അതിരപ്പിള്ളി ജനവാസ മേഖലയില്‍ കാട്ടാനകളുടെ സാന്നിധ്യം തുടരുന്നു. അതിരപ്പിള്ളി പൊലീസ് സ്റ്റേഷനു സമീപം എത്തിയ കാട്ടാന തെങ്ങില്‍ നിന്ന് പട്ടയും ഇളനീരും അടര്‍ത്തി തിന്നാണ് മടങ്ങിയത്
കോതമംഗലം ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അതിരപ്പിള്ളി, പാലപ്പിള്ളി മേഖലയിലെ ജനങ്ങളുടെ നെഞ്ചിടിപ്പ് കൂടുകയാണ്. കാട്ടാനകളുടെ സാന്നിധ്യം ദിനംപ്രതി കൂടുന്നതാണ് പ്രശ്നം. അതിരപ്പിള്ളി, വെറ്റിലപ്പാറ, കൊന്നക്കുഴി മേഖലയില്‍ ഇന്നലെ രാത്രിയും കാട്ടാനകളെത്തി. ജനവാസ കേന്ദ്രത്തോടു ചേര്‍ന്ന എണ്ണപ്പന തോട്ടത്തിലും ആനകള്‍ നിലയുറപ്പിച്ചിരുന്നു.
രാപകല്‍ വ്യത്യാസമില്ലാതെയാണ് കാട്ടാനകളുടെ വരവ്. ആനത്താരയോട് ചേര്‍ന്നു കിടക്കുന്ന അതിരപ്പിള്ളി പൊലീസ് സ്റ്റേഷന്‍ കാട്ടാന ആക്രമണ ഭീഷണി നേരിടുന്നുണ്ട്. ദിവസവും സ്റ്റേഷനോട് ചേര്‍ന്ന് ആന വരുന്നുണ്ട്. തെങ്ങില്‍ നിന്ന് പട്ടയും ഇളനീരും അകത്താക്കിയാണ് ആനകള്‍ മടങ്ങുന്നത്. സ്ഥിരമായി വരുന്ന ആനയെ ഏഴാറ്റുമുഖം ഗണപതിയെന്നാണ് നാട്ടുകാര്‍ പേരിട്ടിരിക്കുന്നത്. ഇതിനിടെ, പാലപ്പിള്ളിയില്‍ പുലിയിറങ്ങിയെന്ന അഭ്യൂഹം നാട്ടുകാരെ ഭീതിയിലാക്കി. പുലിയുടെ സാന്നിധ്യം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇനിയും സ്ഥിരീകരിച്ചിട്ടില്ല.