kothamangalam-road

മഴയില്‍ തകര്‍ന്ന എറണാകുളം കോതമംഗലം തങ്കളം  ബൈപാസിന്‍റെ പുനര്‍ നിര്‍മാണം നോക്കുകൂലി തര്‍ക്കത്തെ തുടര്‍ന്ന് വീണ്ടും മുടങ്ങി. നോക്കുകൂലി ആവശ്യപ്പെട്ട് പണി തടസപ്പെടുത്തിയ ഐഎന്‍ടിയുസി യൂണിയനെ പിന്തുണച്ച് സിഐടിയു കൂടി രംഗത്തു വന്നതോടെയാണ് കരാറുകാരന്‍ നിര്‍മാണം പൂര്‍ണമായും നിര്‍ത്തിവച്ചത്. കോടതി ഇടപെടലുണ്ടായിട്ടും പൊലീസ് നോക്കുകൂലിക്കാര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല.

നാട്ടുകാരെല്ലാം റോഡിനെ കുറിച്ച് പരാതി പറഞ്ഞതോടെയാണ് കോതമംഗലത്തെ തങ്കളം ബൈപാസ് പുനര്‍നിര്‍മിക്കാന്‍ മരാമത്ത് വകുപ്പ് തയാറായത്. ടൈലിട്ട് റോഡ് പാകപ്പെടുത്താന്‍ കരാറെടുത്തയാള്‍ ടൈലിറക്കാന്‍ വന്നപ്പോള്‍ ഐഎന്‍ടിയുസി യൂണിയന്‍ നോക്കുകൂലി ആവശ്യപ്പെട്ടു.

ഇതോടെ ആദ്യം പണി തടസപ്പെട്ടു. യന്ത്രസഹായത്തോടെ ചെയ്യുന്ന ജോലികള്‍ക്ക് യൂണിയനുകള്‍ തടസമുണ്ടാക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി കരാറുകാരന്‍ വീണ്ടും ജോലി തുടരാനെത്തി. എന്നാല്‍ ഇക്കുറി ഐഎന്‍ടിയുസിക്കൊപ്പം സിഐടിയുവും കൂടി. 

ഒരാഴ്ച മുമ്പ് ഇറക്കിയ ടൈലിന് നോക്കുകൂലി നല്‍കണമെന്നാണ് സിഐടിയുക്കാരുടെ ആവശ്യം. ഇതോടെയാണ് നോക്കുകൂലി നല്‍കാനാവില്ലെന്ന നിലപാടെടുത്ത് കരാറുകാരന്‍ പണി നിര്‍ത്തിവച്ച് മടങ്ങിയത്.

അതേസമയം പ്രശ്നത്തില്‍ ഇടപെടേണ്ടത് പൊലീസാണെന്ന നിലപാടിലാണ് തൊഴില്‍ വകുപ്പ്. പൊലീസാകട്ടെ കോടതി ഉത്തരവടക്കം ഉണ്ടായിട്ടും നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയാറാകുന്നുമില്ല.