വൈക്കത്തഷ്ടമിക്കായി നട തുറന്നു. ദീപപ്രഭയിൽ തിളങ്ങുന്ന വൈക്കം മഹാദേവ ക്ഷേത്രത്തിലേക്ക് അഷ്ടമി ദർശനത്തിനായി ആയിരങ്ങൾ എത്തി. രാത്രിയിൽ നടക്കുന്ന അഷ്ടമി വിളക്കിലേക്കും വൻ ഭക്തജന തിരക്ക് ഉണ്ടാകും. ഇന്നലെ രാത്രി മുതൽ വിളക്ക് തൊഴുത് കാത്തു നിന്നവർക്ക് അനുഗ്രഹമായി ഇന്ന് പുലർച്ചെ നാലര മുതലായിരുന്നു ദർശനം. നാലര മുതൽ ഭക്തരെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങി..അന്തരീക്ഷം പഞ്ചകീർത്തനാലാപനത്താൽ മുഖരിതം. 

വൃശ്ചിക മാസം കറുത്തപക്ഷത്തിലെ അഷ്ടമിദിനത്തിൽ  വ്യാഘ്രപാദ മഹർഷിക്ക് ഭഗവാൻ കിഴക്കേ ആൽത്തറയിൽ ദർശനം നൽകിയെന്നാണ് വിശ്വാസം. പുണ്യ ദർശനത്തിനായി ആയിരങ്ങളാണ് വർഷംതോറും അഷ്ടമി ദിനത്തിൽ വൈക്കം ക്ഷേത്രത്തിൽ എത്തുന്നത്.ദേശത്തെ ഒമ്പത് ദേവീ ദേവൻമാർ ഒന്നിച്ചെഴുന്നള്ളുന്ന അഷ്ടമി വിളക്കിന്റെ അപൂർവ്വ രാത്രി കാഴ്ചയും ഇന്ന് നടക്കും.  ആറാട്ടോടെ 12 ദിനരാത്രങ്ങളുടെ ഉത്സവത്തിന് സമാപനമാവും. വൈക്കത്ത് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.