ഇടുക്കി തൊടുപുഴയിൽ നടക്കുന്ന എംജി സര്‍വകലാശാല കലോത്സവം ആര്‍ട്ടിക്കിള്‍-14ല്‍ തേവര എസ്എച്ച് കോളെജ് മുന്നിലെത്തി. എറണാകുളം മഹാരാജാസ് കൊളേജും വാശിയേറിയ മത്സരം കാഴ്ചവെച്ചു രണ്ടാം സ്ഥാനത്തുണ്ട്. കോൽക്കളി മത്സരത്തിൽ കൊളേജിന് പുറത്തുള്ളവരെ പങ്കെടുപ്പിച്ച പത്തനംതിട്ട കാതോലിക്കേറ്റ് കൊളേജ് ടീമിനെ മത്സരത്തിൽ അയോഗ്യരാക്കി.
ആകെയുള്ള 60 ഇനങ്ങളില്‍ 21 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 61 പോയിന്റ് നേടിയാണ് തേവര എസ് എച് കോളേജ് മുന്നിലെത്തിയത്. തൊട്ടുപിന്നിലായി 50 പോയിന്റുമായി എറണാകുളം മഹാരാജാസ് കൊളേജും രംഗത്തുണ്ട്.
29 പോയിന്റുമായി ആര്‍എല്‍വി കൊളേജ് ത്രിപ്പൂണിത്തുറ മൂന്നാം സ്ഥാനത്താണ്.മികച്ച മത്സരം കാഴ്ചവെക്കാൻ നൂറിലധികം മത്സരാർത്ഥികളുമായാണ് മഹാരാജാസ് കൊളെജ് കലോത്സവത്തിന് എത്തിയിരിക്കുന്നത്.
കോൽക്കളി മത്സരത്തിൽ നിന്നാണ് പത്തനംതിട്ട കാതോലിക്കേറ്റ് കൊളേജിനെ അയോഗ്യരാക്കിയത്. മത്സരത്തിൽ പങ്കെടുത്ത ടീമിൽ കൊളേജിനു പുറത്തുള്ള രണ്ടുപേരെ ഉൾപ്പെടുത്തിയത് സംഘടകസമിതി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇവർ ഐഡി കാർഡിൽ തിരിമറി നടത്തിയാണ് മത്സരത്തിൽ പങ്കെടുക്കാൻ ശ്രമിച്ചത്. കൊളേജിനെ ഈ കലോത്സവത്തിലും അടുത്ത കലോത്സവത്തിലും വിലക്കാൻ സാധ്യത ഉണ്ട്. ഇതുസംബന്ധിച്ചു അന്തിമ തീരുമാനം വൈസ് ചാൻസലർ ആണ് എടുക്കേണ്ടത് .