എ.ഐ ജനറേറ്റഡ് ചിത്രം.
ശമ്പളം കൂടിയാലും ഇല്ലെങ്കിലും ജീവിതച്ചെലവ് അനുദിനം കൂടി വരികയാണ്. ഈ പോക്ക് പോയാല്‍ എങ്ങനെ പിടിച്ചുനില്‍ക്കും എന്നറിയാതെ ഉഴലുകയാണ് സാധാരണക്കാര്‍. ഇതിനിടെ ശമ്പളം മിച്ചംപിടിക്കാനായി ഒരു ചൈനീസ് യുവതി ചെയ്ത കാര്യങ്ങള്‍ സൈബറിടത്ത് വൈറലാകുകയാണ്. ശമ്പളത്തെക്കാള്‍ തുക വീട്ടുവാടകയായും മറ്റ് ചെലവുകള്‍ക്കും മാറ്റിവയ്ക്കേണ്ടി വരുന്നത് കാരണം ഓഫീസിലെ ശുചിമുറി വാടകയ്ക്കെടുത്താണ് യുവതി താമസിക്കുന്നത്. ഒരു മാസത്തേക്ക് 50 യുവാന്‍ (588 രൂപ) വാടകയായി നല്‍കിക്കൊണ്ടാണ് യുവതി ശുചിമുറിയില്‍ താമസിക്കുന്നത്.
പതിനെട്ടുകാരിയായ ഴാങ് എന്ന യുവതിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഹുനാന്‍ പ്രവിശ്യയിലെ ഒരു ഗ്രാമീണ കുടുംബത്തില്‍ നിന്നുള്ളയാളാണ് ഴാങ്. സൂസു എന്ന സ്ഥലത്ത് വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ഒരു കടയിലാണ് ഴാങ് ജോലി ചെയ്യുന്നത്. ഇവിടെയാകട്ടെ വീട്ടുവാടക 800 യുവാന്‍ (9,415 രൂപ) മുതല്‍ 1800 യുവാന്‍ (21,184 രൂപ) വരെയാണ്. ഴാങിന്‍റെ ശമ്പളമാകട്ടെ 2,700 യുവാന്‍ (31,776 രൂപ) ആണ്. ഈ ശമ്പളത്തില്‍ ജോലി ചെയ്യുമ്പോള്‍ വീട്ടുവാടകയും മറ്റ് ചെലവുകളും കഴിഞ്ഞാല്‍ കയ്യില്‍ മിച്ചമൊന്നുമുണ്ടാകില്ല.
എന്തുചെയ്യണമെന്ന് അറിയാതെ നില്‍ക്കുമ്പോള്‍ ഴാങിന്‍റെ മുന്നില്‍ തെളിഞ്ഞ വഴി ഓഫീസിലെ ശുചിമുറി വാടകയ്ക്ക് എടുക്കുക എന്നതായിരുന്നു. സ്ഥാപന ഉടമയോട് ഇതേക്കുറിച്ച് സംസാരിച്ച് ഇരുവരും ഒരു ധാരണയിലെത്തി. അങ്ങനെ 588 രൂപ മാസവാടകയ്ക്ക് ഴാങ് ശുചിമുറിയില്‍ താമസം തുടങ്ങി. ഴാങ് തന്‍റെ എല്ലാ കാര്യങ്ങളും സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുന്നത് പതിവാണ്. ശുചിമുറി ജീവിതത്തെക്കുറിച്ചും ഴാങ് പോസ്റ്റുകളും വിഡിയോകളും സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുന്നത് പതിവാണ്. അങ്ങനെയാണ് വിവരം പുറംലോകമറിഞ്ഞത്.
ശുചിമുറിയില്‍ വച്ച് തുണികള്‍ അലക്കി ടെറസില്‍ കൊണ്ടുപോയി വിരിച്ചിടുന്നതു പോലെയുള്ള കാര്യങ്ങള്‍ വ്ലോഗായി ചിത്രീകരിച്ച് ഴാങ് സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കാറുണ്ട്. ശുചിമുറി ഏറ്റവും വൃത്തിയായി സൂക്ഷിക്കുന്ന ഴാങ്, ജോലി സമയത്ത് തന്‍റെ സാധനങ്ങളെല്ലാം മാറ്റിവയ്ക്കും. സ്ഥാപനത്തിലെ മറ്റ് ജോലിക്കാര്‍ക്കടക്കം ശുചിമുറി ഉപയോഗിക്കാന്‍ തടസ്സമുണ്ടാകാതിരിക്കാനാണിത്. എല്ലാവരും പോയിക്കഴിയുമ്പോള്‍ അത് ഴാങിന്‍റെ വീടാകും.
ഴാങിന്‍റെ വിഡിയോകള്‍ക്ക് ‘ജീവിക്കാനായി എത്രയൊക്കെ കഷ്ടപ്പെടണം’ എന്ന കമന്‍റാണ് അധികവും വരുന്നത്. ഴാങിന്‍റെ അവസ്ഥയെക്കുറിച്ചോര്‍ത്ത് പരിതപിക്കുന്നവരുമുണ്ട്. ‘ഈ ചെറിയ പ്രായത്തില്‍, ജീവിക്കാനായി ഇത്രയധികം കഷ്ടപ്പെടുന്ന ഈ പെണ്‍കുട്ടി ജീവിതത്തില്‍ വിജയിക്കുക തന്നെ ചെയ്യും’, ‘അവള്‍ തന്‍റെ ചുറ്റുപാടുകളെ അവള്‍ക്കനുകൂലമായി മാറ്റിയെടുക്കുകയാണ്’ എന്നടക്കമുള്ള കമന്‍റുകളുമുണ്ട്.