അസമിലേക്കുള്ള യാത്ര നിയന്ത്രണങ്ങള്‍ നീക്കി ഓസ്ട്രേലിയ. അഫ്സ്പയുടെ കീഴിലുണ്ടായിരുന്ന സംസ്ഥാനത്തെ നാല് ജില്ലകള്‍ ഒഴികെ അസമിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും പൗരന്മേരെ ഓസ്ട്രേലിയ വിലക്കിയിരുന്നു. എട്ട് വര്‍ഷങ്ങളായി നിലനിന്നിരുന്ന വിലക്കാണ് ഓസ്ട്രേലിയ നീക്കിയത്.
ഇന്ത്യ സന്ദര്‍ശിക്കുന്ന ഞങ്ങളുടെ പൗരന്മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഞങ്ങള്‍ വിലയിരുത്തി, ജാഗ്രത തുടരാനുള്ള നിര്‍ദേശം നല്‍കി. ഉയര്‍ന്ന ജാഗ്രത നിര്‍ദേശം ചില പ്രദേശങ്ങളില്‍ നല്‍കിയിട്ടുണ്ട്. അസമിലെ ചില ഭാഗങ്ങളിലുള്ള നിയന്ത്രണങ്ങള്‍ കുറച്ചിട്ടുണ്ട്. ഓസ്ട്രേലിയന്‍ വിദേശകാര്യ വകുപ്പ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു.
അസമിന്റെ അതിർത്തി ജില്ലകളായ ടിൻസുകിയ, ദിബ്രുഗഡ്, ചരൈഡിയോ, ശിവസാഗർ എന്നിവയെ ഇന്ത്യൻ സർക്കാരിന്റെ സായുധ സേനാ പ്രത്യേക അധികാര നിയമപ്രകാരം (AFSPA) 'പ്രശ്‌നബാധിത പ്രദേശങ്ങൾ' ആയി തരംതിരിച്ചിട്ടുണ്ടെന്നും ഈ പ്രദേശങ്ങളിൽ വിഘടനവാദികളുടെയും കലാപകാരികളുടെയും അക്രമമുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
അഫ്സ്പ പ്രാബല്യത്തിലുള്ള സ്ഥലങ്ങൾ ഒഴികെ, ഓസ്‌ട്രേലിയയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് ഇപ്പോൾ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വരാമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഈ നാല് ജില്ലകളിൽ നിന്ന് AFSPA പിൻവലിച്ചാൽ, മുഴുവൻ സംസ്ഥാനത്തുനിന്നും നിയന്ത്രണങ്ങൾ കൂടുതൽ നീക്കുമെന്ന് ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷൻ ഞങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേര്‍ത്തു.
അഡ്വാന്റേജ് അസം 2.0 ആഗോള നിക്ഷേപ, അടിസ്ഥാന സൗകര്യ ഉച്ചകോടി ഫെബ്രുവരി 25 മുതൽ അസമില്‍ നടക്കാനിരിക്കെയാണ് ഓസ്‌ട്രേലിയൻ സർക്കാരിന്റെ തീരുമാനം.