കുട്ടികളുടെ വളര്‍ച്ച, തലച്ചോറിന്റെ പ്രവർത്തനം, പേശികളുടെ ആരോഗ്യം എന്നിവയിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് മഗ്നീഷ്യം. എന്നിരുന്നാലും ഇന്ന് പല കുട്ടികളിലും മഗ്നീഷ്യത്തിന്റെ അപര്യാപ്തത പ്രകടമാണ്. കുട്ടികളില്‍ മഗ്നീഷ്യം അളവ് കുറയുന്നതിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ മാതാപിതാക്കൾ നിരീക്ഷിക്കേണ്ടതുണ്ട്. കുട്ടികളിൽ മഗ്നീഷ്യം കുറവ് കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്, കാരണം അതിന്റെ ലക്ഷണങ്ങൾ മറ്റ് സാധാരണ പ്രശ്നങ്ങളുമായി സാമ്യമുള്ളതായിരിക്കാം. ശരീര വേദന, പേശിവലിവ് എന്നിവ മഗ്നീഷ്യത്തിന്റെ കുറവിനെ സൂചിപ്പിക്കുന്നവയാണ്.
ഇത് കൂടാതെ ഉറങ്ങാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക, ഉറക്കത്തില്‍ നിന്ന് ഇടയ്ക്കിടെ എഴുന്നേല്‍ക്കുന്നതും പെട്ടന്നുള്ള സ്ട്രസ്, ഉത്കണ്ഠ എന്നിവയും മഗ്നീഷ്യം കുറയുന്നതിന്റെ ലക്ഷണങ്ങളാകാം. പ്രത്യകിച്ച് കാരണങ്ങളൊന്നുമില്ലാതെ വിട്ടുമാറാത്ത തലവേദന അനുഭവപ്പെടുന്നു. ശരിയായ വിശ്രമത്തിന് ശേഷവും ക്ഷീണവും ബലഹീനതയും ഉണ്ടാവുക. പഠനത്തിലും മറ്റു കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട്, അല്ലെങ്കിൽ എളുപ്പത്തിൽ കാര്യങ്ങൾ മറന്നുപോകുക എന്നതും മഗ്നീഷ്യം വേണ്ടയളവില്‍ ഇല്ലാത്തതിന്റെ ലക്ഷണങ്ങളാകാം.
കുട്ടികളിൽ മഗ്നീഷ്യം അളവ് കുറയുന്നതിന് നിരവധി ഘടകങ്ങൾ കാരണമാകുന്നുണ്ട്. മഗ്നീഷ്യം അടങ്ങിയ നട്സ്, ഇലക്കറികൾ എന്നിവയ്ക്ക് പകരം വപഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ കഴിക്കുന്നത് ഇതിന് കാരണമാകുന്നുണ്ട്. അമിതമായി കളിക്കുന്നതിലൂടെയും മറ്റും വിയര്‍പ്പ് വഴി മഗ്നീഷ്യം നഷ്ടമായേക്കാം. ദഹന പ്രശ്നങ്ങള്‍, കുടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമുണ്ടെങ്കില്‍ മഗ്നീഷ്യം ആഗിരണം ചെയ്യുന്നത് തടസപ്പെടാം. ചില ആൻറിബയോട്ടിക്കുകൾ, ഡൈയൂററ്റിക്സ്, ആസ്ത്മക്കായുള്ള മരുന്നുകൾ എന്നിവ കാലക്രമേണ മഗ്നീഷ്യത്തിന്റെ അളവ് കുറച്ചേക്കാം.
ജീവിതശൈലി മാറ്റങ്ങളിലൂടെ മഗ്നീഷ്യം കുറവ് നിയന്ത്രിക്കാന്‍ കഴിയും. ഭക്ഷണത്തിൽ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ഇലക്കറികൾ, നട്സ് , വിത്തുകൾ, വാഴപ്പഴം, ധാന്യങ്ങൾ ഇവയെല്ലാം ആവശ്യത്തിന് കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ആവശ്യമെങ്കില്‍ ഡോക്ടറുടെ ശുപാര്‍ശ അനുസരിച്ച് ഗുളികകളും കഴിക്കാം. ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടും സ്ഥിരമായ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. രക്തം പരിശോധിച്ചാല്‍ മഗ്നീഷ്യത്തിന്റെ അളവ് അറിയാന്‍ കഴിയും.