കായംകുളം പട്ടണത്തേയും ദേവികുളങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുവാന്‍ പാലം നിര്‍മിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ പ്രതിഷേധത്തിലേക്ക്. സ്കൂള്‍ കുട്ടികളുടെ യാത്ര ഉള്‍പ്പടെ ദുസഹമായതോടെയാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള ആവശ്യം വീണ്ടും ശക്തിപ്പെടുന്നത്
കടത്തുകടവ് - മുനമ്പേൽകടവ് പാലം എത്രയും പെട്ടെന്ന് നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യത്തിനാകട്ടെ പതിറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. ഇപ്പോഴും കടത്തുവള്ളത്തെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്. മുനമ്പേൽ കടവിൽനിന്ന് കുട്ടികള്‍ സ്കൂളിലേക്ക് പോകുന്നതും ബുദ്ധിമുട്ടേറിയ കാഴ്ചയാണ്. കഴിഞ്ഞ ബജറ്റില്‍ പാലത്തിനായി 50 കോടി രൂപ വകയിരുത്തിയെങ്കിലും ഒരുവർഷം പിന്നിട്ടിട്ടും യാതൊരു തുടര്‍ നടപടിയും ഉണ്ടായിട്ടില്ല. ഇതോടെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ ഇറങ്ങിയത്. ജനകീയ കൂട്ടായ്മയില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം
കായംകുളം പട്ടണത്തിന്റെ പടിഞ്ഞാറൻ തീരവാസികൾക്ക് കൊല്ലം ഭാഗത്തേക്ക് പോകണമെങ്കിൽ ദേശീയ പാതയിലെ കുരുക്കിലൂടെ മാത്രമേ പോകാനാകൂ. പുതിയപാലം വന്നാല്‍ വലിയ മാറ്റമുണ്ടാകും. മുനമ്പേൽ കടവ് നിവാസികൾക്ക് ആലപ്പുഴ ഭാഗത്തേക്ക് എത്താനും എളുപ്പവഴിയാകും