ചുരിദാര്‍ ധരിച്ച വിദ്യാർഥിനികളോട് അയ്യായിരം രൂപ പിഴ ഈടാക്കി സ്വാശ്രയ മെഡിക്കൽ കോളജ്. തെക്കൻ കേരളത്തിലെ പ്രമുഖ സ്വാശ്രയ കോളജിലാണ് സംഭവം. സാരി യൂണിഫോമായ കോളജിലെ വിദ്യാർഥിനികൾ, കോളജിന് പുറത്തുള്ള പരിപാടിയിൽ ചുരിദാര്‍ ധരിച്ചതാണ് പ്രിൻസിപ്പലിനെ ചൊടിപ്പിച്ചത്.
മകൾ പഠിക്കുന്ന മെഡിക്കൽ കോളജിൽ നിന്ന് കഴിഞ്ഞ ആഴ്ച പ്രിൻസിപ്പലിന്റെ കത്ത് കിട്ടിയ രക്ഷാകർത്താക്കൾ ഞെട്ടി. കുട്ടികൾ ഗുരതമായ കുറ്റമാണ് കാട്ടിയിരിക്കുന്നവെന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം. വിദ്യാർഥിനികൾ കോളജിന്റെ വസ്ത്രധാരണ കോഡിൽ വെള്ളം ചേർത്തിരിക്കുന്നു. അക്ഷന്തവ്യമായ ഈ കുറ്റത്തിന് 5000 രൂപ പിഴയടക്കണമെന്നും പ്രിൻസിപ്പൽ ഒപ്പിട്ട കത്ത് പറയുന്നു.ശനിയാഴ്ചക്കകം 5000 രൂപ പിഴയടച്ചില്ലെങ്കിൽ, ഒക്ടോബർ രണ്ടാം തീയതി മുതൽ കുട്ടികളെ ഡീബാര്‍ചെയ്യുമെന്ന ഭീഷണിയും കത്തിലുണ്ട്. കത്തിനു പിറകെ ചില മാതാപിതാക്കൾക്ക് കോളജിൽ നിന്നും ഫോണെത്തി. കുട്ടികൾ അനാശാസ്യകരമായ രീതിയിൽ പെരുമാറി എന്നായിരുന്നു ഫോൺ സംഭാഷണത്തിന്റെ ഉളളടക്കം.
മാതാപിതാക്കൾ അന്വേഷിച്ച് ചെന്നപ്പോഴാണ് കഥയുടെ ചുരുളഴിയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച കോളജിന് പുറത്തുനടത്തിയ ഒരുമെഡിക്കൽ പോസ്റ്റിങിന് പോയപ്പോൾ സാരിക്ക് പകരം കുട്ടികൾ സൽവാർകമ്മീസ് ധരിച്ചു എന്നതാണ് പർവ്വതീകരിക്കപ്പെട്ടത്. കനത്ത മഴയുണ്ടായിരുന്നതിനാൽ സൗകര്യത്തിനായി സൽവാർ കമ്മീസ് ധരിച്ചു എന്നാണ് കുട്ടികൾ പറയുന്നത്. തിരുവനന്തപുരം സർക്കാർ മെഡിക്കൽകോളജിലെ മുൻ അധ്യാപകനാണ്പ്രിൻസിപ്പൽ. തിരുവനന്തപുരത്ത് അധ്യാപകനായിരുന്നപ്പോഴും പെൺകുട്ടികൾ സാരിമാത്രമെ ധരിക്കാവൂ എന്ന് സർക്കുലർ ഇറക്കിയ ചരിത്രവും ഈ അധ്യാപകനുണ്ട്. പിഴയടച്ചില്ലെങ്കില്‍ ഡീബാര്‍ ചെയ്യുമെന്നും കത്തില്‍ ഭീഷണിയുണ്ട്.