ഒന്നാം പിറന്നാളിന്‍റെ തിളക്കത്തിലാണ് കൊച്ചിയിലെ ഷീ ലോഡ്ജ്. നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം ഒരുക്കുന്ന ഷീ ലോഡ്ജിന് വലിയ സ്വീകര്യതയാണ് ഇതുവരെ ലഭിച്ചത്. 39 ലക്ഷം രൂപ ലാഭവും ഒരു വർഷം കൊണ്ട് ലഭിച്ചു.
ഒരു രാത്രി സുരക്ഷിതമായി കഴിച്ചുകൂട്ടാൻ ഹോട്ടൽ മുറിക്കായി പണമേറെ ചെലവാക്കേണ്ട സാഹചര്യം നിലനിൽക്കുമ്പോഴാണ് ഷീ ലോഡ്ജ് കൊച്ചിയിൽ പ്രവർത്തനം ആരംഭിക്കുന്നത്. ഇതോടെ സീൻ മാറി. നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിതമായി കഴിയാൻ താവളമൊരുങ്ങിയതോടെ ഷീ ലോഡ്ജിന് ലഭിച്ചത് അമ്പരപ്പിക്കുന്ന സ്വീകാര്യതയാണ്. പ്രവർത്തനമാരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ 51.60 ലക്ഷം രൂപയാണ് ഇവിടെ നിന്നുള്ള വരുമാനം. നടത്തിപ്പിന് ചിലവായത് 12.53 ലക്ഷം മാത്രം. 39 ലക്ഷം രൂപ ലാഭം നേടാനായത് തന്നെ സ്ത്രീകൾ എത്രമാത്രം പദ്ധതിയെ ഏറ്റെടുത്തു എന്നതിന്‍റെ തെളിവാണ്.
ജനങ്ങൾ പ്രതീക്ഷിക്കുന്ന രീതിയിൽ പദ്ധതി നടത്തിക്കൊണ്ട് പോകാൻ കഴിയുന്നത് അഭിമാന നേട്ടമാണെന്ന് വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് മന്ത്രി പി.രാജീവ് പറഞ്ഞു. ഒരേ സമയം 192 പേർക്ക് ഇവിടെ താമസിക്കാം. 100 രൂപയാണ് ഡോര്‍മെറ്ററിയുടെ ഒരു ദിവസത്തെ വാടക. സിംഗിള്‍ റൂമിന് 200 രൂപയും ഡബിള്‍ റൂമിന് 350 രൂപയുമാണ് ഈടാക്കുന്നത്. സൗത്ത് റെയിൽവെ സ്റ്റേഷന് സമീപം മറ്റൊരു ഷീ ലോഡ്ജ് കൂടി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.