തൃശൂർ മാളയിലെ സബ് ട്രഷറിയെ രാഷ്ട്രീയ ഗൂഡാലോചനയിൽ അട്ടിമറിക്കുന്നുവെന്ന് പരാതി. 1.14 കോടി രൂപ ചെലവഴിച്ചു കെട്ടിടം നിർമിച്ചിട്ടും ട്രഷറി പ്രവർത്തനം തുടങ്ങിയില്ല. ട്രഷറിക്ക് വേണ്ടി സൗജന്യമായി ഭൂമി നൽകിയ കുടുംബം 18 വർഷമായി കോടതി കയറിയിറങ്ങുകയാണ്.
2013 ലാണ് മാളയിൽ ഒരു കോടി പതിനാല് ലക്ഷം രൂപ ചെലവഴിച്ച് സബ് ട്രഷറി കെട്ടിടം നിർമിച്ചത്. മാള സ്വദേശി ടി എ ജോസഫ് സൗജന്യമായി നൽകിയ സ്ഥലത്തായിരുന്നു നിർമാണം. കൊരട്ടിക്കടുത്ത് അന്നമനടയിലെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ട്രഷറി മാളയിലേക്ക് മാറ്റാൻ തീരുമാനമുണ്ടായിരുന്നു. എന്നാൽ രാഷ്ട്രീയ ഗൂഡാലോചനയിൽ ട്രഷറിയെ അട്ടിമറിക്കുന്നുവെന്നാണ് പരാതി
2003 ൽ സ്ഥലം കൈമാറിയെങ്കിലും 2013 ലാണ് കെട്ടിടം നിർമിച്ചത്. സ്ഥലമുടമ ജോസഫ് നടത്തിയ നിയമ യുദ്ധത്തിനൊടുവിലായിരുന്നു നിർമാണം. അതിനിടയിൽ എംഎൽഎ അടക്കമുള്ളവർ കെട്ടിട നിർമാണത്തിന് വിലങ്ങു തടിയായെന്ന് ആരോപണമുണ്ട്. 2015 ൽ ട്രഷറി ഉദ്ഘാടനം ചെയ്തു പ്രവർത്തനം തുടങ്ങിയെങ്കിലും 2018 ലെ പ്രളയത്തിൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചെന്നറിയിച്ച് അട്ടിമറി തുടർന്നെന്നും പരാതി.
പതിനെട്ട് വർഷം കോടതിയെ സമീപിച്ചാണ് ജോസഫ് ട്രഷറിയെ പ്രവർത്തനത്തിലെത്തിച്ചത്. ജോസഫ് മരണപ്പെട്ടതോടെ ട്രഷറി മാളയിൽ തന്നെ നിലനിർത്താൻ മകൻ ഷാന്‍റിയും നിയമ പോരാട്ടത്തിലാണ്. നവകേരള സദസിൽ ഇതുമായി ബന്ധപ്പെട്ട പരാതിയും സമർപ്പിച്ചിട്ടുണ്ട്.
Complaint that sub-treasury in Thrissur Mala is being sabotaged