കണ്ട സുനിതയെ തൊട്ടടുത്ത് കണ്ടതിന്‍റെ അമ്പരപ്പിലായിരുന്നു അന്ന് ജീവനക്കാര്‍. കൂടെ നിന്നൊരു ഫോട്ടോ എന്ന ആഗ്രഹം അല്‍പം മടിയോടെയാണ് ഗസ്റ്റ് റിലേഷന്‍ എക്സിക്യൂട്ടീവായ കണ്ണൂര്‍ വേങ്ങര സ്വദേശി രാജേഷ് അവതരിപ്പിച്ചത്. സന്തോഷത്തോടെ സുനിത ഫോട്ടോക്ക് പോസ് ചെയ്ത നിമിഷം രാജേഷിനും മറക്കാനാവില്ല.
ആകസ്മികതകളെ പുഞ്ചിരിയോടെ നേരിട്ട ധീരവനിതക്ക് ഭൂമിയിലേക്ക് സ്വാഗതമോതി ഹോട്ടലില്‍ ഒരു ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. വീണ്ടുമൊരിക്കല്‍ കൂടി മലയാളത്തിന്‍റെ രുചിയറിയാന്‍ സുനിതയെത്തുമെന്ന പ്രതീക്ഷയോടെ.