കല്യാണത്തിന് മുന്‍പും ശേഷവും പല തരത്തിലുള്ള ആചാരങ്ങള്‍ ലോകത്ത് നടക്കുന്നുണ്ട്. അത്തരത്തില്‍ ഇന്തോനേഷ്യയിലെ ബോർണിയോ മേഖലയിലും മലേഷ്യയിലുമായി വ്യാപിച്ച് കിടക്കുന്ന ടിഡോങ് ഗോത്രത്തിന്‍റെ ഒരു ആചാരമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കല്യാണ ചെറുക്കനും പെണ്ണും വിവാഹ ശേഷം മൂന്ന് ദിവസത്തേക്ക് മലമൂത്രവിസർജ്ജനം ചെയ്യരുതെന്നാണ് ആചാരം.
ഭാര്യയും ഭര്‍ത്താവും മൂന്ന് ദിവസത്തോളം ഒരു മുറിയില്‍ അടച്ചിരിക്കണമെന്നും. ഈ അവസരത്തില്‍ മുറിയില്‍ നിന്ന് ഒരിക്കല്‍ പോലും പുറത്തിറങ്ങാന്‍ പാടില്ലെന്നും, ടോയ്‍ലറ്റ് ഉപയോഗിക്കരുതെന്നുമാണ് ആചാരം. ടിഡോങ് ഗോത്രത്തെ സംബന്ധിച്ച് വിവാഹം ഏറ്റവും പവിത്രമായ ഒരു ചടങ്ങായാണ് കണക്കാക്കുന്നത്. വിവാഹ ശേഷമുള്ള ആദ്യത്തെ മൂന്ന് ദിവസം മലമൂത്രവിസർജ്ജനം ചെയ്യാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ അത് വിവാഹത്തിന്‍റെ പരിശുദ്ധിയെ ബാധിക്കുമെന്ന് ഇവര്‍ കരുതുന്നു. അതോടെ വരനും വധുവും അശുദ്ധരായി തീരും. വിവാഹത്തിന്‍റെ പവിത്രത നിലനിർത്താന്‍, നവദമ്പതികൾ മൂന്ന് ദിവസത്തേക്ക് ടോയ്‍ലറ്റ് ഉപയോഗിക്കുന്നതിന് ഗോത്രാചാര പ്രകാരം വിലക്കുണ്ട്. ഇനി അങ്ങനെ ആരെങ്കിലും ചെയ്താല്‍ അത് ദുശ്ശകുനമായി കണക്കാക്കുന്നു.
വധുവും വരനും മൂന്ന് ദിവസത്തേക്ക് ആചാരം അനുസരിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും ആളുണ്ട്. ടോയ്‍ലറ്റുകളില്‍ നെഗറ്റീവ് എനർജി കൂടുതലാണെന്നും വിവാഹത്തിന് ശേഷമുള്ള ആദ്യത്തെ മൂന്ന് ദിവസം ഈ നെഗറ്റീവ് എനർജി വധുവിനെയും വരനെയും ബാധിക്കാനുള്ള സാധ്യതയും ഏറെ കൂടുതലാണെന്നുമാണ് ഇവരുടെ വിശ്വാസം.