ആകാശത്തിന്റെ അനന്തവിഹായസില്‍ പറന്നു പൊങ്ങുന്ന പാരച്ചൂട്ട്. ആവേശത്തോടെ സഞ്ചാരിയും പരിശീലകനും. പൊടുന്നനെ ബാലന്‍സ് നഷ്ടപ്പെട്ട പരിശീലകന്‍ 15 നില കെട്ടിടത്തിന്റെ ഉയരത്തില്‍ നിന്ന് താഴെ കടലിലേക്കു കൂപ്പുകുത്തുന്നു. കനത്ത വീഴ്ചയുടെ ആഘാതത്തില്‍ മരണത്തിനു കീഴടങ്ങുന്നു. ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങള്‍ പാരാസെയ്‍ലിങ് പ്രേമികളുടെ ഉറക്കം കെടുത്തുകയാണ്.
സാഹസികപ്രിയരുടെയെല്ലാം ബക്കറ്റ് ലിസ്റ്റിലുണ്ടാകും പാരാസെയ്‍ലിങ്. ആകാശം ചുറ്റിക്കറങ്ങി ഭൂമിയും കടലുമെല്ലാം കാണാന്‍ അവസരമൊരുക്കുന്ന പാരാസെയ്‍ലിങ് പൊതുവേ സുരക്ഷിതമായാണ് കരുതിപ്പോരുന്നതും. ലോകത്തിലെ എല്ലാ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഇപ്പോള്‍ പാരാസെയ്‍ലിങ് ഉണ്ട്. കേരളത്തിലടക്കം പാരാസെയ്‍ലിങ് ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാരാസെയിലിങിന്റെ ലോകപ്രശസ്തകേന്ദ്രങ്ങളിലൊന്നാണ് തായ്‍ലന്റിലെ ഫുക്കെറ്റ്. കേരളത്തില്‍ നിന്നടക്കം ഒട്ടേറെ വിനോദസഞ്ചാരികള്‍ ഒഴുകിയെത്തുന്ന ഫുക്കറ്റില്‍ ദിവസങ്ങള്‍ക്കു മുന്‍പു നടന്ന ഒരു അപകടമാണ് ഇപ്പോള്‍ ലോകവിനോദസഞ്ചാരമേഖലയില്‍ പ്രധാന ചര്‍ച്ച. ഫുക്കറ്റിലെ കാരോണ്‍ ബീച്ചിലെ അപകടത്തിന്റെ ദൃശ്യങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്.
15 നില കെട്ടിടത്തിന്റെ ഉയരത്തില്‍ നിന്ന് താഴെ കടലിലേക്കു വീണ പാരാസെയ്‍ലിങ് പരിശീലകന്‍ പാതോപോങ് എന്ന 31കാരനാണ് കൊല്ലപ്പെട്ടത്. താഴെ വീണയുടന്‍ പാതോപോങിനെ പാതോങ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും സ്ഥലത്തു വച്ചു തന്നെ മരിച്ചുവെന്ന് ഡോക്ടര്‍ സ്ഥിരീകരിക്കുകയായിരുന്നു. ആകാശപ്പറക്കലിനിടെ ഇദ്ദേഹം ഒരല്‍പം റിസ്കെടുത്ത് പരീക്ഷണം നടത്തിയതാണ് അപകടകാരണമെന്നാണ് നിഗമനം. ബാലന്‍സ് നഷ്ടപ്പെട്ട് താഴേക്കു പതിച്ച ഉയരവും വീഴ്ചയും ആഘാതം കൂട്ടി.
കൂടെയുണ്ടായിരുന്ന സഞ്ചാരിയും വീണെങ്കിലും പാരച്ചൂട്ടിന്റെ സപ്പോര്‍ട്ട് കൂടിയുണ്ടായിരുന്നതിനാല്‍ രക്ഷപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും സമാനമായ ഒരപകടം ഫുക്കറ്റിലുണ്ടാവുകയും ചൈനീസ് ടൂറിസ്റ്റിന് സാരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഏഴു വര്‍ഷം മുന്‍പ് ഒരു ഓസ്ട്രേലിയന്‍ വ്യവസായി മരിച്ച അപകടവും ലോകവ്യാപകമായി ചര്‍ച്ചയായിരുന്നു.
വിനോദത്തിനായി കണ്ടെത്തുന്ന മാര്‍ഗങ്ങള്‍ ജീവനെടുക്കുന്ന സാഹചര്യമൊഴിവാക്കാന്‍ കര്‍ശന സുരക്ഷാക്രമീകരണങ്ങളും നിരീക്ഷണവും ഉറപ്പാക്കുക മാത്രമാണ് മാര്‍ഗമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
എല്ലാ ടൂര്‍ ഓപ്പറേറ്റര്‍മാരും കൃത്യമായ നിലവാരത്തിലുള്ള പൊതുവായ സുരക്ഷാസജ്ജീകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണം.
*പാരാസെയ്‍ലിങ് കമ്പനികള്‍ രാജ്യന്തര മാനദണ്ഡങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുക
പാരാസെയ്‍ലിങിനടക്കം സാഹസികവിനോദങ്ങള്‍ക്കെത്തുന്നവര്‍ക്ക് കൃത്യമായ മുന്നൊരുക്കവും പരിശീലനവും നല്‍കുക.
*കാലാവസ്ഥ കൃത്യമായി നിരീക്ഷിക്കുക, അനുകൂലമല്ലാത്ത സാഹചര്യങ്ങളില്‍, കാറ്റോ മഴയോ ഉള്ളപ്പോള്‍ ഇത്തരം വിനോദോപാധികള്‍ ഒഴിവാക്കുക.
*എന്തെങ്കിലും തരത്തിലുള്ള സുരക്ഷാ ചട്ടങ്ങളുടെ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ അധികൃതരെ വിവരമറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുക
ഇതെല്ലാം പ്രാദേശികഭരണകൂടങ്ങളാണ് ഉറപ്പു വരുത്തേണ്ടതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കാരണം സ്ഥലത്തെക്കുറിച്ചോ കാലാവസ്ഥയെക്കുറിച്ചോ കൃത്യമായ ധാരണയില്ലാതെയെത്തുന്ന സഞ്ചാരികള്‍ അതതു സര്‍ക്കാരുകള്‍ കൃത്യമായി ഇടപെടുന്നുണ്ടെന്ന വിശ്വാസത്തിലാണ് ഇത്തരം സാഹസികവിനോദങ്ങളില്‍ ഏര്‍പ്പെടുന്നത്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നുറപ്പു വരുത്തി മാത്രമേ സാഹസികവിനോദങ്ങള്‍ക്കു മുതിരാവൂ എന്ന് സഞ്ചാരികളും ഓര്‍ക്കേണ്ടതുണ്ട്.