വെനീസിലേക്കുള്ള സ്വപ്നയാത്ര യാഥാര്‍ഥ്യമാകുന്ന സന്തോഷത്തോടെയാണ് ആ ദമ്പതികള്‍ വിമാനം കയറിയത്. പക്ഷേ വിമാനത്തിനുള്ളില്‍ നടന്ന സംഭവങ്ങള്‍ മറ്റൊന്നായി. വിമാനയാത്രയ്ക്കിടെ ഒരു സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. ഫ്ലൈറ്റ് ക്രൂ എല്ലാ പ്രാഥമിക ശുശ്രൂഷകളും ചെയ്തുവെങ്കിലും അവരുടെ ജീവന്‍ രക്ഷിക്കാനായില്ല. അവസാനം മൃതദേഹം ദമ്പതികളുടെ തൊട്ടടുത്തുള്ള സീറ്റില്‍ പുതപ്പിട്ട് മൂടി കിടത്തേണ്ടി വന്നു.
മിഷേല്‍ റിങ്, ജെനിഫര്‍ കോളിന്‍ എന്നീ ഓസ്ട്രേലിയന്‍ ദമ്പതികള്‍ക്കാണ് മൃതദേഹത്തിനടുത്തിരുന്ന് വിമാനയാത്ര ചെയ്യേണ്ടി വന്നത്. ഖത്തര്‍ എയര്‍വേസിന്‍റെ വിമാനത്തിലാണ് സംഭവം. ശുചിമുറിയിലേക്ക് പോയ സ്ത്രീയാണ് പെട്ടെന്ന് കുഴഞ്ഞുവീഴുകയും മരണപ്പെടുകയും ചെയ്തത്. ക്രൂ അവരുടെ ജീവന്‍ രക്ഷിക്കാനായി പരമാവധി ശ്രമിച്ചു, പക്ഷേ സാധിച്ചില്ല. ഹൃദയഭേദകമായിരുന്നു ആ കാഴ്ച എന്നാണ് മിഷേല്‍ റിങ് പിന്നീട് പ്രതികരിച്ചത്.
നാല് സീറ്റുകളുള്ള ഭാഗത്തായി ദമ്പതികള്‍ മാത്രമായിരുന്നു ഇരുന്നത്. ഇവരോട് നീങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഫ്ലൈറ്റ് ക്രൂ മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം ഇവരുടെ അടുത്ത് കൊണ്ടുകിടത്തി. നാലുമണിക്കൂറോളം മൃതദേഹത്തിനൊപ്പം ഇവര്‍ക്ക് യാത്ര ചെയ്യേണ്ടി വന്നു. ക്രൂ വിവരം അറിയിച്ചപ്പോള്‍ തന്നെ റിങ് ഭാര്യയോട് നീങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ കോളിന് ഭയമുണ്ടായിരുന്നു. ഇതെങ്ങനെ ശരിയാകും എന്ന് കോളിന്‍ ചോദ്യമുന്നയിച്ചിട്ടും കാര്യമുണ്ടായില്ല.
വൈദ്യപരിശേധനയ്ക്കും മറ്റുമായി ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘവും പൊലീസ് ഉദ്യോഗസ്ഥരും വിമാനം എത്തുന്നതും കാത്ത് വിമാനത്താവളത്തിലുണ്ടായിരുന്നു. ഈ പരിശോധനകളെല്ലാം കഴിയുംവരെ ദമ്പതികളെ ഉദ്യോഗസ്ഥര്‍ വിമാനത്തിനുള്ളില്‍ തന്നെ പിടിച്ചുവച്ചു. ഒരുപാട് സീറ്റ് ബാക്കിയുണ്ടായിട്ടും ഫ്ലൈറ്റ് ക്രൂ തങ്ങള്‍ക്കരികില്‍ തന്നെ മൃതദേഹം കൊണ്ടുവന്നു കിടത്തി, മാത്രമല്ല മറ്റൊരു സീറ്റ് അനുവദിച്ചതുമില്ല എന്ന ആരോപണവും ദമ്പതികള്‍ പിന്നീട് ഉയര്‍ത്തി. സംഭവം സമൂഹമാധ്യമത്തിലടക്കം ചര്‍ച്ചയായതോടെ ഖത്തര്‍ എയര്‍വേസ് ക്ഷമാപണം നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും ഖത്തര്‍ എയര്‍വേസ് വ്യക്തമാക്കിയിട്ടുണ്ട്.