പ്രായഭേദമന്യേ എല്ലാവരും ഒരുപോലെ ആസ്വദിക്കുന്ന ഒന്നാണ് യാത്ര. സാഹസികതയ്ക്കും പുതിയ സംസ്കാരങ്ങള്‍ കണ്ടെത്തുന്നതിനുമെല്ലാമപ്പുറം മാനസികാരോഗ്യം നിലനിര്‍ത്താനും യാത്ര സഹായിക്കുന്നുണ്ട്. ദൈനംദിന തിരക്കുകളില്‍ നിന്ന് ഒരു ഇടവേളയെടുത്ത് യാത്ര പോകുംമ്പോള്‍ നമുക്കുണ്ടാകുന്ന സമ്മര്‍ദങ്ങള്‍ക്ക് ഏറെക്കുറെ പരിഹാരമുണ്ടാകും. പുതിയ ചുറ്റുപാടുകള്‍, പ്രകൃതി ദൃശ്യങ്ങള്‍, കാഴ്ചകള്‍ തുടങ്ങിയവയെല്ലാം ഹാപ്പിനസ് ഹോര്‍മോണുകളായ സെറോടോണിൻ, ഡോപാമൈൻ എന്നിവ ഉല്‍പാദിപ്പിക്കാന്‍ കാരണമാകും.
ഒരു പുതിയ ചുറ്റുപാടിലേക്കെത്തുംമ്പോള്‍ മനസിന് സമാധാനം ലഭിക്കും. പ്രാദേശിക ഭക്ഷണവിഭവങ്ങളുടെ രുചികൾ ആസ്വദിക്കുന്നതായാലും, പ്രകൃതിയുടെ സൗന്ദര്യം അനുഭവിക്കുന്നതായാലും വ്യത്യസ്തമായ ഒരു സംസ്കാരവുമായി ഇടപഴകുന്നതായാലും, യാത്രകൾ എപ്പോഴും വര്‍ത്തമാനകാലത്തില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. അതായത് ഭാവിയെക്കുറിച്ചോ കഴിഞ്ഞുപോയ കാലത്തെക്കുറിച്ചോ ചിന്തിക്കാതെ സമാധാനത്തോടെയിരിക്കാന്‍ യാത്ര പലപ്പോഴും സഹായിക്കാറുണ്ട്.
വൈവിധ്യമായ സംസ്കാരങ്ങളുമായി ഇടപഴകുന്നത് മനുഷ്യനിലെ സര്‍ഗാത്മകശേഷി വര്‍ധിപ്പിക്കാന്‍ കാരണമാകുന്നുണ്ട്. അത് ചിന്തയെയും, ആശയങ്ങളെയും വളര്‍ത്തും. പരിചിതമല്ലാത്ത സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍, അവിടങ്ങളിലെ കലാരൂപങ്ങള്‍ ആസ്വദിക്കുംമ്പോള്‍ അത് വിശാലമായ കാഴ്ചപ്പാടിനും ഭാവനയ്ക്കും വഴിയൊരുക്കും. യാത്രകള്‍ക്കിയിലുണ്ടാകുന്ന പ്രതിസന്ധികള്‍ മറികടക്കുന്നതു വഴി പ്രശ്നങ്ങളുമായി പൊരുത്തപ്പെടാനും പ്രശ്നപരിഹാരിഹാരത്തിലുള്ള വൈദഗ്ധ്യം വികസിപ്പിക്കാനും സഹായിക്കും. യാത്രകളിൽ വളർത്തിയെടുക്കുന്ന ഈ ഗുണങ്ങൾ ദൈനംദിന ജീവിതത്തിലേക്ക് പകർത്താൻ കഴിയും, അത് പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ കൂടുതൽ പ്രാപ്തരാക്കും.
പുതിയ ആളുകളുമായും സംസ്കാരവുമായും ഇടപഴകുന്നത് സാമൂഹിക ബന്ധങ്ങളും സാമൂഹിക ബോധവുമുണ്ടാകാന്‍ കാരണമാകുന്നുണ്ട്. യാത്രചെയ്യുന്നിടത്തെ നാട്ടുകാരും സഹയാത്രികരുമെല്ലാം തമ്മിലുണ്ടാകുന്ന ബന്ധം ഏകാന്തത ലഘൂകരിക്കാന്‍ സഹായിക്കുന്നു. ഒരു പുതിയ ലക്ഷ്യസ്ഥാനത്തേക്ക് വിജയകരമായി സഞ്ചരിക്കുക, പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുക, അല്ലെങ്കിൽ വ്യത്യസ്തമായ ഒരു സംസ്കാരത്തെക്കുറിച്ച് പഠിക്കുക എന്നിവയെല്ലാം ആത്മവിശ്വാസം വര്‍ധിക്കുന്നതിനും കാരണമാകുന്നുണ്ട്. യാത്രാ വെല്ലുവിളികള്‍ അതിജീവനത്തിനും സഹായിക്കുന്നുണ്ട്.
ഓരോ യാത്രയും ആത്മപരിശോധനയ്ക്കും ജീവിതത്തെക്കുറിച്ചുള്ള ഒരു പുതിയ കാഴ്ചപ്പാട് നേടുന്നതിനുമുള്ള ഒരു അവസരം ഒരുക്കുന്നുണ്ട്. വ്യത്യസ്ത സംസ്കാരങ്ങളുമായും ജീവിതരീതികളുമായും സമ്പർക്കം പുലർത്തുന്നത് വഴി ലോകവീക്ഷണം വിശാലമാക്കുകയും ചെയ്യുന്നു. കൂടാതെ മൂല്യങ്ങളെക്കുറിച്ചും, മുന്‍ഗണനകളെക്കുറിച്ചും മനസിലാക്കാന്‍ ഓരോ യാത്രയും സഹായിക്കുന്നുണ്ട്.