കോഴിക്കോട് രാമനാട്ടുകരയിലെ ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ രണ്ടുവര്‍ഷം മുന്‍പ് നഗരസഭ നല്ലൊരു കാര്യം ചെയ്തു. 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കാന്‍ എനി ടൈം വാട്ടര്‍ ബൂത്ത് സ്ഥാപിച്ചു. കേരളം മുഴുവന്‍ ശ്രദ്ധിച്ച വാര്‍ത്തയായിരുന്നു അത്. ഒരുരൂപ നാണയമിട്ടോ ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്തോ വെള്ളമെടുത്ത് കുടിക്കാം. പക്ഷേ അടിമുടി സാമൂഹ്യവിരുദ്ധ മനോഭാവം ആവേശിച്ച ആരോ ച്യൂയിങ് ഗം ചവച്ച് നാണയത്തിലൊട്ടിച്ച് മെഷിനുള്ളില്‍ ഇട്ടു. അതോടെ വെള്ളംകുടി മുട്ടി!
സ്വകാര്യ കമ്പനിയുടെ സഹായത്തോടെയാണ് നഗരസഭ രാമനാട്ടുകരയില്‍ വാട്ടര്‍ എംടിഎം സ്ഥാപിച്ചത്. ഉദ്ഘാടനം ചെയ്യാന്‍ കാണിച്ച ശുഷ്കാന്തിയും അതിന്‍റെ ക്രെഡിറ്റ് എടുക്കാന്‍ കാട്ടിയ ആവേശവും പിന്നീടുള്ള നടത്തിപ്പിലോ പരിശോധനയിലോ ഉണ്ടായില്ല. അതിന് തെളിവാണ് എനിടൈം വാട്ടര്‍ ബൂത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ. നഗരത്തിലെത്തുന്ന നൂറുകണക്കിന് യാത്രക്കാര്‍ക്കും സമീപത്തെ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കുമൊക്കെ വലിയ ആശ്വാസമായിരുന്നു ഈ വാട്ടര്‍ എടിഎം. പക്ഷേ ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ചയായപ്പോഴേക്കും അത് നിലച്ചു. കമ്പനിയെ വിവരമറിയിച്ചിട്ടും ഫലമുണ്ടായില്ലെന്നാണ് നഗരസഭ പറയുന്നത്. പക്ഷേ വിവരമറിയിച്ചാല്‍ നഗരസഭയുടെ ഉത്തരവാദിത്തം കഴിഞ്ഞോ?
24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കാന്‍ മാത്രമല്ല, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്നൊരു വലിയ ലക്ഷ്യത്തിന്‍റെ കൂടി ഭാഗമായിരുന്നു വാട്ടര്‍ എടിഎം. പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദവുമായിരുന്നു. വിജയം കണ്ട പദ്ധതി സംസ്ഥാനത്തിന് മാതൃകയായി മാറുകയും ചെയ്യുമായിരുന്നു. അങ്ങനെ നാടിനും നാട്ടുകാര്‍ക്കും പ്രകൃതിക്കും ഒരുപോലെ ഗുണം ചെയ്യുമായിരുന്ന വാട്ടര്‍ ബൂത്ത് ഇല്ലാതാക്കിയവരുടെയും തലയും അത് നന്നാക്കാതെ നശിപ്പിക്കുന്ന അധികൃതരുടെ മനസും എന്ന് നന്നാകും എന്നാണ് നാട്ടുകാരുടെ ചോദ്യം.