സംസ്ഥാനത്തെ നാല് സ്വകാര്യ സ്വാശ്രയമെഡിക്കൽ കോളജുകൾ വിൽപ്പനക്ക്. ഇതിൽ തിരുവനന്തപുരത്തുള്ള മെഡിക്കൽകോളജ് പത്രപരസ്യം നൽകിക്കഴിഞ്ഞു. ഈ കോളജിൽ ഡോക്ടർമാർക്ക് എട്ട്മാസമായി ശമ്പളം നൽകുന്നില്ല. പ്രശ്നത്തിൽ ഉടൻ ഇടപെടുമെന്ന് ഐ.എം.എ കേരള ഘടകം അറിയിച്ചു.
സംസ്ഥാനത്തെ ഒരുപറ്റം സ്വാശ്രയമെഡിക്കൽ കോളജുകളുടെ അവസ്ഥയാണ് ഈ പത്രപരസ്യം വ്യക്തമാക്കുന്നത്. കോളജ് വിൽപ്പനക്കോ, ഏറ്റെടുക്കലിനോ തയ്യാറാണ് എന്ന് വ്യക്തമാക്കുന്നപരസ്യം പത്ത് ദിവസത്തിനകം താൽപര്യമുള്ളവർ ഇമെയ്ൽ വഴി ബന്ധപ്പെടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ കോളജിൽ പല ഡോക്ടർമാർക്കും എട്ട് മാസമായി ശമ്പളം നൽകിയിട്ടില്ല എന്നപരാതിയും ഉയർന്നിട്ടുണ്ട്. ഐ.എം.എയുടെ ഭാരവാഹികൾ പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്.
ഇതിന് പുറമെ മൂന്ന് കോളജുകൾ കൂടി വിൽപ്പനക്കുണ്ടെന്നാണ് മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിലുള്ള കോളജുകളാണ് വിൽപ്പനക്കുള്ളതെന്നാണ് സൂചന. കടുത്ത സാമ്പത്തിക പ്രശ്നമാണ് ഈ കോളജുകൾ നേരിടുന്നത്.
മെഡിക്കൽകൗൺസിലിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുള്ള ബുദ്ധിമുട്ട്, രോഗികളുടെ കുറവ് എന്നിവ കോളജുകളുടെ നടത്തിപ്പിനെയും ബാധിച്ചിട്ടുണ്ട്. കൂടാതെ ഫീസ് കുത്തനെ കൂടിയതോടെ വിദ്യാർഥികൾ മെഡിക്കൽ പഠനം വേണ്ടെന്ന് വെക്കുന്ന സാഹചര്യം കൂടിയുണ്ട്.