സിനിമാക്കാരുടെ പ്രിയ ലൊക്കേഷനാണ് അഞ്ചുരുളി ടണൽ മുഖം. ഇടുക്കി ജലാശയത്തിലേക്ക് വെള്ളമെത്തിക്കുന്ന ഈ തുരങ്കം കാണാന്‍ ധാരാളം സഞ്ചാരികളാണെത്തുന്നത്. കിലോമീറ്ററുകൾ നീണ്ട കൽത്തുരങ്കത്തിലൂടെ വെള്ളം കുതിച്ചെത്തുന്ന കാഴ്ച എൻജിനീയറിങ് വൈഭവത്തിന്റെ കയ്യൊപ്പുകൂടിയാണ്.
ഇടുക്കി ജലാശയത്തിന്‍റെ മനോഹാരിത തൊട്ടടുത്ത് നിന്ന് ആസ്വദിക്കാൻ സാധിക്കുമെന്നതാണ് അഞ്ചുരളിയുടെ പ്രത്യേകത. ഒരേ സമയം ഇരു വശത്തു നിന്നും പാറ തുരന്നാണ് ഇവിടുത്തെ ടണൽ നിർമ്മിച്ചിരിക്കുന്നത്. 1974 കോലഞ്ചേരിക്കാരൻ പൈലിപ്പിള്ളയുടെ നേതൃത്വത്തിൽ തുടങ്ങിയ ടണൽ നിർമാണം ആറ് വർഷം കൊണ്ട് പൂർത്തിയായി. കല്യാണത്തണ്ട് മലനിരകളിലെ ഏറ്റവും ഉയരം കൂടിയ മലയിൽ നിർമ്മിച്ചിരിക്കുന്ന തുരങ്കം ഹൈറേഞ്ചിന്റെ ടൂറിസം വളർച്ചയിൽ പ്രധാന പങ്ക് ആണ് വഹിക്കുന്നത്.
വെള്ളം കുറവുള്ളപ്പോൾ ടണലിന്റെ ഉള്ളിൽ കയറാമെങ്കിലും ഇഴജന്തുക്കളെ പേടിക്കണം. അഞ്ചുരുളിയിൽ എത്തുന്നവർ ടണൽമുഖം മാത്രം സന്ദർശിച്ച് മടങ്ങരുതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള തർക്കം പ്രദേശത്തെ ടൂറിസം വികസനത്തെ പിന്നോട്ടടിച്ചിട്ടുണ്ട്. അവധി ദിവസങ്ങളിലടക്കം ഇവിടെക്കൊഴുകുന്ന സഞ്ചാരികൾക്ക് പേരിനൊരു ശുചിമുറിപോലുമില്ല.