syro malabar

ഏകീകൃത കുർബാന സംബന്ധിച്ച തർക്കത്തിൽ സർക്കാർ മധ്യസ്ഥത വേണ്ടെന്ന് സിറോ മലബാർ സഭ. വിശ്വാസപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടനപ്രകാരം സഭക്കുണ്ട്. മധ്യസ്ഥ ശ്രമത്തിന് സർക്കാരിനെ നിർബന്ധിക്കരുതെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സിറോ മലബാർ സഭ ആവശ്യപ്പെട്ടു.

ഏകികൃത കുർബാന സംബന്ധിച്ച തർക്കത്തിന്റെ പേരിൽ അടച്ചിട്ട എറണാകുളം സെന്റ് മേരീസ് ബസലിക്ക തുറക്കണമെന്നും, തർക്കം പരിഹരിക്കാൻ മധ്യസ്ഥ ശ്രമം നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സിറോ മലബാർ സഭ സത്യവാങ്മൂലം സമർപ്പിച്ചത്. ഹർജി നിലനിൽക്കുന്നതല്ലെന്നാണ് സഭയുടെ നിലപാട്. സഭയിലെ തർക്കങ്ങളിൽ സംസ്ഥാന സർക്കാരിനോ, ചീഫ് സെക്രട്ടറിക്കോ മധ്യസ്ഥ വഹിക്കേണ്ട നിയമപരമായ ചുമതലയില്ല. ഏകീകൃത കുർബാന സംബന്ധിച്ച തീരുമാനം സിനഡ് ഏകകണ്ഠമായി കൈക്കൊണ്ടതാണ്. സഭയിലെ 35 രൂപതകളിൽ മുപ്പത്തിനാലും തീരുമാനം നടപ്പാക്കി. എറണാകുളം അങ്കമാലി അതിരൂപതയിലെ ചില ഇടവകകൾ മാത്രമാണ് തീരുമാനം നടപ്പാക്കാത്തത്. ഭരണഘടനയുടെ ഇരുപത്തിയാറാം അനുഛേദപ്രകാരം വിശ്വാസപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം സഭക്കുണ്ട്. മധ്യസ്ഥ ശ്രമത്തിന് സർക്കാരിനെയും ഹർജിയിലെ കക്ഷികളെയും കോടതി നിർബന്ധിക്കരുത്. ക്രമസമാധാനം നിലനിർത്തുന്നതിനുള്ള സർക്കാരിന്റെ നടപടികളോട് സഭയ്ക്ക് എതിർപ്പില്ല. എന്നാൽ ക്രമസമാധാന പാലനത്തിന്റെ മറവിൽ സിനഡ് തീരുമാനിച്ച, മാർപാപ്പ അംഗീകരിച്ച വിശ്വാസപരമായ തീരുമാനം മധ്യസ്ഥതയുടെയോ, കൂടിയാലോചനയുടെയോ ഭാഗമാക്കരുതെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു

Syro-Malabar Church rejects government intervention in dispute over unified Mass