TAGS

പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ ഫോർട്ടുകൊച്ചിയിൽ നട്ടംതിരിഞ്ഞ് വിനോദസഞ്ചാരികൾ. ഓഖിയിൽ തകർന്ന മഹാത്മാഗാന്ധി കടപ്പുറത്തെ ശുചിമുറികൾ ഇതുവരെ നവീകരിച്ചില്ല. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതികൾ കടലാസിൽ മാത്രം ഒതുങ്ങുമ്പോൾ, ഫോർട്ട് കൊച്ചിയുടെ പ്രൗഢി കേട്ടുവന്ന സഞ്ചാരികളാണ് ദുരിതത്തിലാകുന്നത്.

ഒന്നര കിലോമീറ്റർ നടന്നു വേണം മഹാത്മാഗാന്ധി കടപ്പുറത്ത് എത്തുന്ന സന്ദർശകർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ. നിലവിലുള്ള ശുചിമുറികൾ തകർന്നടിഞ്ഞ് മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കെട്ടിടമായതിനാൽ സാമൂഹ്യവിരുദ്ധരുടെ താവളവുമാണ്. മദ്യക്കുപ്പികളും പുകയില ഉത്പന്നങ്ങളും ചിതറി കിടക്കുന്നു. ശുചിമുറി എവിടെയെന്ന് ചോദിച്ച് എത്തുന്നവർക്ക് നേരെ കൊഞ്ഞനം കുത്തുന്നുണ്ട് ഈ കെട്ടിടം.

ബീച്ചിന്റെ സൗന്ദര്യവൽക്കരണത്തിനും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും സ്മാർട്ട് സിറ്റി മിഷൻ ഉൾപ്പെടെ പദ്ധതികൾ തയ്യാറാക്കിയതാണ്. എല്ലാം കടലാസിൽ ഒതുങ്ങിയെന്ന് മാത്രം. ശുചിമുറികൾ വേണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. ഇനിയും ഇത് ഗൗരവമായി കണ്ടില്ലെങ്കിൽ, ലോക ടൂറിസം ഭൂപടത്തിൽ തന്നെ സ്ഥാനമുള്ള ഫോർട്ട് കൊച്ചിക്ക് ഉണ്ടാകാൻ പോകുന്ന നാണക്കേട് ചെറുതല്ല.

Poorly maintained public toilets of Fort Kochi