അധ്യാപകരുടെ ശമ്പള കുടിശികയുമായി ബന്ധപ്പട്ട കോടതിയലക്ഷ്യ കേസിൽ സർവകലാശാലയ്ക്ക് വീഴ്ച സംഭവിച്ചതായി സിൻഡിക്കറ്റ് നിയോഗിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ട്.
എം.ജി സർവകലാശാലയ്ക്ക് കീഴിലെ സ്വാശ്രയ സ്ഥാപനങ്ങളിലെ അധ്യാപകരുടെ ശമ്പള കുടിശികയുമായി ബന്ധപ്പട്ട കോടതിയലക്ഷ്യ കേസിൽ സർവകലാശാലയ്ക്ക് വീഴ്ച സംഭവിച്ചതായി സിൻഡിക്കറ്റ് നിയോഗിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. മുൻ കാലങ്ങളിൽ കൈക്കൊണ്ട ക്രമവിരുദ്ധ നടപടികളുടെ ഭാഗമായി സർവകലാശാലയ്ക്ക് കടുത്ത സാമ്പത്തിക ബാധ്യത വരുത്തി വച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു
സർക്കാരിനും സർവകലാശാലയ്ക്കും ബാധ്യതയാകാതെ ഉന്നത വിദ്യാഭ്യാസ രംഗത്ത് തൊഴിലധിഷ്ഠിത കോഴ്സുകൾ തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് 1992 മുതൽ എം ജി സർവകലാശാലയ്ക്ക് കീഴിൽ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയത്. കോഴ്സ് നടത്തിപ്പിന് ആവശ്യമായ ചെലവുകൾ വിദ്യാർഥികളിൽ നിന്ന് ഫീസ് ഇനത്തിൽ ഈടാക്കിയും കരാർ അടിസ്ഥാനത്തിൽ അധ്യാപക അനധ്യാപക നിയമനങ്ങൾ നടത്തണമെന്ന രീതിയിലായിരുന്നു വിഭാവനം ചെയ്തിരുന്നത്.
കോഴ്സ് നടത്തിക്കൊണ്ടുപോകാനാവശ്യമായ തുക ഫീസിനത്തിൽ ലഭിക്കാതിരുന്നാൽ കോഴ്സ് നിർത്തലാക്കാനും വ്യവസ്ഥയുണ്ടായിരുന്നു.എന്നാൽ മാറി മാറി വന്ന ഭരണസമിതികളുടെ ക്രമവിരുദ്ധ പ്രവർത്തനങ്ങൾ ഇതിനെ തകിടം മറിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കരാർ അധ്യാപകർക്ക് യുജിസി നിരക്കിൽ ശമ്പളം നൽകേണ്ടി വന്നത സർവകലാശാലായുടെ ദീർഘവീക്ഷണമില്ലായ്മയുടെയും ചട്ടങ്ങൾ ലംഘിച്ചുള്ള നടപടികളുടെ ഫലമാണന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
യുജിസി സ്കെയിൽ ആവശ്യപ്പെട്ട പരാതിക്കാർക്ക് മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്താനായില്ല. മാത്രമല്ല താൽക്കാലികമായി സൃഷ്ടിച്ച തസ്തികകളിൽ സർക്കാരിന്റെ അനുവാദമില്ലാതെ, സ്ഥിര അധ്യാപകർക്ക് നൽകുന്ന അനുകൂല്യങ്ങളും ഗ്രേഡ് പ്രമോഷനും നൽകി തെറ്റായ കീഴ്‌വഴക്കം സൃഷ്ടിച്ചു. കേസ് നടത്തിപ്പിൽ ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും വൈസ് ചാൻസലർക്ക് കോടതിയലക്ഷ്യ നടപടികൾക്ക് വിധേയനാകേണ്ടി വന്നത് ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വാശ്രയ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളുടെ വിജ്ഞാപനം, നിയമനം, ശമ്പളം എന്നിവയിൽ നടന്നിരിക്കുന്ന ഗൂഡാലോചന പുറത്തു കൊണ്ടുവരണമെന്നും സിൻഡിക്കറ്റിന് സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.