കാടിനെയും കാട്ടാറിനെയും അടുത്തറിഞ്ഞൊരു യാത്ര... പതഞ്ഞൊഴുകിയിറങ്ങുന്ന തുഷാരഗിരിയിലെ വെള്ളച്ചാട്ടത്തിന്‍റെ കുളിര്‍മയില്‍ ഉഷ്ണച്ചൂടിനെ മാറ്റിനിര്‍ത്താം. കോഴിക്കോട് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രം കാടിനെ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ടയിടമാണ്. കോഴിക്കോട് നഗരത്തില്‍ നിന്ന് 55 കിലോമീറ്റര്‍ സഞ്ചാരിച്ചാല്‍ തുഷാരഗിരിയിലെത്താം. വേനലവധി കാലമായത്തിയാല്‍ പിന്നെ സഞ്ചാരികളുടെ ഒഴുക്കാണ് തുഷാരഗിരിയിലേക്ക്. ആന, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളും നിത്യഹരിത വനത്തിലെ വിവിധങ്ങളായ ചിത്രശലഭങ്ങള്‍, പക്ഷികള്‍, മലയണ്ണാന്‍ എന്നിങ്ങനെയുള്ള ജീവി വൈവിധ്യവും ഇവിടെയുണ്ട്. ദക്ഷിണേന്ത്യയിലെ ഉയരം കൂടിയ ആര്‍ച്ച് മോഡല്‍ പാലവും നിര്‍മിച്ചിട്ടുണ്ട്. രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പ്രവേശനം.
കാണാം വിസ്മയ വെള്ളച്ചാട്ടങ്ങള്‍
ചാലിപ്പുഴയിലും കൈവഴികളിലുമാണ് പ്രകൃതിസുന്ദരമായ വെള്ളച്ചാട്ടങ്ങള്‍ ഉള്ളത്. തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് പ്രവേശിച്ചാല്‍ ആദ്യം കാണുക ഈരാറ്റുമുക്ക് വെള്ളച്ചാട്ടമാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്നതും ഇവിടെ തന്നെ. ഒഴുക്ക് കുറഞ്ഞ വെള്ളച്ചാട്ടമായതിനാല്‍ വെള്ളത്തിലിറങ്ങാനും കുളിക്കാനുമൊക്കെ സഞ്ചരികള്‍ക്ക് ആവും. പക്ഷേ, ടൂറിസ്റ്റ് ഗൈഡുമാരുടെ ഓരോ നിര്‍ദേശവും പാലിക്കണമെന്ന് മാത്രം. വനത്തില്‍ മഴ പെയ്താല്‍ അവിചാരിതമായി മലവെള്ളം പാഞ്ഞെത്തും. മഴവില്‍ വെള്ളച്ചാട്ടമാണ് രണ്ടാമത്തേത്. വെള്ളം പാറകളില്‍ തട്ടി പതിക്കുമ്പോള്‍ സൂര്യപ്രകാശത്തില്‍ മഴവില്ലുകാണാന്‍ കഴിയുന്നതുകൊണ്ടാണ് മഴവില്‍വെള്ളച്ചാട്ടമെന്ന് പേര് വന്നത്. ഈ വനത്തില്‍ മാത്രം കാണാനാവുന്ന തുമ്പികളെ കൂട്ടത്തോടെ കാണാനാവുന്ന തുമ്പിതുള്ളുംപാറ വെള്ളച്ചാട്ടമാണ് സഞ്ചാരികളെ കാത്തിരിക്കുന്ന മറ്റൊരു കൗതുകം. ഉള്‍വനത്തിലേക്കെത്തിയാല്‍ തുഷാരഗിരിയിലെ ഏറ്റവും ഉയരം കൂടിയ അവഞ്ഞിതോട് വെള്ളച്ചാട്ടവും കാണാം.
താന്നിമുത്തശ്ശിയെന്ന കൗതുകം
ഏറെ വര്‍ഷം പഴക്കമുള്ള മരമുത്തശ്ശിയായ താന്നിമരമാണ് മറ്റൊരു കൗതുകം. അഞ്ചാറാളുകള്‍ക്ക് കയറി നില്‍ക്കാവുന്ന പൊത്തോടുകൂടിയ താന്നി മരം സഞ്ചാരികളുടെ വിസ്മയമാണ്. ഉയരം കൊണ്ടും താന്നിമരത്തിന്‍റെ സവിശേഷതകളും കൊണ്ടും കണ്ടിരിക്കേണ്ട മരമാണിത്. താന്നിമരത്തിന്‍റെ പൊത്തിലൂടെ നോക്കിയാല്‍ ആകാശം കാണാം. മരത്തിന്‍റെ വേര് മുതല്‍ ഓരോ ചിലയിലും പറ്റിപിടിച്ചിരിക്കുന്ന പതിനായിരകണക്കിന് കുഞ്ഞുസസ്യങ്ങളില്‍ പലതും ഈ നിത്യഹരിതവനത്തില്‍ മാത്രം കണ്ടെത്തിയതാണ്.
ഹണിറോക്കിലേക്ക് ഒരു ട്രെക്കിങ്
തുഷാരിഗിരി ഇക്കോ സെന്‍റര്‍ ഓഫീസില്‍ നിന്ന് ആറുകിലോ മീറ്റര്‍ നടന്നാല്‍ ഹണിറോക്കിലെത്താം. നിബിഡവനത്തിനുള്ളില്‍ ഉയര്‍ന്നുനില്‍ക്കുന്ന പാറയാണ് ഹണി റോക്ക്. ടൂറിസ്റ്റ് ഗൈഡുമാരുടെ നേതൃത്വത്തില്‍ ഇവിടേക്ക് ട്രെക്കിങ് ഒരുക്കിയിരുന്നു. തുഷാരഗിരിയിലെ ഏറ്റവും മനോഹരമായ സ്ഥലമാണിത്. ഹണിറോക്കിന്‍റെ മുകളിലെത്തി നോക്കിയാല്‍ തുഷാരഗിരിയിലെ മുഴുവന്‍ കാഴ്ചകളും കാണാനാവും. ട്രെക്കിങിന് പ്രത്യേകം ഫീസും വനംവകുപ്പ് ഈടാക്കുന്നുണ്ട്. എന്നാല്‍ കാട്ടാന ശല്യം കാരണം രണ്ടുമാസമായി ഇവിടേക്കുള്ള ട്രെക്കിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്.