കഞ്ചാവും മദ്യവും പിടിക്കാന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ഡോഗ് സ്ക്വാഡ് പ്രവര്‍ത്തനം തുടങ്ങി. പ്രത്യേക പരിശീലനം ലഭിച്ച ആറു നായകളെയാണ് വിയ്യൂര്‍ ജയില്‍ വളപ്പില്‍ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുള്ളത്.
ജയില്‍ വളപ്പില്‍ പരിശോധനകള്‍ക്കായി നായകളെ നിയോഗിക്കുന്നത് അപൂര്‍വമാണ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഈ അപൂര്‍വതയ്ക്കു സാഹചര്യം ഒരുക്കിയത് ജയില്‍ ഡി.ജി.പി.: ഋഷിരാജ്സിങ്ങാണ്. ജയിലിനുള്ളില്‍ നിന്ന് കഞ്ചാവും മദ്യവും തുരത്താനുള്ള അദ്ദേഹത്തിന്‍റെ ശ്രമമാണ് ഡോഗ് സ്ക്വാഡിലൂടെ യാഥാര്‍ഥ്യമാകുന്നത്. ആറു നായകളെ പ്രത്യേകം പരിശീലിപ്പിച്ചു. ജയിലിന് തൊട്ടപ്പുറത്ത് പൊതു റോഡായതിനാല്‍ കഞ്ചാവും മദ്യക്കുപ്പികളും അകത്തേയ്ക്ക് എറിയുന്നത് പതിവാണ്. തടവുകാര്‍ പിന്നീട്, ഇവ എടുത്തുമാറ്റും. ജയില്‍ വളപ്പില്‍ കൃത്യമായ ഇടവേളകളില്‍ നായകളെ പരിശോധനയ്ക്ക് ഇറക്കും. മദ്യവും കഞ്ചാവും മണത്തു കണ്ടുപിടിക്കാന്‍ ഈ നായകള്‍ക്കു കഴിയും.
ജയിലിനുള്ളില്‍ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ ദിവസവും പരിശോധനകളുണ്ട്. ആറു ഫോണും അഞ്ചു ബാറ്ററിയും കിട്ടിയിരുന്നു. ഇങ്ങനെ, നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കൂടി ഡോഗ് സ്ക്വാഡിന്റെ പ്രവര്‍ത്തനം ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് തുണയാകും. നിയമലംഘനങ്ങള്‍ ജയില്‍ ഡി.ജി.പി. കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ നടപടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ജയില്‍ ഉദ്യോഗസ്ഥര്‍ കനത്ത ജാഗ്രതയിലാണ്.