പുറമേയുള്ള സ്ഥലങ്ങളിലോ ടോയ്‌ലറ്റ് സീറ്റുകളിലോ ആണ് കൂടുതല്‍ ബാക്ടീരിയകള്‍ ഉള്ളത് എന്ന് കരുതുന്നവരാണോ നിങ്ങള്‍. എന്നാല്‍ ആ ധാരണ തെറ്റാകാമെന്ന് തെളിയിച്ചിരിക്കുകയാണ് പുതിയ പഠനങ്ങള്‍. നാഷണൽ സ്ലീപ്പ് ഫൗണ്ടേഷന്റെ റിപ്പോർട്ട് അനുസരിച്ച് ഒരാഴ്ചയോളം കഴുകാത്ത തലയിണ കവറുകൾ ടോയ്‌ലറ്റ് സീറ്റിനേക്കാൾ കൂടുതൽ ബാക്ടീരിയകളെ വഹിക്കുന്നു എന്നാണ് കണ്ടെത്തല്‍.
ഷീറ്റുകളും തലയിണ കവറുകളും കൃത്യമായ ഇടവേളയില്‍ വൃത്തിയാക്കിയില്ലെങ്കിൽ കാലക്രമേണ ഗണ്യമായ അളവിൽ ബാക്ടീരിയകൾ അടിഞ്ഞുകൂടും. നാലാഴ്ചയോളം കഴുകാതിരുന്നാല്‍ ദശലക്ഷക്കണക്കിന് ബാക്ടീരിയകളാകും ഉണ്ടാവുക. ഒരാഴ്ച അലക്കാത്ത തലയിണ കവറിൽ കിടന്നുറങ്ങുമ്പോൾ, ടോയ്‌ലറ്റ് സീറ്റിനേക്കാൾ 17,000-ത്തിലധികം ബാക്ടീരിയകൾ അതിൽ അടിഞ്ഞുകൂടുന്നു.
ഗ്രാം-നെഗറ്റീവ് റോഡുകൾ, ഗ്രാം-പോസിറ്റീവ് റോഡുകൾ, ബാസിലി, ഗ്രാം-പോസിറ്റീവ് കോക്കി എന്നിവയാണ് കിടക്കയിൽ കാണപ്പെടുന്ന സാധാരണ ബാക്ടീരിയകൾ. ഈ ബാക്ടീരിയകളിൽ ചിലത് അണുബാധകൾക്ക് വരെ കാരണമായേക്കാം. വൃത്തിഹീനമായ തലയിണക്കവറുകളില്‍ ഉറങ്ങുന്നത് അലര്‍ജിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കിയേക്കാം. മുഖക്കുരു, ചര്‍മ്മസംബന്ധമായ മറ്റ് അസുഖങ്ങള്‍ എന്നിവ ഇവയില്‍ ചിലത് മാത്രം.
തലയിണക്കവറുകളിലെ എണ്ണ, വിയര്‍പ്പ്, ബാക്ടീരിയ തുടങ്ങിയവ എക്സിമ, റോസേഷ്യ പോലുള്ള ചർമ്മപ്രശ്നങ്ങള്‍ക്കും കാരണമാകാം. ശ്വസന സംബന്ധമായ പ്രശ്നങ്ങളാണ് മറ്റൊന്ന്. തലയിണ കവറുകളില്‍ പൊടിപടലങ്ങൾ, വളർത്തുമൃഗങ്ങളുടെ രോമങ്ങൾ എന്നിവ അടിഞ്ഞുകൂടുമ്പോള്‍, ഇത് അലർജിക്ക് അല്ലെങ്കിൽ ആസ്ത്മ പോലുള്ള രോഗങ്ങള്‍ക്കും കാരണമാകാം.
തുമ്മൽ, മൂക്കൊലിപ്പ്, കണ്ണിൽ നിന്ന് വെള്ളം വരിക, ശ്വാസം മുട്ടൽ എന്നിവ ഇത്തരം അലര്‍ജികളുടെ ലക്ഷണമാകാം. സ്റ്റാഫൈലോകോക്കസ്, സ്ട്രെപ്റ്റോകോക്കസ് തുടങ്ങിയ ബാക്ടീരിയ അണുബാധകളും തലയിണ കവറുകൾ വഴി പകരാം. വിട്ടുമാറാത്ത താരനും കഴുകാത്ത തലയിണക്കവറുകള്‍ കാരണമാകുന്നുണ്ട്. അതിനാല്‍ ആരോഗ്യത്തോടെയിരിക്കാന്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും തലയണക്കവറുകളും ഷീറ്റുകളും കഴുകുന്നത് നല്ലതാണ്.