ഇടുക്കി മൂന്നാറിലെത്തുന്ന സഞ്ചാരികൾ കുറഞ്ഞ ചെലവിൽ ഭക്ഷണത്തിന് ആശ്രയിച്ചിരുന്ന കുടുംബശ്രീയുടെ പിങ്ക് കഫേക്ക് പൂട്ടു വീണു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ രൂപാന്തരം വരുത്തിയ ബസിൽ പ്രവർത്തിച്ചിരുന്ന കഫേക്ക് പൂട്ട് വീണത്തോടെ ജീവനക്കാരും ദുരിതത്തിലാണ്.
ആഘോഷമായി പ്രവർത്തനം തുടങ്ങിയ മൂന്നാർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലെ പിങ്ക് കഫേ യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും ഇഷ്ട കേന്ദ്രമായിരുന്നു. ഡിപ്പോയിലെ കാന്‍റീന്‍ മാസങ്ങളായി പ്രവർത്തിക്കാതിരുന്ന സാഹചര്യത്തിൽ കുടുംബശ്രീക്കാരുടെ കഫേ ആയിരുന്നു ഏവരുടെയും ആശ്രയം. അതിനും പൂട്ട് വീണതോടെ ഭക്ഷണത്തിനും വെള്ളത്തിനും മറ്റിടങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ദേവികുളം ബ്ലോക്കിലെ കുടുംബശ്രീ അംഗങ്ങൾക്കായിരുന്നു നടത്തിപ്പ് ചുമതല. നല്ല നിലയിൽ പ്രവർത്തിച്ചുപോന്ന സംരംഭത്തെ അമിത വാടകയും കുടിവെള്ള ക്ഷാമവുമാണ് താളം തെറ്റിച്ചത്. നവകേരള സദസിൽ അപേക്ഷ വെച്ചെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല. പ്രതിസന്ധികൾക്ക് പരിഹാരം കണ്ട് കഫേ തുറന്നു പ്രവർത്തിക്കാനുള്ള സാഹചര്യമൊരുക്കണം എന്നാണ് നടത്തിപ്പുകാരുടെ ആവശ്യം.