ഓസ്ട്രേലിയയില്‍ ഇനി ഓഫീസ് വീട്ടിലേക്ക് കൊണ്ടുപോകേണ്ട. ജോലികഴിഞ്ഞാല്‍ ഫോണും മെയിലുമടച്ച് വീട്ടില്‍ പോകാം . മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള ജോലി കഴിഞ്ഞാലും ഓഫീസ് സംബന്ധമായ ഫോണ്‍കോളുകളും മെയിലുകളും കൊണ്ട് മതിയായി വിശ്രമിക്കാനാവാത്തവരാണ് ഭൂരിഭാഗം പേരും. ജോലിയിലെ നിലനില്‍പ്പിനെക്കുറിച്ചോര്‍ത്തും മേലുദ്യോഗസ്ഥരില്‍ നിന്നുണ്ടാവിനിടയുള്ള മോശം സമീപനം ഭയന്നുമാണ് ഇത്തരം കോളുകള്‍ക്ക് മറുപടി നല്‍കാന്‍ പലരും നിര്‍ന്ധിതരാവുന്നത്. എന്നാല്‍ ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജോലിസമയത്തിന് ശേഷമുള്ള ഇത്തരം ജോലിസംബന്ധമായ കോളുകള്‍ ഇനി ധൈര്യമായി അവഗണിക്കാം.
തൊഴിലാളികള്‍ക്ക് ജോലി സമയത്തിന് ശേഷം സ്വതന്ത്രരാകാന്‍ അധികാരം നല്‍കുന്ന ‘റൈറ്റ് റ്റു ഡിസ്കണക്ട്’ നിയമം ഓസ്ട്രേലിയയില്‍ പ്രാബല്യത്തില്‍ വന്നു. ഫെബ്രുവരിയില്‍ പാസായ നിയമം ഇടത്തരം, വന്‍കിട കമ്പനികളില്‍ തിങ്കളാഴ്ച മുതലും 15 ജീവനക്കാരില്‍ താഴെയുള്ള കമ്പനികളില്‍ അടുത്തവര്‍ഷം ഓഗസ്റ്റ് 26 മുതലും നിലവില്‍വരും. നിയമനടത്തിപ്പിന്റെ ചുമതല ഒരു ട്രിബ്യൂണലിനായിരിക്കും.നിയമം പ്രാബല്യത്തില്‍ വന്നതോടെ മേലധികാരികള്‍ അനാവശ്യമായി ജോലിക്കാരുമായി ബന്ധപ്പെടുന്നത് ട്രിബ്യൂണലിന് തടയാന്‍ സാധിക്കും.അവശ്യസമയങ്ങളിലെ മേലധികാരികളുടെ സന്ദേശങ്ങള്‍ ജീവനക്കാര്‍ അവഗണിക്കുന്നത് ഒഴിവാക്കാനും ട്രിബ്യൂണലിന് അധികാരമുണ്ടാകും.എന്നാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.
അവധിദിവസങ്ങളിലും ജോലിക്കുശേഷവും മേലധികാരികളുടെ ഫോണ്‍വിളികള്‍ക്കും ഇ-മെയിലുകള്‍ക്കും മറുപടി നല്‍കേണ്ടിവരുന്നത് ജീവനക്കാരുടെ വ്യക്തിജീവിതത്തെ ബാധിക്കുന്നു എന്നതാണ് നിയമനിര്‍മാണത്തിന് കാരണം.