ചെല്ലാനം ഹാര്‍ബറില്‍ അടുക്കുന്ന പരമ്പരാഗത യാനങ്ങള്‍ക്കും ടോള്‍ ഏര്‍പ്പെടുത്തി ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം. ഈ മാസം മുതല്‍ നടപ്പിലാക്കിയ പുതിയ പരിഷ്കാരത്തിനെതിരെ ശക്തമായി ചെറുത്തു നില്‍ക്കുകയാണ് ചെല്ലാനത്തെ മത്സ്യത്തൊഴിലാളികള്‍. മത്സ്യത്തൊഴിലാളികളെ കൊള്ളയടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം പിന്‍മാറും വരെ സമരവുമായി മുന്നോട്ട് പോകാനാണ് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍റെ തീരുമാനം.
പത്ത് മണിക്കൂറിലേറെ കടലില്‍ കഴിഞ്ഞിട്ട് ഇന്ധനകാശിന് ചെലവാക്കിയ പണത്തിനുള്ള മീന്‍ പോലുമില്ലാതെയാണ് പല ദിവസങ്ങളിലും പരമ്പരാഗതയാനങ്ങളില്‍ മീന്‍ പിടിത്തതിന് പോകുന്നവരുടെ മടക്കം. അര്‍ധ പട്ടിണിക്കാരായ ഈ തൊഴിലാളികളടക്കമാണ് ചെല്ലാനം ഫിഷിങ് ഹാര്‍ബറില്‍ വള്ളമടുപ്പിക്കാന്‍ ടോള്‍ നല്‍കേണ്ടത്. ഹാര്‍ബറില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ടോളാണ് ഈ മാസം മുതല്‍ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങള്‍ക്കും ബാധകമാക്കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മാണം ആരംഭിച്ച ഹാര്‍ബറില്‍ അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഏര്‍പ്പെടുത്തിയിട്ടില്ല. അശാസ്ത്രീയമായി നിര്‍മിച്ച ഫിഷ് ലാന്‍ഡിങ് സെന്ററിലേക്ക് ബോട്ടുകള്‍ അടുപ്പിക്കാനും സാധിക്കില്ല. ഇതിനെല്ലാം പുറമെ ഹാര്‍ബര്‍ കമ്മിഷനും ചെയ്തിട്ടില്ല.
ബ്രേക്ക് വാട്ടര്‍ പദ്ധതി പ്രകാരം നിര്‍മിച്ച ഹാര്‍ബറുകളിലൊന്നിലും നിലവില്‍ ടോള്‍ പിരിവില്ല. ചെല്ലാനത്ത് തുടങ്ങിയ ടോള്‍ പിരിവ് ഉടന്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ഹാര്‍ബര്‍ എന്‍ജിനീയറില്‍ വിഭാഗത്തിന്റെ നീക്കമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആക്ഷേപം. പതിനായിരത്തിലേറെ വരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് ഹാര്‍ബറിനെ ആശ്രയിക്കുന്നത്. ടോള് പിരിവിനെതിരെ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ അനിശ്ചിതകാല സമരം ആരംഭിച്ചതോടെ ഹാര്‍ബറിന്റെ പ്രവര്‍ത്തനവും സ്തംഭിച്ചിരിക്കുകയാണ്.